പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോൾ സ്റ്റാഫിന് സംശയം; 'ഡിജിറ്റൽ അറസ്റ്റി'ൽ നിന്ന് 61കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, തട്ടിപ്പുകാർ ആവശ്യപ്പെട്ടത് 13 ലക്ഷം

ഹൈദരാബാദ്: 'ഡിജിറ്റൽ അറസ്റ്റ്' എന്ന തട്ടിപ്പുരീതിയിലൂടെ രാജ്യമെമ്പാടും നിരവധിയാളുകൾക്കാണ് വൻ തുകകൾ നഷ്ടമാകുന്നത്. അനുദിനം ഇത്തരം തട്ടിപ്പിന്‍റെ വാർത്തകൾ പുറത്തുവരികയാണ്. അതിനിടെ, ഹൈദരാബാദിൽ ബാങ്ക് ജീവനക്കാരിയുടെ ജാഗ്രതയിൽ 61കാരൻ 13 ലക്ഷത്തിന്‍റെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകാരുടെ നീക്കം.

ശിശുരോഗ വിദഗ്ധനായ 61കാരനാണ് തട്ടിപ്പുകാരുടെ വലയിൽപെട്ടത്. ഇദ്ദേഹത്തിന് മേൽ പല കുറ്റങ്ങൾ ചുമത്തി തട്ടിപ്പുകാർ 'ഡിജിറ്റൽ അറസ്റ്റി'ലാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇടപാടുകൾ പരിശോധിക്കാൻ 13 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനായിരുന്നു നിർദേശം. ഇക്കാര്യം പുറത്ത് ആരോടും പറയരുതെന്നും നിർദേശിച്ചു.

ഇതനുസരിച്ച് 61കാരൻ പണം പിൻവലിക്കാൻ എസ്.ബി.ഐയുടെ ഹൈദരാബാദിലെ എ.സി ഗാർഡ്സ് ബ്രാഞ്ചിലെത്തി. വർഷങ്ങളായി ഇദ്ദേഹത്തിന് ഇവിടെയാണ് അക്കൗണ്ടുള്ളത്. തന്‍റെ ഫിക്സഡ് അക്കൗണ്ടിൽ നിന്ന് 13 ലക്ഷം പിൻവലിക്കാൻ ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ബാങ്ക് ജീവനക്കാരിയായ സൂര്യ സ്വാതിക്ക് ഇദ്ദേഹത്തിന്‍റെ പരിഭ്രമവും പിൻവലിക്കാനാവശ്യപ്പെട്ട വൻ തുകയും കണ്ട് സംശയം തോന്നി. ചോദിച്ചപ്പോൾ വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്നായിരുന്നു മറുപടി. ഇതിൽ തൃപ്തിയാവാത്ത ജീവനക്കാരി ഇദ്ദേഹത്തെ മാനേജരുടെ മുന്നിൽ കൊണ്ടുപോയി. മാനേജർ തിരക്കിയപ്പോൾ വസ്തു വാങ്ങാനാണ് പണം പിൻവലിക്കുന്നത് എന്നായിരുന്നു മറുപടി. എന്താണ്, എവിടെയാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ 61കാരന് കഴിഞ്ഞില്ല.

സംശയം തോന്നിയതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ കുടുംബാംഗങ്ങളെ ആരെയെങ്കിലും കൂട്ടിവരാൻ നിർദേശിച്ച് അദ്ദേഹത്തെ മടക്കിയയച്ചു. മൂന്ന് ദിവസത്തേക്ക് ഇവർ പണം പിൻവലിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. 61കാരൻ വീണ്ടും ബാങ്കിലെത്തി മറ്റൊരു ജീവനക്കാരനെ പണം പിൻവലിക്കാൻ സമീപിച്ചു. എന്നാൽ, ഇദ്ദേഹത്തിന്‍റെ കാര്യത്തിൽ എല്ലാ ജീവനക്കാർക്കും ബാങ്ക് നിർദേശം നൽകിയതിനാൽ പിൻവലിക്കാനായില്ല. മൂന്നാംതണയും 61കാരൻ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടപ്പോൾ സ്വാതി സൂര്യ ഇദ്ദേഹത്തിന് സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ കാണിച്ചുകൊടുത്തു. സൈബർ ക്രൈമുകൾ എന്തെങ്കിലും നടന്നാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും പറഞ്ഞു. ഈ നമ്പറിൽ വിളിച്ചപ്പോഴാണ് ഇദ്ദേഹം തന്നെ 'ഡിജിറ്റൽ അറസ്റ്റി'ലാക്കിയിരിക്കുകയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. ഡിജിറ്റൽ അറസ്റ്റ് എന്നത് തട്ടിപ്പാണെന്നും പണം ട്രാൻസ്ഫർ ചെയ്യരുതെന്നും ഇദ്ദേഹത്തിന് ബോധ്യമായി. ഈ മൂന്ന് ദിവസങ്ങളിലും തട്ടിപ്പുകാർ തന്നെ മാനസികമായി പീഡിപ്പിക്കുകയും പണം പിൻവലിക്കാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് 61കാരൻ പറഞ്ഞു.

എന്താണ് ഡിജിറ്റൽ അറസ്റ്റ്

തട്ടിപ്പുസംഘങ്ങൾ ഇപ്പോഴുപയോഗിക്കുന്ന ഒരു കെണിയാണ് ഈ ഡിജിറ്റൽ അറസ്റ്റ്. വ്യക്തികളെ തട്ടിപ്പ് കേസിൽ അകപ്പെട്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ളതാണ് ഇത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദം, വീഡിയോ കോൾ വഴി അന്വേഷണ ഏജൻസിയിൽ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിക്കുക. പിന്നീട് ആധാറും ഫോൺ ന്പറും ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നും പ്രതികളിലൊരാളാണെന്നും പറഞ്ഞ് ഭയപ്പെടുത്തും. വ്യക്തിയോട് വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ട് മണിക്കൂറകളോളം തടഞ്ഞുവെക്കും. ഇതാണ് ഡിജിറ്റൽ അറസ്റ്റ്. ഇങ്ങനെ വീഡിയോ കോളിൽ തുടരുമ്പോൾ മാനസിക സമ്മർദ്ദത്തിന് കീഴ്പ്പെടുന്ന വ്യക്തിയോട് കേസ് ഒഴിവാക്കി തരണമെങ്കിൽ പണം നൽകണമെന്ന് വളരെ സ്വാഭാവികമെന്നോം സൂചിപ്പിക്കും. ചിലർ ഭയന്ന് പണം നൽകും. പണം ലഭിക്കുന്നത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ ഇത്തം സംഘങ്ങൾക്ക് പ്രോത്സാഹനവുമാണ്.

നാർക്കോടിക്സ് ഉൽപ്പന്നങ്ങൾ അടങ്ങിയ പാർസൽ ലഭിച്ചു, വ്യാജ പാസ്പോർട്ട് ലഭിച്ചു തുടങ്ങി പല കഥകളും മെനഞ്ഞാണ് തട്ടിപ്പുകാർ ഓരോരുത്തരെയും വിളിക്കുന്നത്. എന്നാൽ ഈ ചതിക്കുഴികളെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് ആദ്യമേ മനസിലാക്കി വെക്കുക. അപ്രതീക്ഷിതമായി രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ഫോൺ കോൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രം ഇടപെടുക. കേസെന്നും അറസ്റ്റെന്നും പറയുന്നത് കേട്ട് ആ സമയത്ത് യാതൊരു കാരണവശാലും ഭയപ്പെടരുത്. വിവേകത്തോടെ ചിന്തിച്ച് മാത്രം മറുപടി നൽകുക. വ്യക്തി വിവരങ്ങൾ ഒന്നും തന്നെ കൈമാറാതിരിക്കുക. പ്രത്യേകിച്ച് ആധാർ കാർഡ് നമ്പർ, പാൻ കാർഡ് പോലുള്ള വിവരങ്ങൾ. പണം യാതൊരു കാരണവശാലും നൽകരുത്. സംശയം തോന്നുന്ന ഇത്തരം കോളുകൾ അപ്പോൾ തന്നെ പൊലീസിനെയോ മറ്റ് ഏജൻസികളെയോ വിളിച്ച് അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും 1930 എന്ന നമ്പറിലും വിളിച്ച് ഏത് സമയത്തും വിവരങ്ങൾ കൈമാറാവുന്നതാണ്.

Tags:    
News Summary - Alert SBI Staff Save Senior Citizen From 13-Lakh 'Digital Arrest' Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.