25 വർഷത്തെ മേക്കപ് പാരമ്പര്യവുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് മത്സരാർഥികളെ അണിയിച്ചൊരുക്കാൻ ഇത്തവണയും ദീപു തൃശൂർ. മത്സര വേദികളിലെ പ്രധാന ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം എന്നിവക്ക് അണിയിച്ചൊരുക്കുന്നതിൽ ഏറെ പരിചയ സമ്പന്നനാണ് ദീപു. ജില്ല-സംസ്ഥാന കലോത്സവങ്ങളിൽ ഏറെയും ദീപുതന്നെ അണിയിച്ചൊരുക്കുന്ന വിദ്യാർഥികൾ തന്നെയാകും മത്സരിക്കുക.
നൃത്താധ്യാപകരും രക്ഷിതാക്കളും പരസ്പരം മത്സരിക്കുമെങ്കിലും അറിയപ്പെടുന്ന നൃത്താധ്യാപകർക്കെല്ലാം മേക്കപ് ചെയ്യാൻ ദീപുതന്നെ വേണമെന്ന് നിർബന്ധം. നർത്തകിമാരും സിനിമ നടികളുമായ മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, നിഖില വിമൽ, ദേവി ചന്ദന, ശാലു മേനോൻ തുടങ്ങിയവരുടെ സ്റ്റേജ് പരിപാടികൾക്ക് മേക്കപ് ചെയ്യുന്നത് ദീപു തൃശൂരാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം കലാകാരന്മാർക്ക് സ്ഥിരമായി മേക്കപ് ചെയ്യുന്നുണ്ട് ഈ അനുഗൃഹീത കലാകാരൻ.
അഞ്ചുവർഷമായി കേരള കലാമണ്ഡലത്തിൽ എം.എ കഥകളിചുട്ടി പഠിക്കുന്ന കുട്ടികൾക്ക് ഗെസ്റ്റ് ലെക്ചററായി ക്ലാസെടുക്കുന്നുമുണ്ട്. ക്ലാസിക്കൽ ഡാൻസ് മേക്കപ് കൂടാതെ ബ്രൈഡൽ മേക്കപ്, ഫോട്ടോ ഷൂട്ട് എല്ലാം ചെയ്യുന്നുണ്ട്. സ്വന്തമായി ആഭരണങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഫയർ എൻജിനീയറിങ്ങും സിവിൽ എൻജിനീയറിങ്ങും കഴിഞ്ഞ ശേഷമാണ് ദീപു മേക്കപ് രംഗത്ത് സജീവമായത്. എൻജിനീയറിങ് പഠിക്കുന്ന സമയത്തുതന്നെ മേക്കപ്പിലേക്ക് കടക്കുകയായിരുന്നു. പത്തോളം ശിഷ്യന്മാരുണ്ട്.സംസ്ഥാനത്തിനുപുറത്ത് കഥക്, ഒഡീസി നർത്തകർക്കും ഏറെ പ്രിയപ്പെട്ട മേക്കപ്മാനാണ് ദീപു തൃശൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.