കോഴിക്കോട്: പേരിൽ മാത്രമല്ല, സഹനത്തിലും അവനി ഭൂമിയെപ്പോലെ ക്ഷമയുള്ളവളാണ്. അർബുദം ശരീരത്തിൽ പിടിമുറുക്കി വേദനിപ്പിച്ചപ്പോഴും സംഗീതമെന്ന മന്ത്രം ഒരുവിട്ട് മനസ്സിനെ അവനി താങ്ങിനിർത്തി. ആ അതിജീവന കരുത്തിന് സംസ്ഥാന സ്കൂൾ കലോത്സവ ശാസ്ത്രീയ സംഗീതവേദിയിൽ എ ഗ്രേഡ്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അവനി.
നാലാം ക്ലാസുമുതൽ കിളിമാനൂർ ശിവപ്രസാദിന് കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അവനിയെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അർബുദം പിടികൂടുന്നത്. സംഗീതം തന്നെയായിരുന്നു മാരകരോഗത്തെ തിരിച്ചറിയാൻ അവനിയെ സഹായിച്ചതും. പാടുമ്പോൾ ശ്വാസം കിട്ടാതായതോടെ അച്ഛൻ സന്തോഷും അമ്മ സതീജയും ഡോക്ടറെ സമീപിക്കുകയായിരുന്നു.
പരിശോധനയിൽ നെഞ്ചിലെ കശേരുക്കളിലെ അർബുദം തിരിച്ചറിഞ്ഞു. മാതാപിതാക്കൾ തളർന്നപ്പോഴും അവനി പിടിച്ചുനിന്നു. ശസ്ത്രക്രിയകളെ തുടർന്ന് ഒരുവർഷം പാടാൻ കഴിഞ്ഞില്ല. ഒരിക്കൽ കാൻസർ വാർഡിൽ തന്‍റെ ബെഡിന് സമീപം കീമോ കഴിഞ്ഞെത്തിയ ആറുമാസം പ്രായമായ കുഞ്ഞിന് നിറകണ്ണുകളോടെ അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടാണ് പിന്നീട് അവനിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
വീണ്ടും സ്റ്റേജിലെത്തി പാടണമെന്നായി. 2019ൽ കാസർകോട് നടന്ന സംസ്ഥാന കലോത്സവത്തിൽ എച്ച്.എസ് വിഭാഗം കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, പദ്യംചൊല്ലൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടി.60 കീമോതെറപ്പികളാണ് ഈ ശരീരം ഏറ്റുവാങ്ങിയത്.
ഡോക്ടറുടെ നിർദേശപ്രകാരം ആറുമാസം മുമ്പ് അർബുദത്തിനുള്ള മരുന്നുകൾ നിർത്തി. ഇന്ന് വീണ്ടും പഴയതിനെക്കാൾ സ്വരമാധുരിയാണ് അവനിയുടെ ശബ്ദത്തിന്. കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമാണ് വെഞ്ഞാറമൂടിന്‍റെ ഈ വാനമ്പാടി. ‘മറിയം’ എന്ന സിനിമയിലൂടെ മലയാള പിന്നണി ഗാനശാഖയിൽ അരങ്ങേറ്റം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.