മുംബൈ: സ്ത്രീ വിരുദ്ധ പരാമർശത്തിൽ യോഗ ഗുരുവും ഹിന്ദുത്വ നേതാവുമായ ബാബ രാംദേവ് മാപ്പ് പറഞ്ഞു. വസ്ത്രമില്ലെങ്കിലും സ്ത്രീകളെ കാണാൻ സുന്ദരികളാണെന്ന് താനെയിലെ ഒരു യോഗ ക്യാമ്പിൽ പങ്കെടുക്കവെ രാംദേവ് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
'സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്. അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്‍റെ കണ്ണിൽ ഇനിയൊന്നും ഉടുത്തില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണ്' -എന്നായിരുന്നു രാംദേവിന്റെ പരാമർശം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ വേദിയിലിരിക്കെയാണ് രാംദേവ് വിവാദപ്രസ്താവന നടത്തിയത്.
സ്ത്രീ വിരുദ്ധ പരാമർശത്തിൽ മഹാരാഷ്ട്ര വനിതാ കമീഷൻ രാംദേവിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് വിവാദത്തിൽ നിന്ന് തലയൂരാനുള്ള രാംദേവിന്‍റെ ശ്രമം.
അതേസമയം, ബാബാ രാംദേവിനെ പരിഹസിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. 'ഇപ്പോൾ എനിക്ക് മനസിലായി, പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീ വേഷത്തിൽ ഓടി രക്ഷപെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. അദ്ദേഹത്തിന് സാരിയും സൽവാറും മറ്റു ചിലതുമാണ് ഇഷ്ടം. തലച്ചോറിന് തകരാർ ഉള്ളത് കൊണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും' -രാംദേവിനെ രൂക്ഷമായി കടന്നാക്രമിച്ച് മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. 2011ലെ സംഭവം ഓർമിപ്പിച്ചാണ് രാംദേവിനെ മഹുവ പരിഹസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.