ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയില്ലാതെ ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഹുബ്ബള്ളിയിൽ. രണ്ടു ദിവസത്തെ യോഗത്തിൽ മുതിർന്ന നേതാക്കൾ, എം.പിമാർ, കേന്ദ്ര- സംസ്ഥാന മന്ത്രിമാരടക്കം പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ഭരണം, പാർട്ടി കെട്ടിപ്പടുക്കൽ, സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവ വിലയിരുത്തുന്നതാകും യോഗം.
എന്നാൽ, യെദ്യൂരപ്പയുടെ വിട്ടുനിൽക്കലാണ് ആദ്യദിനമായ ചൊവ്വാഴ്ചയിലെ പ്രധാന ചർച്ച. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ശേഷം ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുകയും ചെയ്തശേഷം നടത്തുന്ന ആദ്യ ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണിത്. യെദ്യൂരപ്പക്കൊപ്പം മകനും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ബി.വൈ. വിജയേന്ദ്രയും യോഗത്തിൽനിന്ന് വിട്ടുനിന്നു.
അതേസമയം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇരുവരും യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്നാരായണൻ പ്രതികരിച്ചു.
എന്നാൽ, ദുബൈയിൽ വർഷാവസാന അവധി ആഘോഷത്തിലാണ് മുതിർന്ന ബി.ജെ.പി നേതാവും കുടുംബവും. ദുബൈ എക്സ്പോയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ യെദ്യൂരപ്പ ട്വിറ്ററിൽ പങ്കുവെച്ചു. ആഗസ്റ്റിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ദിവസങ്ങൾക്കകം മാലദ്വീപിൽ കുടുംബവുമായി സന്ദർശനം നടത്തിയിരുന്നു അദ്ദേഹം.
'കുടുംബവുമായി അവധി ആഘോഷത്തിലാണ് അദ്ദേഹം. മുൻകൂട്ടി നിശ്ചയിച്ച യാത്ര റദ്ദാക്കാൻ യെദ്യൂരപ്പക്ക് മറ്റു കാരണങ്ങളൊന്നുമില്ല. കൂടാതെ പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് സംഭാവന ചെയ്യാനും അദ്ദേഹത്തിന് ഒന്നുമില്ല' -യെദ്യൂരപ്പയുടെ അടുത്ത അനുയായി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ബുധനാഴ്ച യെദ്യൂരപ്പ ദുബൈയിൽനിന്ന് കർണാടകയിൽ തിരിച്ചെത്തും. എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയാണ് സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.