ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ വോട്ടർമാരോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ ഗുണ ലോക്സഭ മണ്ഡലത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നത്. മണ്ഡലത്തിൽ ഉൾപ്പെട്ട ഖുജ്രി ഗ്രാമത്തിൽ ഭർത്താവിന് വോട്ട് തേടിയെത്തിയ പ്രിയദർശിനിയാണ് വനിതാ വോട്ടർമാരോട് ആക്രോശിച്ച് വിവാദത്തിലായത്.
പ്രിയദർശിനി പ്രചാരണത്തിനായി ഗ്രാമത്തിലെത്തിയപ്പോൾ ജലക്ഷാമത്തെക്കുറിച്ചും ലഭ്യത കുറവിനെക്കുറിച്ചും ഗ്രാമത്തിലെ സ്ത്രീകൾ പരാതിയുമായി പ്രിയദർശിനിയുടെ അടുത്തെത്തി. അവർ കാറിൽ ഇരിക്കുകയായിരുന്നു. ‘പരാതി എഴുതി നൽകിയാൽ നടപടിയെടുക്കാം‘ എന്ന് പറഞ്ഞ പ്രിയദർശിനിയോട് ‘നിങ്ങൾ തന്നെ പരാതിയായി എഴുതൂ’ എന്ന് കൂട്ടത്തിലുള്ള സ്ത്രീകളിലൊരാൾ പറഞ്ഞു. ഇതുകേട്ടതോടെ അവർ പ്രകോപിതയാവുകയായിരുന്നു. ‘നിങ്ങൾക്ക് വേണമെങ്കിൽ അത് എഴുതി എനിക്ക് നൽകുക. നിങ്ങളുടെ പണി നിങ്ങൾ തന്നെ എടുക്കണം’ എന്നുപറഞ്ഞ് പ്രിയദർശിനി ആക്രോശിക്കുകയായിരുന്നു.
ഖുജ്രിയിൽ ജലക്ഷാമം രൂക്ഷമാണ്. ഇതുയർത്തുന്ന പ്രശ്നങ്ങൾ സ്ഥാനാർഥിയുടെ ഭാര്യയെ ബോധ്യപ്പെടുത്താനാണ് സ്ത്രീകൾ പ്രിയദർശിനിക്ക് അരികിലെത്തിയത്. വെള്ളമില്ലാത്ത ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയക്കാൻ മറ്റ് സ്ഥലങ്ങളിലുള്ളവർ തയാറാവാത്തതിനാൽ ഗ്രാമത്തിലെ തങ്ങളുടെ ആൺമക്കളുടെ വിവാഹം നടക്കാത്ത അവസ്ഥ വരെയുണ്ടെന്ന് വനിതകൾ പ്രിയദർശിനിയോട് പറഞ്ഞു. ‘നിങ്ങൾ ഇവിടെയുള്ള വാട്ടർടാങ്ക് വന്നുനോക്കൂ, ഒരുതുള്ളി വെള്ളം അതിലില്ല’ എന്നും ഒരു സ്ത്രീ അവരോട് പറയുന്നുണ്ടായിരുന്നു. തങ്ങളുടെ നിസ്സഹായത പ്രകടിപ്പിക്കാനെത്തിയ വോട്ടർമാരോട് കയർക്കുന്ന വിഡിയോ വൈറലായതോടെ പ്രിയദർശിനിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.