പ്രതീകാത്മകം

‘എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ...’: ഇനിയാ നരാധമൻമാർ വിശ്രമിക്കട്ടെ, ഇനിയെങ്കിലും മാറണം

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കൽ ഒരു വിവാദത്തിൽപെട്ടു. ബലാത്സംഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ നൽകിയ ഏറ്റവും ബുദ്ധിപൂർവകമായ മറുപടിയാണ് ചർച്ചകൾക്ക് വഴിവെച്ചത്. കേരളത്തിൽ ഏറ്റവും കോളിളക്കമുണ്ടാക്കിയ ഒരു പീഡന കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് എല്ലാ പൊതു സങ്കൽപങ്ങളെയും കാട്ടിലെറിഞ്ഞുകൊണ്ട് മാധവിക്കുട്ടി മറുപടി നൽകിയത്. ‘ആ പെൺകുട്ടിയോട് ഒന്ന് നന്നായി സോപ്പ് തേച്ച് കുളിക്കാൻ പറയൂ’’ എന്നായിരുന്നു മറുപടി. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ബലാത്സംഗത്തെ മാധവിക്കുട്ടി നിസാരവൽകരിച്ചു എന്നായിരുന്നു പ്രധാനമായും ഉയർന്ന പരാതി.

അതേസമയം, പീഡനത്തിലൂടെ പെൺകുട്ടിക്ക് വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടു എന്ന പൊതു കാഴ്ചപ്പാടിനെയാണ് മാധവിക്കുട്ടി പൊളിച്ചടുക്കിയത്. കന്യാകാത്വം നഷ്ടപ്പെട്ടു, ഇരയാക്കപ്പെട്ടു എന്ന കാഴ്ചപ്പാടിനെതിരെയാണ് ഒന്നു കുളിച്ചാൽ മാറുന്നതേയുള്ളൂ എന്ന് പറഞ്ഞ് മാധവിക്കുട്ടി കാഴ്ചപ്പാടുകളെ പൊളിച്ചത്. കാലം പിന്നീട് ഇത് ശരിവെച്ചു. പീഡിത, ഇര എന്ന് വാക്കുകൾക്ക് പകരം പുതിയ തലമുറ ‘അതിജീവിത’ എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങി. പീഡനങ്ങൾക്ക് വിധേയരായവർ തലയുയർത്തിപ്പിടിച്ച് സമൂൾത്തിന് മുന്നിൽ ഉയർന്നുനിന്ന് ക്രിമിനലുകൾക്കെതിരെ പോരാടാൻ തുടങ്ങി. അതിജീവിതകൾ സ്വന്തം പേരുകൾ വെളിപ്പെടുത്തിത്തന്നെ രംഗത്തെത്തി. കാലവും കാഴ്പ്പാടുകളും മാറി.

പക്ഷേ, യുവ തലമുറയിലെ താരങ്ങളെ വാർത്തെടുക്കുന്ന കലോത്സവങ്ങളിൽ ഇപ്പോഴും പഴയ പദങ്ങളും പഴകി ദ്രവിച്ച കാഴ്ചപ്പാടുകളും കലാ ഇനങ്ങളിൽ ഇന്നും നിലനിൽക്കുന്നത്. നാടോടി നൃത്തം, സംഘനൃത്തം എന്നീ ഇനങ്ങളിലാണ് ഇതിന്റെ ആധിക്യം ഏറ്റവും കൂടുതൽ പ്രകടമായിട്ടുള്ളത്. വർഷങ്ങളായി കേട്ടുമടുത്ത ഗാനങ്ങൾ തന്നെയാണ് ഇക്കുറിയും നാടോടി നൃത്തം, സംഘനൃത്തം വേദികളിൽ ഉയർന്നുകേട്ടത്. അതിലൊന്നാണ് മുകളിൽ തലക്കെട്ടിൽ കൊടുത്തിട്ടുള്ളത്. ‘എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ...’ എന്ന ഗാനശകലം കലോത്സവത്തിലെ സംഘനൃത്തത്തിനൊപ്പം ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടുണ്ടാകും. അത് വിലയിരുത്തുകയാണ് പ്രമുഖർ.

സ്കൂൾ കലോത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ ഇനങ്ങളിൽ ഒന്നാണ് സംഘനൃത്തം. 61ാമത് കലോത്സവമാണ് കോഴിക്കോടിന്റെ മുറ്റത്ത് അരങ്ങേറിയത്. 21-ാം നൂറ്റാണ്ടിലും പെണ്ണിന്റെ കന്യകാത്വം നശിപ്പിക്കുന്ന നരാധമന്മാരുടെ കഥ തന്നെയാണ് പറയാനുള്ളത്. കന്യകാത്വം വലിയ സംഭവം ആയി കാണേണ്ടതാണെന്നും കന്യകാത്വം നഷ്ടപ്പെടുന്നത് പെണ്ണിന്റെ തകർച്ചയാണെന്നും പെണ്ണ് നശിച്ചുപോയെന്നും പറയുന്ന കഥകൾ 2023ലെ സംഘനൃത്തങ്ങളിലും കേൾക്കണമെന്നത് ആസ്വാദകരുടെ ഗതികേടാണ്.

പെണ്ണിന്റെ അപമാനത്തിന്റെയും അവളെ അപമാനിക്കുന്നതിന്റെയും കഥകൾ. നൃത്തം ചെയ്താൽ പോലും നഷ്ടപ്പെടാവുന്നതാണ് ഈ 'കന്യകാത്വം' എന്നിരിക്കെയാണ്, കന്യകാത്വം നഷ്ടപ്പെട്ടത് പെണ്ണിന്റെ ഏറ്റവും വലിയ നഷ്ടം എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നത്. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണാനും കുറ്റം ചെയ്തവർക്ക് തോന്നേണ്ട അപമാനം കുറ്റകൃത്യത്തിന് പാത്രമായവർക്ക് തോന്നേണ്ടതില്ലെന്നും ഇനി എന്നാണ് നമ്മുടെ നൃത്തവേദികൾ പഠിക്കുക ?

ഒന്നു കുളിച്ചാൽ തീരാവുന്ന പ്രശ്നമേ കന്യകാത്വം നഷ്ടപ്പെട്ടാൽ പെണ്ണിന് തോന്നേണ്ടതുള്ളു എന്ന് പറഞ്ഞ് പഠിപ്പിക്കേണ്ടിടത്താണ് പെണ്ണിന് ഏറ്റവും വലിയ നഷ്ടം സംഭവിച്ചുവെന്ന തരത്തിൽ നൃത്തച്ചുവടുകളുമായി കുട്ടികളെത്തുന്നത്..

ശശി ബാലുശ്ശേരി -നൃത്താധ്യാപകൻ

പെണ്ണിന്റെ കഥ പറഞ്ഞാൽ മാത്രമേ സഹതാപ തംരംഗം പ്രവർത്തിക്കുകയുള്ളൂവെന്നും അതുകൊണ്ടാണ് ഇത്തരം പാട്ടുകൾക്ക് ആവശ്യക്കാരേറുന്നതെന്നും നൃത്താധ്യപകനായ ശശി ബാലുശ്ശേരി പറഞ്ഞു. നാടോടിനൃത്തത്തിലാണെങ്കിൽ പഴയ കഥകൾ മാത്രമാണ് പറയാനാവുക. അതിനാൽ പാട്ടുകൾക്ക് സാമ്യത കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാംദാസ് കണ്ണൂർ - നൃത്താധ്യാപകനും പാട്ടെഴുത്തുകാരനും

ദുരന്തകഥകൾക്കാണ് വിധികർത്താക്കളുൾപ്പെടെ സ്ഥാനം നൽകുന്നത് എന്ന് നൃത്താധ്യാപകനും പാട്ടെഴുത്തുകാരനുമായ രാംദാസ് കണ്ണൂർ പറഞ്ഞു. 2006 മുതൽ രാംദാസ് കണ്ണൂരിന്റെ പാട്ടുകൾ സംസ്ഥാന കലോത്സവത്തിന്റെ നാടോടി നൃത്ത വേദികളിൽ മുഴങ്ങുന്നുണ്ട്.

നാടോടി നൃത്തങൾക്ക് തെയ്യം പോാലുള്ള ആശയങ്ങൾ സ്വീകരിക്കുമ്പോൾ, അവയുടെയെല്ലാം അടിസ്ഥാന കഥ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെതാണ് എന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരും കുട്ടികളുമടക്കം ഇത്തരം കഥകളാണ് ആവശ്യപ്പെടുന്നത്. സന്തോഷം പറയുന്ന കഥകൾ അവർക്ക് വേണ്ട. അതിൽ അഭിനയിക്കാനൊന്നുമില്ലെന്നാണ് അവരുടെ പക്ഷം. നമ്മുടെ ടി.വി സീരിയലുകളുടെ അവസ്ഥയാണ്. കണ്ണീർക്കഥ പറയാത്ത ഏതെങ്കിലും സീരിയലുകൾ രക്ഷപ്പെട്ടി​ട്ടുണ്ടോ​? പിന്നെ പല വാക്കുകളും നേരിട്ട് ഉപയോഗിക്കുന്നതിനോട് വിയോജിപ്പുണ്ട്. താൻ പ്രതീകവത്കരിച്ചാണ് പറയാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജു രഞ്ജിമാർ - സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ്

ഇന്നത്തെ കാലത്ത് ഇത്തരം പാട്ടുകൾ അരോചകമാണെന്ന് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു. പണ്ട് കേട്ട പാട്ടു തന്നെയാണ് ഇപ്പോഴും ഉള്ളത്. പാട്ടുകൾ കേൾക്കുമ്പോൾ ചങ്കരൻ ഇപ്പോഴും തെങ്ങിൻമേൽ തന്നെയാണ് എന്ന് തിരിച്ചറിയാം - അവർ വ്യക്തമാക്കി.

ദീദി ദാമോദരൻ -സംവിധായിക

ഇത്തരം പദങ്ങളും വാക്കുകളും പാട്ടുകളുമെല്ലാം പെട്ടെന്ന് തിരുത്തപ്പെടുമെന്നും അവക്ക് പകരം സ്ത്രീ സൗഹൃദ പദങ്ങൾ വരുമെന്നുമെല്ലാം നമുക്ക് ചിന്തിക്കാനാവില്ല. അതിന് വളരെ സമയമെടുക്കും. ഇപ്പോൾ ഇത് അരോചകമാണെന്നെങ്കിലും ആളുകൾ തിരിച്ചറിയുന്നുണ്ടല്ലോ. പ്രസവവേദനക്ക് പോലും ‘അവനവൻ’ അനുഭവിക്കുന്ന എന്നാണ് നമുക്ക് വാക്കുകളുള്ളത്. അവളവൾ എന്ന് ഉപയോഗിച്ചാൽ അത് ആരും അംഗീകരിക്കില്ല. വാക്കുകൾ സ്ത്രീ സൗഹൃദമാകാൻ ഇനിയും സമയമെടുക്കും. അതിന് ആരെയും കുറ്റപ്പെടുത്താനാകില്ല.

അടിക്കുന്ന പുരുഷനെ തിരിച്ചടിക്കുക എന്നതാണ് നമ്മുടെ പ്രതിരോധം എന്നാണ് ഇപ്പോഴും കരുതുന്നത്. തല്ലുന്ന ഭർത്താവിനെ കരാട്ടെ പഠിച്ച് അടിച്ചു തോൽപ്പിക്കുന്ന കഥക്കാണ് ഇപ്പോഴും കൈയടികൾ. പുരുഷൻമാരുടെ മർദന രീതികൾ സ്ത്രീകൾ ഉപയോഗിക്കുന്നുവെന്നതിനപ്പുറം ഇവ സ്ത്രീ സൗഹൃദമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. 

അഡ്വ. പി.എം. ആതിര -സാമൂഹിക പ്രവർത്തക

ക്ലാസിക്കൽ നൃത്തങ്ങൾക്ക് ചിട്ടപ്പെടുത്തിയ പാട്ടുകൾ ഉണ്ടായിരിക്കും. അവയിൽ മാറ്റം വരുത്താൻ കുറേക്കൂടി പരിശ്രമം ആവശ്യമാണ്. എന്നാൽ, എളുപ്പത്തിൽ മാറ്റം വരുത്താവുന്നവയാണ് സംഘനൃത്തത്തിലെ പാട്ടുകൾ. എന്നിട്ടും 19-ാം നൂറ്റാണ്ടിലെ പാട്ടുകളാണ് ഇപ്പോഴും കേൾക്കുന്നത്. പുരാണങ്ങളിൽ നിന്നും മിത്തുകളിൽ നിന്നും അവക്ക് ഇതുവരെ മോചനമുണ്ടായിട്ടില്ല.

എന്നാൽ നാടകങ്ങളിലും മോണോആക്ടിലും മിമിക്രിയിലും ഉൾപ്പെടെ സാമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി പെൺകുട്ടികളടക്കം വേദികൾ നിറഞ്ഞാടുമ്പോഴാണ് സംഘനൃത്തം ഇന്നും മാറ്റമില്ലാതെ തുടരുന്നത്. കുട്ടികളുടെ ചുവടുകൾ മനോഹരമാണെങ്കിലും പാട്ടുകൾ ശ്രദ്ധിക്കുമ്പോൾ ഇവ അരോചകമായി അനുഭവപ്പെടുകയാണ്. അവ കൂടി മാറട്ടെ എന്ന് പ്രതീക്ഷിക്കാം.

Tags:    
News Summary - kerala school kalolasavam kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.