റിയാദ്: രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഏഴു പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ചാവേറുകളിലൊരാള്‍ പാക് പൗരനാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം നടന്ന ആക്രമണത്തിലാണ് 35കാരനായ അബ്ദുല്ല ഗുല്‍സാര്‍ ഖാന്‍ ചാവേറായി എത്തിയത്. ജിദ്ദയില്‍ 12 വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ഖാന്‍ കുടുംബസമേതമാണ് താമസിക്കുന്നത്. കോണ്‍സുലേറ്റിന് സമീപത്തെ പാര്‍ക്കിങ്ങിനടുത്ത് ഫലസ്തീന്‍-ഹാഇല്‍ റോഡ് ജങ്ഷനില്‍ സംശയകരമായ നിലയില്‍ ഇയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതിനിടെയാണ് സ്വയം പൊട്ടിത്തെറിച്ചത്. സിയാദ് ബിന്‍ മുഫ്റഹ് അല്‍ഉതൈബി, മിത്അബ് ബിന്‍ ദൈഫുല്ല അല്‍ബഖ്മീ, ജമീല്‍ ബിന്‍ സാലിം മുനീര്‍ എന്നിവര്‍ക്കാണ് പരിക്ക്. ആശുപത്രിയില്‍ കഴിയുന്ന ഇവരെ കിരീടാവകാശി അമീര്‍ നായിഫ് ബിന്‍ മുഹമ്മദ് സന്ദര്‍ശിച്ചു. മദീനയിലെ പ്രവാചകന്‍െറ പള്ളിക്കു സമീപമുണ്ടായ ചാവേറാക്രമണത്തില്‍ നാലു സുരക്ഷാഭടന്മാരാണ് കൊല്ലപ്പെട്ടത്. നോമ്പു തുറക്കുന്ന സമയത്ത് ഹറമിന് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് പള്ളിയെ ലക്ഷ്യംവെച്ച് മുന്നോട്ടുപോകാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ പള്ളിക്കകത്ത് ഭീകരാക്രമണം നടത്താനുള്ള ശ്രമം നടക്കാതെ പോയതിനെ തുടര്‍ന്ന് ചാവേര്‍ പുറത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പരിസരത്തുണ്ടായിരുന്ന കാറുകള്‍ കത്തിനശിച്ചു.
ഭീകരര്‍ മതത്തില്‍നിന്ന് പുറത്തുപോയവര്‍ –സൗദി പണ്ഡിതസഭ
റിയാദ്: പ്രവാചകന്‍െറ തിരുഗേഹമായ മസ്ജിദുന്നബവിയിലും ജിദ്ദ, ഖതീഫ് എന്നിവിടങ്ങളിലും ചാവേറാക്രമണം നടത്താന്‍ ശ്രമിച്ചവര്‍ മതത്തില്‍നിന്ന് പുറത്തുപോയവരാണെന്നും ഇസ്ലാമിക സമൂഹവുമായും നേതാക്കളുമായും അവര്‍ക്ക് ഒരു ബന്ധവുമില്ളെന്നും സൗദി ഉന്നത പണ്ഡിതസഭ പ്രസ്താവനയില്‍ അറിയിച്ചു.
എല്ലാ പവിത്രതകളും അവര്‍ ലംഘിച്ചിരിക്കുന്നു. ഭീകരര്‍ക്ക് മതമില്ല. അന്ത്യനാളില്‍ ഇത്തരക്കാര്‍ വരുമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി പ്രവചിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും അവര്‍. എന്നാല്‍, ആ ഖുര്‍ആന്‍ അവരുടെ തൊണ്ടയില്‍നിന്ന് താഴോട്ടിറങ്ങില്ല. വില്ലില്‍നിന്ന് അമ്പ് തെറിച്ചുപോകുന്നതുപോലെ മതത്തില്‍നിന്ന് തെറിച്ചുപോയവരാണ് ഇക്കൂട്ടര്‍.
ഭീകരരെ ഇല്ലായ്മ ചെയ്യുന്നത് അന്ത്യനാളില്‍ ദൈവത്തിന്‍െറ പക്കല്‍നിന്ന് പുണ്യം കിട്ടുന്ന പ്രവൃത്തിയാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടെന്നും പണ്ഡിതസഭ പ്രസ്താവിച്ചു. പ്രവാചകന്‍െറ പള്ളിയും അതില്‍ സേവനംചെയ്യുന്നവരെയും ലക്ഷ്യമിടുക എന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. ദൈവത്തിന്‍െറയും മാലാഖമാരുടെയും ജനങ്ങളുടെയും ശാപം അവരുടെ മേലുണ്ടാകും. ദൈവ കോപത്തിനും അവര്‍ ഇരയാകുമെന്നും പണ്ഡിതസഭ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.