ഹൈദരാബാദ്: കേന്ദ്ര സർക്കാർ ആന്ധ്രപ്രദേശിനായി ഫണ്ടുകൾ അനുവദിച്ചിരുന്നുവെന്ന ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവനക്കെതിരെ ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. അമിത് ഷാ എന്തിന് കള്ളം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബി.ജെ.പി അധ്യക്ഷൻ തനിക്ക് അയച്ച കത്തിലെ വിവരങ്ങളെല്ലാം അസംബന്ധമാണ്. കളവ് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയുടെ മനോഭവത്തെയാണ് തുറന്നുകാട്ടുന്നത്. അമിത് ഷാ ആന്ധ്രയെ അപമാനിക്കുകയാണെന്നും ചന്ദ്ര ബാബു നായിഡു കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശ് സർക്കാരിന് കാര്യപ്രാപ്തിയില്ല എന്നു പ്രചരിപ്പിക്കാനാണ് ഇവരുടെ ശ്രമം. മികച്ച മൊത്ത ആഭ്യന്തര ഉൽപാദനവും (ജിഡിപി), കാർഷികരംഗവുമുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഒട്ടേറെ ദേശീയ പുരസ്കാരങ്ങളും സംസ്ഥാനം നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.ഡി.എ വിട്ട ടി.ഡി.പി നടപടിയെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ചന്ദ്രബാബു നായിഡുവിന് കത്ത് എഴുതിയിരുന്നു. കേന്ദ്രസർക്കാർ ആന്ധ്രാപ്രദേശിനായി ഒട്ടേറെ ഫണ്ടുകൾ അനുവദിച്ചെങ്കിലും അവയൊന്നും വേണ്ടവിധം വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനായില്ലെന്ന് അമിത് ഷാ കത്തിൽ ആരോപിച്ചിരുന്നു.
മുന്നണി വിട്ട ടി.ഡി.പിയുടെ നിലപാട് ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവുമാണ്. ആന്ധ്രാപ്രദേശിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും ആന്ധ്രക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.