ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന പരാതികളിൽ പുരുഷൻമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുന്ന പ്രവണത വർധിക്കുന്നതിൽ ആശങ്കയുമായി സുപ്രീം കോടതി. ഒമ്പത് വർഷം ബന്ധം പുലർത്തിയ ശേഷം പങ്കാളിയുടെ പരാതിയിൽ പുരുഷനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.വി നാഗരത്‌നയും എൻ. കോടീശ്വർ സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
‘ഏറെക്കാലമായി തുടരുന്ന പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമായ പ്രവണതയാണെന്ന് ഈ കോടതി തീർപ്പാക്കിയ നിരവധി കേസുകളിൽ നിന്ന് വ്യക്തമാണ്. ദീർഘകാലം നീണ്ടുനിന്ന ശാരീരിക ബന്ധങ്ങളിൽ ഏറെവൈകിയ ഘട്ടത്തിൽ ക്രിമിനൽനിയമം ചുമത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.ഇത്തരം ആരോപണം ഉന്നയിച്ച് വ്യക്തികളെ നിയമനടപടികളിലേക്ക് വലിച്ചിഴക്കാമെന്നത് ദീർഘകാല ബന്ധങ്ങളിൽ പിന്നീട് ക്രിമിനൽ കുറ്റം ചുമത്താനുള്ള സാധ്യത തുറക്കും. ബന്ധം വഷളാകുമ്പോൾ ക്രിമിനൽ കുറ്റം ആരോപിക്കുന്നത് അപകടകരമാണ്, കോടതികളും ഇക്കാര്യം ശ്രദ്ധിക്കണം’ -സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയിലും ഇതേ ബെഞ്ച് സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 420 (വഞ്ചന), 504 (മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം തനിക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട റിട്ട് ഹർജി ബോംബെ ഹൈകോടതി തള്ളിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ദശാബ്ദത്തോളമായി വിവാഹവാഗ്ദാനം നൽകി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ, തങ്ങൾ തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും ആരോപണങ്ങൾ തെറ്റാണെന്നും പരാതിക്കാരിക്ക് സാമ്പത്തിക സഹായം നൽകുന്നത് താൻ നിർത്തിയ ശേഷമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും ഹരജിക്കാരൻ വാദിച്ചു. വ്യാജ വിവാഹ വാഗ്ദാനത്തിന്റെ മറവിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന പരാതിക്കാരിയുടെ വാദം കോടതി തള്ളുകയും പരാതിക്കാരനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
എതിർപ്പും കൂടാതെ ദശാബ്ദക്കാലം നിലനിന്നിരുന്ന ശാരീരികബന്ധം, ഉഭയസമ്മതത്തോടെയുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. വെറും വിവാഹ വാഗ്ദാനത്തിൽ ഒമ്പത് വർഷത്തോളം ബന്ധം തുടരുക എന്നത് വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.