കേരളീയരുടെ സാമൂഹിക ജീവിതത്തിന് മാഷ് എത്ര മാർക്ക് നൽകും? ഉടൻ ഉത്തരം പറഞ്ഞു ഒരിക്കലും കേരളീയ സാമൂഹിക ജീവിതത്തിന് ജയിക്കാനുള്ള മാർക്ക് നൽകാനാവില്ലെന്ന്... ഞാനെപ്പോഴും ചിന്തിക്കുന്ന ഒന്നാണിത്. ഇത്, ഏതെങ്കിലും ഭരണകൂടത്തെ വിലയിരുത്തലല്ല. മറിച്ച് നമ്മുടെ സാമൂഹിക ജീവിതം അത്രമേൽ പ്രതീക്ഷ നൽകുന്ന ഒന്നല്ല. മനുഷ്യനെ മനുഷ്യനാക്കുന്ന ചില ഗുണങ്ങൾ ഉണ്ടല്ലോ, അതിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകാനാവില്ല.
പ്രഫ. എം.കെ. സാനു. അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ അറിഞ്ഞവർക്കെല്ലാം സാനുമാഷ്. 96 വയസ്സായി; എറണാകുളത്തെ സന്ധ്യയെന്ന വീട്ടിൽ വിശ്രമജീവിതത്തിലല്ല. പ്രഭാഷണ വേദികളിൽ സജീവമായും സാംസ്കാരിക ചർച്ചകളിൽ ഇടപെട്ടും മുന്നോട്ടുപോവുകയാണ്. വാരാദ്യ മാധ്യമത്തിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കവെ, മാഷോട് ചോദിച്ചു: അതിങ്ങനെ, ഒമ്പതര പതിറ്റാണ്ട് കേരളീയ സാംസ്കാരിക ജീവിതത്തെ നോക്കിക്കണ്ട്, ഇടപെട്ട്, മലയാളിയെ അറിഞ്ഞു.
ഈ വേളയിൽ കേരളീയരുടെ സാമൂഹിക ജീവിതത്തിന് മാഷ് എത്ര മാർക്ക് നൽകും? ഉടൻ ഉത്തരം പറഞ്ഞു. ഒരിക്കലും കേരളീയ സാമൂഹിക ജീവിതത്തിന് ജയിക്കാനുള്ള മാർക്ക് നൽകാനാവില്ലെന്ന്... ഞാനെപ്പോഴും ചിന്തിക്കുന്ന ഒന്നാണിത്. ഇത്, ഏതെങ്കിലും ഭരണകൂടത്തെ വിലയിരുത്തലല്ല. മറിച്ച് നമ്മുടെ സാമൂഹിക ജീവിതം അത്രമേൽ പ്രതീക്ഷ നൽകുന്ന ഒന്നല്ല.മനുഷ്യനെ മനുഷ്യനാക്കുന്ന ചില ഗുണങ്ങൾ ഉണ്ടല്ലോ, അതിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകാനാവില്ല.
ഇക്കഴിഞ്ഞ ഒരുമാസത്തിനിടയിലെ വാർത്ത മാത്രം മതി, ചുറ്റും ക്രൂരതയാണ്. വന്ദനയെന്ന ഡോക്ടറെ മനോരോഗി കുത്തിക്കൊന്നു. അമ്മയെ ബലാത്സംഗം ചെയ്ത മകനെ ശിക്ഷിച്ച വാർത്ത വായിച്ചതും അടുത്തിടെയാണ്. കൊലപാതകം, അപകടങ്ങൾ... എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് നിരന്തരം ചിന്തിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് ആദ്യകാലത്ത് ഉണ്ടായിരുന്ന ആത്മീയമായ ഔന്നത്യം നഷ്ടപ്പെട്ടതുതന്നെയാണെന്നാണ്. ശ്രീനാരായണഗുരുവൊക്കെ ഉയർത്തിക്കൊണ്ടുവന്ന ആത്മീയ ബോധം ഉണ്ടായിരുന്നു.
അത്, കൈവിട്ടു. ഗുരുവിന്റെ ദൈവദശകം പൂർണമായും പഠിപ്പിച്ചത് ദൈവം ഇന്നതാണെന്നല്ല. എന്നാൽ, ദൈവം ഉണ്ട് എന്നാണ്. ഇതിന്റെ പിന്നാലെ ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ കവിതകളിലും ആത്മീയത നിറഞ്ഞുനിന്നു. അതുകഴിഞ്ഞ്, പുരോഗമന കലാസാഹിത്യം വന്നപ്പോൾ ഇതെല്ലാം പോയി. പിന്നീട് വന്ന തലമുറയിൽ ഇത് തീരെയില്ല. എന്തു പ്രയാസം ഉണ്ടായാലും ചിരിച്ചുകൊണ്ടുള്ള പടമാണ് നാം എടുക്കാറുള്ളത്. ഈ പ്രവണത, ജീവിതം എന്തോ ഉല്ലാസപ്രദമാണെന്ന ധാരണ ഉണ്ടാക്കിയിരിക്കുകയാണ്.
ജീവിതം പഠിപ്പിച്ചത് മരണമൊരു യാഥാർഥ്യമാണെന്നാണ്. മറ്റുപലരെയും പോലെ ജീവിതത്തിൽ മരണം ഉണ്ട് എന്ന ബോധ്യമാണ് എന്നെയും നയിക്കുന്നത്. മഹാഭാരതത്തിൽ യക്ഷൻ ധർമപുത്രരോട് ചോദിക്കുന്ന ചോദ്യം ഉണ്ട്; ജീവിതത്തിൽ ഏറ്റവും വലിയ അത്ഭുതം ഏതെന്ന് ... മരിക്കുമെന്നത് തീർച്ചയാണെങ്കിലും അത് മറന്നുകൊണ്ട് ജീവിതവിനോദങ്ങൾക്കു പിന്നാലെയുള്ള പരക്കം പായലാണെന്ന് മറുപടി. മരണത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ കുറെക്കൂടി ചുമതലാബോധത്തോടെ കാര്യങ്ങൾ ചെയ്യും, ചെയ്യണം.
മരണം കൊണ്ട് ജീവിതം അവസാനിക്കുന്നില്ലെന്നും എനിക്കു തോന്നാറുണ്ട്. മനുഷ്യസ്വഭാവത്തിൽ ചെറിയതോതിൽ പാപങ്ങൾ ഉണ്ട്. അതില്ലാതെ മുന്നോട്ടു പോകണം. നാം ചെയ്യുന്ന പാപങ്ങൾക്കും നന്മകൾക്കും അനന്തരഫലങ്ങൾ ഉണ്ടാകും. എന്നാൽ, കൊടിയ പാപികൾ വലിയ ലൗകിക സുഖം അനുഭവിക്കുന്നതായി കാണുന്നു. ഇേതക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഞാനും മരണാനന്തര ജീവിതത്തെക്കുറിച്ചും മറ്റും ചർച്ചചെയ്തിരുന്നു. ഒരിക്കൽ എന്നോട് പറഞ്ഞു, മരണശേഷം എന്തു സംഭവിക്കുന്നുവെന്ന് മാഷോട് വന്നു പറയാമെന്ന്. പക്ഷേ, വർഷങ്ങൾ കഴിഞ്ഞു. ഇന്നുവരെ ആ വിവരം സ്വാമി (കൃഷ്ണയ്യർ) വന്നു പറഞ്ഞിട്ടില്ല. ചിരിക്കുന്നു...
ചുമതലാബോധമാണ് ജീവിതത്തിൽ പ്രധാനമെന്ന് വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്ന പുണ്യം, അന്യർക്ക് ചെയ്ത നല്ലകാര്യങ്ങൾ ഇവ മാത്രമേ ജീവിതത്തിന് അർഥം നൽകുകയുള്ളൂ. പറഞ്ഞുവരുന്നത് ഒരു ത്രാസിൽ ഞാൻ ചെയ്ത നന്മകളും മറ്റിടത്ത് സ്വന്തമായി നേടിയെടുത്ത നേട്ടങ്ങളും വെച്ചുനോക്കുേമ്പാൾ നന്മകളുടെ ത്രാസ് താഴ്ന്നുകിടക്കണമെന്നാണ്. ഈ വേളയിലാണ് ഞാൻ ജീവിക്കുന്നത് എന്ന ചിന്തയാണ് ഇത്രകാലവും നയിച്ചത്.
ആലപ്പുഴയിലെ തുേമ്പാളിയെന്ന കടലോര ഗ്രാമത്തിൽ മംഗലത്ത് തറവാട്ടിൽ 1928 ഒക്ടോബർ 27ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. ആദ്യ പുസ്തകം 1958ൽ പുറത്തിറങ്ങി. പിന്നീട് നിരൂപണം, ജീവചരിത്രം, വിവർത്തനം, ബാലസാഹിത്യം, സഞ്ചാരസാഹിത്യം, നോവൽ എന്നീ ശാഖകളിൽ 70ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ ജീവിതം അടയാളപ്പെടുത്തിയ പുസ്തകങ്ങൾ മലയാളത്തിലെ ജീവചരിത്ര ശാഖക്ക് മുതൽക്കൂട്ടായി. സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കൂട്ടുകുടുംബമായിരുന്നു. വല്യച്ഛൻ ആയിരുന്നു കുടുംബത്തിലെ കാരണവർ.
അക്കാലത്ത് ആലപ്പുഴ പട്ടണത്തിൽ കയറുമായി ബന്ധപ്പെട്ട അനേകം വ്യവസായങ്ങൾ ഉണ്ടായിരുന്നു. പലതും വിദേശികൾ നടത്തുന്നവയാണ്. എന്റെ ചുറ്റുപാടും കഴിയുന്നവർ അവിടെ ജോലിക്ക് പോകുമായിരുന്നു. ചെയ്യുന്ന ജോലിക്ക് കൃത്യമായി കൂലി ലഭിക്കാതെ കഠിനമായ പട്ടിണിയിലായിരുന്നു. കൂലി ചോദിച്ചാൽ അതി ക്രൂരമായ മർദനവും പീഡനവും ആയിരുന്നു. ഇത്, മനസ്സിനെ അസ്വസ്ഥമാക്കി.
അച്ഛനും വല്യച്ഛനും ഒക്കെ കോൺഗ്രസുകാരായിരുന്നു. കോൺഗ്രസുകാരെ തീവ്രവാദികൾ ആയിട്ടാണ് അന്ന് ഭരണകൂടം കണ്ടിരുന്നത്. കമ്യൂണിസ്റ്റുകാർ അതിതീവ്രവാദികളും. എന്റെ പതിനെട്ടാം ജന്മദിനത്തിലായിരുന്നു പുന്നപ്രയിലെ വെടിവെപ്പ്. പിറ്റേദിവസം വയലാറിലും.
പുന്നപ്ര-വയലാർ പ്രക്ഷോഭ വേളയിൽ ഞാൻ തിരുവനന്തപുരത്ത് വിദ്യാർഥിയായിരുന്നു. ഞാൻ സമരത്തിനൊപ്പമായിരുന്നു. രണ്ടാം ലോകയുദ്ധം ഭീതി നിറഞ്ഞ നാളുകളായിരുന്നു. ഭക്ഷണമില്ല. അഞ്ചുദിവസം കഴിഞ്ഞിട്ടൊക്കെ കഞ്ഞികിട്ടിയ ഓർമയുണ്ട്.
അന്ന്, ഏറെപ്പേർ പട്ടാളത്തിൽ ചേർന്നു. അന്ന് പ്രധാനപ്പെട്ട രണ്ടു ജോലികളിൽ ഏർപ്പെട്ടു. ഒന്ന്, പട്ടാളത്തിൽ പോയവർ വീട്ടിലേക്ക് അയക്കുന്ന കത്തുകൾ വായിച്ച് മറുപടി അയക്കുന്നതാണ്. ആർക്കും വിദ്യാഭ്യാസമില്ലായിരുന്നു. ഞാൻ എല്ലാ പ്രായംചെന്നവരെയും അക്ഷരം പഠിപ്പിക്കാൻ തീരുമാനിച്ചു. ഇന്നോർക്കുേമ്പാൾ വല്ലാത്ത കാലമാണ് കടന്നുപോയതെന്ന് തിരിച്ചറിയുകയാണ്.
മഹാരാജാസ് കോളജിൽ അധ്യാപകനായെത്തിയപ്പോൾ മനസ്സ് ശാന്തമായി. ശാന്തമായ ക്ലാസ് അന്തരീക്ഷം. രണ്ടു ക്ലാസുകളൊക്കെ ഒരേ സമയം കൈകാര്യം ചെയ്തിരുന്നു. എറണാകുളം അന്ന് ഗ്രാമമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും പി.കെ. ബാലകൃഷ്ണനും പോഞ്ഞിക്കര റാഫിയും ഞാനും ചേർന്നുള്ള വൈകുന്നേരങ്ങൾ സാഹിത്യസമ്പന്നമായിരുന്നു. ആരു വിളിച്ചാലും ഞാൻ പ്രസംഗിക്കാൻ പോകും. ആരോടും മറുത്ത് പറയുന്ന സ്വഭാവം എനിക്ക് അന്നേയില്ല. ’87ൽ എറണാകുളത്ത് സ്ഥാനാർഥിയാകാൻ പലരും നിർബന്ധിച്ചെങ്കിലും മടിച്ചുനിന്നു. ഇ.എം.എസ് വിളിച്ചുപറഞ്ഞതോടെ എതിർത്തില്ല. വി.ആർ. കൃഷ്ണയ്യരുമായുള്ള ബന്ധം എന്നെ ഏറെ സ്വാധീനിച്ചു.
അച്ഛൻ പറഞ്ഞ കഥകൾ കേട്ടാണ് ഞാനുറങ്ങിയത്. എന്നെ പലപ്പോഴും കടപ്പുറത്ത് കൊണ്ടുപോകും. അവിടെനിന്ന് കഥകൾ പറഞ്ഞുതരും. പുരാണകഥകൾ, നാട്ടിൽ പ്രചരിക്കുന്ന കഥകൾ എല്ലാം പറഞ്ഞുതരുമായിരുന്നു.കഥകളോട് വല്ലാത്തൊരു ആർത്തിയായിരുന്നു എനിക്ക്. അച്ഛൻ തുണിക്കട നടത്തിയിരുന്നു. കടയിൽനിന്നെത്തിയാൽ അച്ഛനെ ചുറ്റിപ്പറ്റിയാണെന്റെ ലോകം.
ആ സാമീപ്യമാണ് എന്നെ സാഹിത്യ ലോകത്തേക്ക് എത്തിച്ചത്, എന്നാൽ, ആ സാന്നിധ്യം പത്താം വയസ്സിൽ ഇല്ലാതായി. എന്റെ പത്താം ജന്മദിനത്തിൽ അച്ഛൻ സമ്മാനിച്ചത് ടോൾസ്റ്റോയിയുടെ പുസ്തകമാണ്. അത് ഗുണപാഠകഥകളായിരുന്നു. ആ പുസ്തകം പിന്നീട് എന്റെ പേരക്കുട്ടികൾക്ക് സമ്മാനിച്ചു. പഞ്ചതന്ത്രം കഥകൾ നന്നായി പറഞ്ഞുതന്നു. എത്ര തവണ ഞാൻ ആവശ്യപ്പെട്ടാലും മടികൂടാതെ കഥപറഞ്ഞുതരുന്ന അച്ഛൻ ഇന്നോർക്കുേമ്പാൾ അത്ഭുതമാണ്.
എന്റെ എഴുത്ത് ആരംഭിക്കുന്നത് ചില വ്യക്തിത്വത്തോടുള്ള ആരാധനയെ തുടർന്നാണ്. ആദ്യപുസ്തകം അസ്തമിക്കാത്ത വെളിച്ചമാണ്. അത്, ജർമനിയിലെ ഡോ. ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രമാണ്. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ മ്യൂസിക്കിൽ കഴിവ് നേടി. കോളജ് പ്രിൻസിപ്പലായി. ഏറെ പ്രശസ്തി നേടി. പക്ഷേ, അദ്ദേഹം സ്വയം ചോദിക്കുകയാണ്. എന്നെക്കൊണ്ട് ലോകത്തിന് എന്തു നേട്ടം. ആ ചോദ്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ഈ ജീവിതം ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അത്, എന്നെയും സ്വാധീനിച്ചു.
ഇത്തരം ജീവിതങ്ങൾ നമ്മെ തീർച്ചയായും സമൂഹ ജീവിയാക്കും. നമ്മളിൽനിന്നും ഭിന്നമായ അനേകം പേർ ചുറ്റുമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയണം. നമുക്ക് ഒറ്റക്ക് ജീവിക്കാൻ കഴിയില്ല. എന്നാൽ, പലതും ചെയ്യാൻ പറ്റും. എനിക്ക് അറിയാവുന്ന കുട്ടികളിൽ ഷീബ അമീർ നല്ല ഉദാഹരണമാണ്. ഷീബയുടെ മകൾക്ക് കാൻസർ വന്നു. ഷീബയുടെ പിതാവ് എന്റെ സുഹൃത്തായിരുന്നു.
രക്താർബുദം ബാധിച്ച് ഷീബയുടെ മകൾ നിലൂഫ മരിച്ചു. അന്ന്, ഞാനുൾപ്പെടെ ഷീബയോട് പറഞ്ഞു. നിലൂഫയുടെ വലിയ ആഗ്രഹമായിരുന്നു വേദനിക്കുന്നവരെ സഹായിക്കണമെന്ന്. നീയത് ചെയ്യണമെന്ന്. പ്രയാസമനുഭവിക്കുന്നവരുടെ അടുത്ത് ഓടിയെത്തണമെന്ന്. ഷീബ രൂപവത്കരിച്ച സോലസ് ചാരിറ്റീസ് ട്രസ്റ്റ് ഗുരുതര രോഗബാധിതരായ ആയിരക്കണക്കിന് കുട്ടികൾക്ക് വലിയ ആശ്വാസമാണിന്ന്. മകൾക്കൊപ്പമുളള ആശുപത്രി ജീവിതത്തിൽ കണ്ട ദുരിതമനുഭവിക്കുന്നവരുടെ മുഖമാണിന്ന് ഷീബയെ നയിക്കുന്നത്. ഇത്തരം ജീവിതങ്ങളാണ് നമുക്ക് വേണ്ടത്. മറ്റുള്ളവർക്കായി കണ്ണീർ ചൊരിയുന്നവരാണ് നാടിനെ നയിക്കേണ്ടത്.
വിവിധ എഴുത്തുകാരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ഇവയിൽ, ഏറ്റവും പ്രിയം ആശാൻ തന്നെയാണ്. ആശാൻ കവിത എന്നെ വല്ലാതെ കീഴടക്കി. കുട്ടിക്കാലം മുതൽ ജീവിക്കുക എന്നതിന്റെ ശോകാവസ്ഥ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അതായിരിക്കാം ആശാൻ പ്രിയപ്പെട്ടതായത്. മറ്റൊന്ന്, ശ്രീനാരായണ ഗുരുവിന്റെ ദർശനമാണ്. ഗുരു എന്റെ വീട്ടിൽ വന്നിട്ടുണ്ട്.
ഇരുവരുമാണ് എന്റെ ജീവിതദർശനത്തെ രൂപപ്പെടുത്തിയതെന്നു പറയാം. ഏറെ കവിതകളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, ഛന്ദസ്സില്ലാത്ത കവിതയോട് എനിക്ക് മമതയില്ല. ഞാൻ ആസ്വദിക്കാത്തത് കവിതയല്ലെന്നു പറയാനില്ല. ഞാൻ ശീലിച്ചുവന്ന കാവ്യവഴികളിൽ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ കവിത. പുതിയ കവിത വികാര ജനകമല്ല.
പണ്ട് ബംഗാൾ ക്ഷാമകാലത്ത് ദിനംപ്രതി പട്ടിണികൊണ്ട് ആളുകൾ മരിച്ചുകൊണ്ടിരുന്നു. അന്നൊരു പെയിന്റിങ് മത്സരം ഉണ്ടായി. ആ മത്സരത്തിൽ, ഒരാൾ വരച്ചത് പട്ടിണികിടന്ന് എല്ലും തോലുമായി മരിച്ചുകിടക്കുന്ന അമ്മയുടെ കണ്ണ് കാക്ക കൊത്തി കൊണ്ടുപോവുകയും, കുഞ്ഞ് അപ്പോഴും അമ്മയുടെ മുല ചപ്പിക്കുടിക്കുന്നതുമാണ്. വല്ലാത്ത ചിത്രമായിരുന്നു. അതാണ്, അക്കിത്തത്തിന്റെ കവിതയായത്. അക്കിത്തം എഴുതുന്നു...
‘നിരത്തിൽ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകൾ
മുല ചപ്പി വലിക്കുന്നു
നരവർഗ നവാതിഥി’.
ഈ അർഥത്തിൽ രസജനകമായ അനുഭവം പുതുകവിതയിലില്ല എന്നതാണ് എന്റെ പരാതി.
പുതിയകാല രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് മാഷ്. ഏറ്റവും ഒടുവിൽ കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ക്കുറിച്ചിങ്ങനെ പറയുന്നു: കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തെ ശുഭകരമായ കാര്യമായി കാണുന്നു. മതവും രാഷ്ട്രീയവും ഭിന്നമായി നിൽക്കണമെന്നാണ് എന്റെ നിലപാട്. മതം വിശ്വസിക്കാനാണ് പഠിപ്പിക്കുന്നത്. പക്ഷേ, രാഷ്ട്രീയം സദാസമയം വിമർശനത്തിനും വിശകലനത്തിനും വിധേയമായിക്കൊണ്ടിരിക്കണം. അല്ലാത്തപക്ഷം നാട് പിറകോട്ടുപോകും.
ഫോട്ടോ: അനീഷ് തോടന്നൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.