അർബുദം കാർന്നുതിന്നുമ്പോഴും ചികിത്സപോലും മാറ്റിവെച്ച് മകന്റെ കലാസ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന അമ്മക്കുള്ള ആയുർ പൂജയായി അനൂപിന്റെ നൃത്താർച്ചന. തന്‍റെ കലാസ്വപ്നങ്ങൾ പൂവണിയാൻ പാടുപെടുന്ന അമ്മ ശോഭനയുടെ ജീവന് ഒരു പോറലുമേൽക്കരുതേയെന്ന പ്രാർഥനയോടെയാണ് തിരുവനന്തപുരം വർക്കല ഗവ. എച്ച്.എസ്.എസിലെ എം.എസ്. അനൂപ് തളി മഹാക്ഷേത്ര സന്നിധിയിൽ കേരളനടന നൃത്താർച്ചന നടത്തിയത്.
ഹയർ സെക്കൻഡറി ഭരതനാട്യ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അനൂപ് ക്ഷേത്ര കമ്മിറ്റി അംഗത്തിൽനിന്ന് അനുവാദം വാങ്ങിയാണ് ക്ഷേത്രനടയിൽ ചുവടുവെച്ചത്. ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയെങ്കിലും അമ്മയുടെ ആരോഗ്യം വീണ്ടുകിട്ടിയാലേ ഇനി അനൂപിന് മനഃസമാധാനം വരൂ.
ഉദരത്തെ ബാധിച്ച രോഗത്തിന് ഓപറേഷനും തുടർന്ന് കീമോയുമാണ് ഡോക്ടർ വിധിച്ചത്. ഒന്നരലക്ഷം രൂപ പലിശക്ക് വാങ്ങിയാണ് കേരള നടനത്തിലും ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മത്സരിക്കാൻ അനൂപുമായി ശോഭന കോഴിക്കോടെത്തിയത്.
തന്റെ പ്രയത്നം പാഴാകില്ലെന്ന വിശ്വാസത്തിലാണ് അനൂപ്. ബുധനാഴ്ച വൈകീട്ടെത്തി മകന്റെ പേരിൽ ക്ഷേത്രത്തിൽ വഴിപാട് കഴിച്ച അമ്മക്ക് പകരം നൽകാൻ അനൂപിനുണ്ടായിരുന്നത് ദൈവാനുഗ്രഹം കൊണ്ട് നേടിയ തന്റെ കലാപ്രകടനം മാത്രമായിരുന്നു.
ദൈവത്തെയും അമ്മയെയും ഒരുമിച്ച് പ്രീതിപ്പെടുത്താൻ ഇതിലും വലുതായി ഈ മകന് മറ്റൊന്നുമില്ല. അനൂപിന്റെ പിതാവ് ഹൃദയാഘാതത്തെത്തുടർന്ന് 19 വർഷമായി ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലാണ്. അമ്മുമ്മയും അർബുദം ബാധിച്ച് കിടപ്പിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.