ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, അപകടം നടന്ന് 150 മണിക്കൂറിലേറെ പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തതോടെ ഇവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്.
തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഡ്രില്ലിങ് മെഷീന്‍റെ തകരാർ രക്ഷാപ്രവർത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസം പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ, തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടർന്ന് ഇത് നിർത്തി.
60 മീറ്റർ ഉള്ളിലായാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് സമാന്തര തുരങ്കമുണ്ടാക്കി ഇതിലൂടെ 900 മില്ലിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള 10 ഇരുമ്പ് പൈപ്പുകൾ കടത്തി രക്ഷാപാതയൊരുക്കുകയായിരുന്നു പദ്ധതി. ഇത് വിജയിക്കാത്ത പശ്ചാത്തലത്തിൽ മുകളിൽ നിന്നും കുഴിയെടുത്ത് രക്ഷാപ്രവർത്തനം നടത്താനും പദ്ധതിയുണ്ട്.
തൊഴിലാളികൾ കുടുങ്ങിയതിന് മുകളിലായി ഒരു സ്ഥലം അടയാളപ്പെടുത്തിയെന്നും ഇവിടെ കുഴിയെടുത്ത് രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യത തേടുകയാണെന്നും ഉത്തരകാശി ഡി.എഫ്.ഒ ഡി.പി. ബലൂനി പറഞ്ഞു. 350 അടി ആഴത്തിലാണ് കുഴിയെടുക്കേണ്ടത്. സമാന്തരമായി തുരങ്കമുണ്ടാക്കുന്ന പ്രവൃത്തിയും തുടരും -അദ്ദേഹം വ്യക്തമാക്കി.
നവംബർ 12നാണ് നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. ഇവരെ പുറത്ത് നിന്ന് ബന്ധപ്പെടാൻ സാധിച്ചിരുന്നു. പൈപ്പ് വഴി ഓക്സിജനും ഭക്ഷണവും വെള്ളവും ഉൾപ്പെടെ തൊഴിലാളികൾക്ക് നൽകുന്നുണ്ട്. കുടുംബവുമായി സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.