കടല് മണക്കുന്ന കോഴിക്കോടിന്‍റെ മടിത്തട്ടിന് മധുരിക്കുന്ന രുചികളുടെയും മാനാഞ്ചിറയുടെയും മിഠായി തെരുവിന്‍റെയുമെല്ലാം കഥകളിലേക്കിനി ചേർത്തു വെക്കാൻ വിക്രം മൈതാനികൂടി..... പതിനാല് ജില്ലകളിൽനിന്നും സ്വർണക്കപ്പിനായി കച്ചകെട്ടി പുറപ്പെട്ട നൂറുകണക്കിന് കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് കോഴിക്കോട് സാക്ഷിയാവുകയാണ്.
61 ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദി ഒരുക്കിയ കോഴിക്കോടിന്‍റെ പ്രൗഢി ഒട്ടും കുറക്കാതെ തന്നെ മത്സരങ്ങൾ അതിന്‍റെ ആവേശത്തിൽ അരങ്ങ് തകർക്കുമ്പോൾ, വേദിയിൽ നമ്പറിട്ട് ആടുന്ന ഒരോ കുട്ടിയുടെയും മുഖത്തുള്ള ചിരിയും ഉള്ളിലുള്ള ധൈര്യവും തീർച്ചയായും വേദികൾക്ക് പിന്നിൽ നിറപ്രാർഥനയോടെ നിൽക്കുന്ന അവരുടെ പരിശീലകർ തന്നെയാണ്.
മാസങ്ങളോളം ഒരോ പരിശീലകരും അവരുടെ കലയോടുള്ള പ്രണയം നഷ്ടപ്പെടുത്താതെ ഓരോ കുട്ടിയെയും ഒന്നിനൊന്ന് മെച്ചപ്പെടുത്തി വേദികളിലേക്ക് പറഞ്ഞയക്കുമ്പോൾ അവർ ഓർമ്മിക്കുന്ന ഒന്നുണ്ട്, തന്‍റെ കുട്ടിക്കാലം.... ഗുരുവിന്‍റെ കാല് തൊട്ട് വണങ്ങി മുഖം മിനുക്കി ഉടുത്തൊരുങ്ങി ചെസ്റ്റ് നമ്പറിന്‍റെ അകമ്പടിയോടെ കാണികളുടെ മുന്നിൽ നിന്നിരുന്ന ആ ബാല്യം. വർഷങ്ങൾക്കിപ്പുറത്ത് അതുപോലൊരു ഗുരുവിന്‍റെ സാന്നിദ്ധ്യത്തിൽ തന്നെ കുട്ടികൾക്ക് ആ കലയുടെ സത്ത ചോരാതെ പകർന്ന് നൽക്കുകയാണ് ഇവിടെ കിരൺ എന്ന പരിശീലകനും അദ്ദേഹത്തിന്‍റ ഗുരു മുനീർ തലശ്ശേരിയും.
നീണ്ട 25 വർഷങ്ങളുടെ ഒപ്പന പാട്ടുകളുടെയും താളങ്ങളുടെയും കഥപറയുന്ന മുനീറിന്‍റെ ജീവിതത്തിൽ എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്തത്ര കലോത്സവാരവങ്ങളുടെയും ആർപ്പു വിളികളുടെയും ശബ്ദം മുഴങ്ങുന്നുണ്ട്. ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട് എന്നീ കലകളിൽ മുഖമുദ്ര ചാർത്തിയ മുനീറിന്‍റെ അരുമശിഷ്യനാണ് കിരൺ.
എട്ടാം ക്ലാസിൽ വെറ്റില വെച്ച് ഹരിശ്രീ കുറിച്ച് തുടങ്ങിയ ബന്ധത്തിന് ഇന്നും വിള്ളലേൽക്കാതെ ഗുരുവിനോടൊപ്പമുണ്ട്. ബഥനി കുന്നകുളം സ്കൂളിനും പിന്നീട് ഫാറൂഖ് കോളജിനും വേണ്ടി നേട്ടങ്ങൾ കൊയ്ത കിരൺ 2013 ലാണ് കല പകർന്ന് നൽക്കുന്നത്. പിന്നീട് അങ്ങോട്ട് ഗുരുവും ശിഷ്യനും ചേർന്ന് കണക്കില്ലാത്ത സ്കൂളുകളെ അണിയിച്ചൊരുക്കി. കേരള യൂനിവേഴ്സിറ്റി, കാലിക്കറ്റ് യൂനിവേഴ്സിറ്റി, കണ്ണൂർ യൂനിവേഴ്സിറ്റി, സി.ബി.എസ്.ഇ കലോത്സവം, അഗ്രികൾച്ചർ യൂനിവേഴ്സിറ്റി എന്നിവയുടെ കീഴിൽ വർഷങ്ങളായി ഒന്നാം സ്ഥാനം നേടിവരുന്ന കുട്ടികളാണ് ഈ ഗുരുവിന്റെ ശിഷ്യ സമ്പത്ത്.
61 ാം സംസ്ഥാന സ്കൂൾ കലോത്സവത്തിനും ഇവരുടെ സംഭാവനകൾ കുറഞ്ഞിട്ടില്ല. കോഴിക്കോട്,കണ്ണൂർ, തൃശ്ശൂർ,തിരുവനന്തപുരം,വയനാട് തുടങ്ങിയ ജില്ലകളിൽ നിന്ന് പത്തോളം സ്ക്കൂളുകളിൽ നിന്നായി നൂറു കണക്കിന് വിദ്യാർഥികളെയാണ് ഇവർ ഒരുക്കി നിർത്തിയിട്ടുള്ളത്. സി.എച്ച് .എം എളവായൂർ ,ബഥനി കുന്നകുളം,ഇലാഹിയ കാപ്പാട്, പനമരം വയനാട്,കെ.ടി.സി.ടി തിരുവനന്തപുരം,പ്രൊവിഡൻസ് കോഴിക്കോട് , എം.ഐ,എം പേരാട് തുടങ്ങിയ സ്കൂളുകളിൽ നിന്ന് വിവിധ വിഭാഗങ്ങളിലായി നൂറോളം കുട്ടികളാണ് ഈ വർഷം ഒപ്പന, വട്ടപാട്ട് എന്നിവക്ക് പങ്കെടുത്തിരിക്കുന്നത്. ഇതിൽ തുടക്കകാരായ പ്രൊവിഡൻസ് മുതൽ വർഷങ്ങളായി പ്രൈസ് നേടുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.