സ്കൂൾ കലോത്സവത്തിൽ താരങ്ങളായി ജ്യേഷ്ഠനും അനുജത്തിയും. ആനുകാലിക വിഷയങ്ങളെ അനുകരണകലയിലൂടെയും ജീവചരിത്രങ്ങളെ മോണോആക്ടിലൂടെയും അവതരിപ്പിച്ചാണ് പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ് എച്ച്.എസിലെ കെ. സാന്ദ്രയും കല്ലടി എച്ച്.എസ്.എസിലെ സംജിത് കെ. ദാസും എ ഗ്രേഡ് നേടിയത്. എച്ച്.എസ് വിഭാഗം മോണോ ആക്ടിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണ’യും നെൽസൺ മണ്ടേലയുടെ ജീവചരിത്രവും സംയോജിപ്പിച്ചായിരുന്നു ഭാവാഭിനയങ്ങൾകൊണ്ട് സംജിത് കൈയടി നേടിയത്.
ഇത്തവണ സബ് ജില്ലയിൽ മിമിക്രി രണ്ടാം സ്ഥാനത്തായിരുന്നു. കലാഭവൻ നൗഷാദിന്റെ ശിക്ഷണത്തിലായിരുന്നു ഇത്തവണ പരിശീലനം. അതേസമയം, ജ്യേഷ്ഠന്റെ മോണോ ആക്ട് സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ നടക്കുമ്പോൾ അനുജത്തി സാന്ദ്രയുടെ മിമിക്രി ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിൽ തകർത്തുവാരുകയായിരുന്നു.
പാറശ്ശാലയിൽ ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ പൊലീസ് മൊഴിയെടുപ്പോടെ ആരംഭിച്ച പ്രകടനം നവ്യനായരിലൂടെയും ഗായിക ജാനകിയിലൂടെയും സദസ്സിലേക്ക് പടർന്നൊഴുകിയതോടെ നിലക്കാത്ത കൈയടിയുയർന്നു.
തൃശൂർ സ്വദേശി ധനൂപിന്റെ ശിക്ഷണത്തിൽ മൂന്നാം ക്ലാസുമുതൽ മിമിക്രി വേദിയിലെ നിറസ്സാന്നിധ്യമായ ഈ ഒമ്പതാം ക്ലാസുകാരി ജ്യേഷ്ഠനൊപ്പം എ ഗ്രേഡ് അടിച്ചതിന്റെ ത്രില്ലിലാണ്. മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഹരിദാസ് -മഞ്ജു എന്നിവരാണ് മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.