‘വീണയുടെ പാഞ്ചാലി ഹരമായി’; കലോത്സവ ഓർമകൾ പങ്കുവച്ച് മന്ത്രി വീണ ജോർജ്

കോഴിക്കോട് ചൊവ്വാഴ്ച തുടങ്ങുന്ന സ്കൂൾ കലോത്സവത്തിനായി അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന സമയമാണിത്. വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട മിനുക്കുപണികളാണ് എല്ലായിടത്തും നടക്കുന്നത്. മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും.

മാനാഞ്ചിറ ഗവ. മോഡൽ സ്കൂളിൽ രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്യും. ഇതിനിടെ തന്റെ കലോത്സവ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മന്ത്രി വീണാ ജോർജ്.

സമൂഹമാധ്യമത്തിലാണ് മന്ത്രി തന്റെ കലോത്സവകാല ചിത്രങ്ങളും പത്ര വാർത്തയുടെ കട്ടിങും പങ്കുവച്ചത്. ‘ഔദ്യോഗിക പരിപാടികൾക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു.

മനസിൽ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്കൂൾ യുവജനോത്സവ കാലങ്ങൾ ഓർമ്മയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ ,ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്... എല്ലാം ഓർമിപ്പിക്കുന്നു ഈ കോഴിക്കോട്. അക്കാലത്തു ..മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ... എത്ര എത്ര നിറം മങ്ങാത്ത ഓർമ്മകൾ’-മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കലോത്സവത്തിനായി കോഴിക്കോട്ടെത്തുന്ന ആദ്യ ജില്ല ടീമിന് രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റി സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ‘ഡോക്യൂ ഫിക്ഷൻ’ റിലീസ് ചെയ്യും. ഫാറൂഖ് എച്ച്.എസിൽ കലോത്സവ തീം വിഡിയോ പ്രകാശനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

Full View

രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടക്കും. 11ന് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് മാനാഞ്ചിറയിൽ സംഘടിപ്പിക്കും. ഉച്ചക്ക് 12ന് അക്കമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ, കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുക്കും.

ഉച്ചക്ക് ഒരുമണിക്ക് കലോത്സവ സ്വർണക്കപ്പ് ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും വരവേൽക്കും.

തുടർന്ന് രണ്ടുമണിക്കൂർ സ്വർണക്കപ്പ് മാനാഞ്ചിറ സ്ക്വയറിൽ പ്രദർശിപ്പിക്കും. വൈകീട്ട് മൂന്നിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്നാരംഭിച്ച് വിക്രം മൈതാനിയിൽ അവസാനിക്കും. തുടർന്ന് വളന്റിയർമാർ വിക്രം മൈതാനി ശുചീകരിച്ച് വേസ്റ്റ് ബിൻ സ്ഥാപിക്കും.

വൈകീട്ട് 3.30ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ മുതലക്കുളത്ത് നിന്നാരംഭിച്ച് ബി.ഇ.എം സ്കൂളിൽ അവസാനിക്കും. വൈകീട്ട് നാലിന് ഭക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ക്രിസ്ത്യൻ കോളജ് കാമ്പസിൽ പായസം പാകം ചെയ്ത് അടുക്കളയുടെ ഉദ്ഘാടനം നിർവഹിക്കും.

4.30 ന് മീഡിയ പവലിയൻ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ അധ്യക്ഷതയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വൈകീട്ട് ആറിന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയെക്കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ക് ലെറ്റ് സംഘാടകസമിതി ഓഫിസിൽ പ്രകാശനം ചെയ്യും.

Tags:    
News Summary - Minister Veena George shared the memories of state school arts festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.