നിങ്ങളുടെ പാസ്‌പോർട്ട് ഇതുപോലെയാണെങ്കിൽ അറസ്റ്റിലായേക്കാം

മുംബൈ: ഇന്ത്യൻ പൗരന്മാർക്ക് വിദേശരാജ്യം സന്ദർശിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖയാണ് ഇന്ത്യൻ പാസ്​പോർട്ട്. രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരമാണ് പാസ്​പോർട്ട് നൽകുക. പാസ്​പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് വ്യക്തമായ നിയമ നിർദേശങ്ങളുണ്ട്. ഇത് ലംഘിച്ചാൽ അറസ്റ്റ് ചെയ്യാൻ വരെ നിയമം അനുശാസിക്കുന്നുണ്ട്.

യാത്രാ ചരിത്രം മറച്ചുവെക്കാൻ പാസ്പോർട്ടി​ൽ കൃത്രിമത്വം കാണിക്കുക, പേജുകൾ കീറുക തുടങ്ങിയവ കുറ്റകരമായ പ്രവൃത്തിയാണ്. ഇങ്ങനെ ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമം 420, 465 വകുപ്പുകൾ പ്രകാരം ജയിൽ ശിക്ഷയോ പിഴ​യോ രണ്ടും കൂ​ടിയോ ലഭിക്കാം. വഞ്ചന, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. പാസ്​പോർട്ട് ആക്ട് 1967ലെ സെക്ഷൻ 12 പ്രകാരവും കേസെടുക്കും.

ഇതിന്റെ ഉദാഹരണമാണ് കാമുകിയുമൊത്തുള്ള മാലിദ്വീപ് യാത്രയുടെ വിവരങ്ങൾ ഭാര്യയറിയാതിരിക്കാൻ പാസ്‍പോർട്ടിലെ പേജുകൾ കീറിയ യുവാവ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിൽ എൻജീനിയറായ 32കാരനാണ് കഴിഞ്ഞ ദിവസം മുംബൈ പൊലീസിന്റെ പിടിയിലായത്.

ഭാര്യയോട് ഔദ്യോഗിക യാത്രക്ക് പോകുന്നുവെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. പിന്നീട് കാമുകിയോടൊപ്പം ദ്വീപുരാഷ്ട്രത്തിലേക്ക് പറക്കുകയായിരുന്നു. എന്നാൽ, സംശയം തോന്നിയ ഭാര്യ ഇയാളെ ഫോണിലൂടേയും വാട്സാപ്പിലൂടേയും നിരന്തരം ബന്ധപ്പെട്ടതോടെ യാത്ര പാതിവഴിയിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങി.

മാലിദ്വീപ് യാത്രയുടെ വിവരങ്ങൾ ഭാര്യ അറിയാതിരിക്കാൻ പാസ്‍പോർട്ടിലെ 3-6, 31-34 പേജുകൾ കീറുകയായിരുന്നു. ഇമിഗ്രേഷൻ പരിശോധനയിൽ പേജുകൾ കീറിയത് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അബദ്ധത്തിൽ കേടുപാട് പറ്റിയാൽ എന്ത് ചെയ്യും?

മനപൂർവമല്ലാതെ പാസ്​പോർട്ടിന് കേടുപാട് സംഭവിച്ചാൽ പരിഹരിക്കാൻ മാർഗമുണ്ട്. വിലാസവും പാസ്​പോർട്ട് നമ്പറും ഫോട്ടോയും നഷ്ടമാകാത്ത രീതിയിലാണ് കേട് സംഭവിച്ചതെങ്കിൽ തൽകാൽ പദ്ധതി പ്രകാരം പാസ്​പോർട്ട് പുതുക്കിക്കിട്ടാൻ അപേക്ഷിക്കാം. ഒന്നുമുതൽ മൂന്ന് വ​രെ പ്രവൃത്തി ദിവസത്തിനുള്ളിൽ ഈ സേവനം ലഭിക്കും. 36 പേജുള്ള പാസ്​പോർട്ട് ഇപ്രകാരം ലഭിക്കാൻ 3500 രൂപയാണ് ഫീസ്. 60 പേജുള്ളതിന് 4000 രൂപ ഒടുക്കണം.

അതേസമയം, പാസ്​പോർട്ട് നമ്പറിനും വിലാസത്തിനും ഫോട്ടോക്കും കേടുപാട് പറ്റിയാൽ തൽകാൽ സേവനം ലഭിക്കില്ല. 

Tags:    
News Summary - You can be arrested if your passport looks like this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.