കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ജിം നിസാം ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടാനായിട്ടില്ല.

വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.

മൃതദേഹം വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വളപട്ടണം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഒന്നരമാസം മുൻപ് കണ്ണൂർ പൊലീസ് സ്റ്റേഷന് സമീപം റെയിൽവേ സ്‌റ്റേഷൻ കിഴക്കെ കവാടത്തിനടുത്തായി ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊന്നിരുന്നു. കേളകം മണത്തണ സ്വദേശി ജിന്റോ ആണ് കൊല്ല​പ്പെട്ടത്. ഇതിന്റെ നടുക്കം വിട്ടുമാറും മുൻപേയാണ് ഏതാനും കിലോമീറ്ററുകൾക്കപ്പുറം വീണ്ടും കൊലപാതകം അ​രങ്ങേറിയത്.

Tags:    
News Summary - Youth stabbed to death in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.