അച്ഛന്റെ സുഹൃത്തുകൾ നൽകിയ പണവുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയ പി. ആവണിക്ക് എ ഗ്രേഡിന്റെ തിളക്കം. കായംകുളം സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി എച്ച്.എസ് വിഭാഗം നങ്ങ്യാർകൂത്തിലാണ് ഒന്നാം സ്ഥാനത്തോളം പോന്ന അഞ്ച് പോയന്റ് ആലപ്പുഴക്ക് സമ്മാനിച്ചത്.
നങ്ങ്യാർകൂത്തിൽ ആവണിക്ക് ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതുമുതൽ അച്ഛൻ സജികുമാറിന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സന്തോഷം കൊണ്ടുമാത്രമായിരുന്നില്ലത്, മത്സരിപ്പിക്കാനിറക്കുന്നതിലെ ചെലവുകളോർത്തുകൂടിയായിരുന്നു. കോഴിക്കോട്ടേക്ക് തിരിക്കുമ്പോൾപോലും ഒഴിഞ്ഞ പോക്കറ്റുപോലെയായിരുന്നു ആ മനസ്സും ശരീരവും.
സബ് ജില്ല മുതൽ നങ്ങ്യാർകൂത്തിന് മാത്രം 95,000 രൂപയാണ് ഈ തയ്യൽ തൊഴിലാളിക്ക് ചെലവായത്. ഇതിന് പുറമെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മത്സരിച്ചിരുന്നു. ചിറക്കടവിലെ ഗുരുദേവാലയത്തിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും അമ്മ പ്രീതക്ക് പൂച്ചെടി കടയിൽനിന്ന് കിട്ടുന്നതുംകൊണ്ട് പക്കമേളക്കാരുടെ യാത്രച്ചെലവിന് പോലും തികയാത്ത അവസ്ഥ.
പലിശക്കെടുത്ത പണംകൊണ്ടാണ് വസ്ത്രാലങ്കരത്തിനും മിഴാവ് സംഘത്തിനുമുള്ള ചെലവ് കണ്ടെത്തിയത്. താമസത്തിനും തിരികെ യാത്രക്കും പണമില്ലായിരുന്നു. യാത്രമധ്യേ സജികുമാറിന്റെ പത്താം ക്ലാസ് സുഹൃത്തുകളെല്ലാം ചേർന്ന് അക്കൗണ്ടിലേക്ക് 16,000 രൂപ നൽകി. ‘
ഈ പണം ഇല്ലായിരുന്നെങ്കിൽ ബസ് സ്റ്റാൻഡിലോ കടത്തിണ്ണയിലോ റെയിൽവേ സ്റ്റേഷനിലോ ഞങ്ങൾക്ക് ഉറങ്ങേണ്ടിവന്നേനെ. ജീവിതത്തിൽ ആദ്യമായി എന്റെ മോളുടെ മുന്നിൽ ഞാനൊരു പരാജയപ്പെട്ട അച്ഛനാകുമായിരുന്നു സാറേ...’ നിറകണ്ണുകളോടെ സജികുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.