ജിദ്ദ: തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും സൗദി മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം പുതിയൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. 'മർൻ'(ഫ്ലക്സിബിൾ) എന്ന പേരിലുള്ള പ്ലാറ്റ്ഫോം മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉദ്ഘാടനം ചെയ്തു. സ്ഥാപന, വ്യക്തി തലങ്ങളിൽ രാജ്യത്തിൻെറ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതാണ് പുതിയ പ്രോഗ്രാമെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ അനുപാതം കൂട്ടി വിഷൻ 2030ൻെറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കൂടിയാണിത്. സ്വദേശിവത്കരണ അനുപാതം കൂട്ടുന്നതിന് മന്ത്രാലയം നേരത്തെ ആരംഭിച്ച മറ്റു സംരംഭങ്ങൾക്കും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും പുതിയ പ്രോഗ്രാം ആക്കം കൂട്ടും.
തൊഴിലന്വേഷകർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അതോടൊപ്പം തൊഴിൽ വിപണിയിൽ ഏർപ്പെടാൻ പ്രാപ്തരാക്കുക, സ്ഥിര ജീവനക്കാരായി മാറുന്നതിനുള്ള തയാറെടുപ്പുകളും കഴിവുകളും അനുഭവങ്ങളും ഉയർത്തുക, അനുയോജ്യമായ ജോലി ലഭിക്കാൻ സാധിക്കുക എന്നിവ ലക്ഷ്യമിട്ടുകൂടിയാണ് ഇങ്ങനെയൊരു പ്രോഗ്രാം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തിൽ വേതനം ലഭിക്കുന്നതാണ് 'മർൻ'(www.mrn.sa) കരാർ വ്യവസ്ഥ. ജോലി അന്വേഷിക്കുന്ന എല്ലാ സ്ത്രീ, പുരുഷ പൗരന്മാരെയും വരുമാനം വർധിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെയും സ്വകാര്യ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളെയും പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്.
അടിയന്തരവും താൽകാലികവുമായി സ്വദേശികളായ ജോലിക്കാരെ ആവശ്യമാകുേമ്പാൾ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്ന കരാറിലൂടെ സ്വകാര്യ മേഖലയുടെ ആവശ്യം നിറവേറ്റാൻ സഹായിക്കുന്നതുമാണ്. സൗദി തൊഴിൽ വ്യവസ്ഥയിൽ വ്യക്തമാക്കിയ എല്ലാ പ്രായക്കാരും പ്രോഗ്രാമിൻെറ പ്രയോജനം ലഭിക്കുന്നവരിലുൾപ്പെടും. പ്രേത്യകിച്ച് യൂനിവേഴ്സിറ്റി തലങ്ങളിലുള്ള പുരുഷ, വനിത വിദ്യാർഥികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, വരുമാനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർ തുടങ്ങി എല്ലാ സ്വകാര്യ മേഖല കമ്പനികളെയും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.