ബിജാപൂര്‍: ക്രിസ്ത്യന്‍ വൈദികനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ സംഘമെന്ന് വെളിപ്പെടുത്തൽ. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ മുഖപത്രമാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ പുറത്തുവിട്ടത്.
ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ അംഗംപള്ളി ഗ്രാമത്തിൽ യാലം ശങ്കര്‍ (50) എന്ന ക്രിസ്ത്യന്‍ വൈദികനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി വലിച്ചിഴച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും പേരക്കുട്ടികളുമൊത്ത് കഴിയുന്നതിനിടെയാണ് അക്രമം. ക്രിസ്തുമത വിശ്വാസം പ്രചരിപിച്ചാൽ കൊല്ലുമെന്ന് കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തീവ്ര ഹിന്ദുത്വ സംഘടനക്കാർ പാസ്റ്റര്‍ യാലം ശങ്കറിനെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
അംഗംപള്ളിയിലെ ബി.സി.എം (ബസ്തര്‍ ഫോര്‍ ക്രൈസ്റ്റ് മൂവ്‌മെന്റ്) പള്ളിയിലെ മുതിർന്ന വൈദികനാണ് പാസ്റ്റര്‍ ശങ്കര്‍. ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് കൂടിയാണ് ഇദ്ദേഹം. ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ശങ്കറിനെ തീവ്ര ഹിന്ദുത്വ സംഘങ്ങൾ ഇടക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി പേരുവെളിപ്പെടുത്താത്ത പ്രദേശവാസി പറഞ്ഞു. ഹിന്ദുത്വവാദികളിൽ നിന്ന് പ്രദേശത്തെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നുവെന്ന് ക്രിസ്ത്യന്‍ കണ്‍സേണ്‍ മുഖപത്രം റിപ്പോര്‍ട്ട് ചെയ്തു.
'പ്രദേശത്തെ ക്രിസ്ത്യാനികള്‍ തീവ്ര ഹിന്ദുത്വവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. തീവ്ര ഹിന്ദു ദേശീയവാദികളില്‍ നിന്ന് ക്രിസ്ത്യാനികളെ പാസ്റ്റര്‍ ശങ്കര്‍ പലതവണ സംരക്ഷിച്ചു. അത് കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാം'. പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത പ്രദേശവാസി പറഞ്ഞു. കൊലപാതകത്തെ തുടർന്ന് കുടുംബവും പ്രദേശത്തെ ക്രിസ്ത്യന്‍ സമൂഹവും പരിഭ്രാന്തിയിലാണ്. വലതുപക്ഷ സംഘടനകളുടെയും അവരുടെ രാഷ്ട്രീയ നേതാക്കളുടെയും വിദ്വേഷ പ്രസംഗത്തെത്തുടര്‍ന്ന് ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഡനം നേരിടുകയാണെന്നും ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.