കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം മലായാള കലാ ലോകത്തിന് സംഭാവന നൽകിയത് നിരവധി പ്രതിഭകളെയാണ്. ഓരോ ജില്ലകളിൽനിന്നും നിരവധി സാഹിത്യ, സിനിമ പ്രതിഭകളെ കലോത്സവം സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് മലബാറിൽനിന്നാണ്.
1957 മുതൽ തന്നെ മലബാർ സ്കൂൾ കലോത്സവത്തിൽ പുലർത്തിപ്പോരുന്ന അപ്രമാദിത്വത്തിന് കൂടി ഉദാഹരണമാണിത്. 1957ലെ കലോത്സവത്തിൽ തന്നെ ഉത്തര മലബാറിനായിരുന്നു പ്രഥമ സ്ഥാനം എന്ന് കലോത്സവ ചരിത്രം പറയുന്നു. വിവിധ വർഷങ്ങളിൽ നടന്ന കലോത്സവങ്ങളിൽ കോഴിക്കോട് ജില്ല നിരവധി പ്രതിഭകളെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
33ാം സംസ്ഥാന സമ്മേളനത്തിൽ കലാതിലകമായിരുന്നു ബി. ഭവ്യലക്ഷ്മി. കലാ വഴിയിൽ തന്നെയാണ് ജീവിതവും തെരഞ്ഞെടുത്തത്. നിലവിൽ തൃശൂരിൽ താമസിക്കുന്ന ഭവ്യ ലക്ഷ്മി സംഗീതജ്ഞയാണ്. 33 ാം സംസ്ഥാന കലോത്സവത്തിൽ 33 പോയന്റുകൾ നേടിയാണ് ഭവ്യലക്ഷ്മി കലാ തിലകം പട്ടം സ്വന്തമാക്കിയത്.
ചാലപ്പുറം ഗവ.ഗണപത് ഗേൾസ് എച്ച്.എസിൽ പത്താംക്ലാസിലായിരുന്നു അന്ന് ഭവ്യ പഠിച്ചിരുന്നത്. വയലിൻ,മൃദംഗം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കിട്ടി. ശാസ്ത്രീയ സംഗീതത്തിൽ രണ്ടാംസ്ഥാനം, കഥകളി സംഗീതത്തിൽ നാലാം സ്ഥാനം എന്നിങ്ങനെയായിരുന്നു സമ്മാനങ്ങൾ. കോഴിക്കോട്ടുകാരിയാണെങ്കിലും വിവാഹത്തെ തുടർന്ന് തൃശൂരിലേക്ക് താമസം മാറുകയായിരുന്നു.
നിലവിൽ പോസ്റ്റൽ വകുപ്പിൽ ജീവനക്കാരനാണ് ആദർശ്. 2004ൽ തൃശൂരിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിനു കോഴിക്കോടുനിന്നു വണ്ടി കയറിയ ആദർശ് കലാപ്രതിഭായായിട്ടാണ് മടങ്ങിയത്. കാപ്പാട് ഇലാഹിയ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയാണന്ന് ആദർശ്. ചാക്യാർകൂത്ത്,മോണോആക്ട്, ഓട്ടൻതുള്ളൽ എന്നിവയിൽ ഒന്നാമതെത്തി. കഥകളിയിലും മൃദംഗത്തിലും എ ഗ്രേഡും. പോസ്റ്റൽ വകുപ്പിൽ ജോലി നോക്കുന്നെങ്കിലും നല്ല കഥകളി കലാകാരൻ കൂടിയാണ് ആദർശ്.
1997ൽ എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു കൃഷ്ണനുണ്ണി. അകാലത്തിൽ വിട്ടുപിരിഞ്ഞ കൃഷ്ണനുണ്ണി കലാലോകത്തിന് നോവുന്ന ഓർമയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൃഷ്ണനുണ്ണി കലകളുടെ ലോകത്തുനിന്നും എന്നെന്നേക്കുമായി വിടപറയുന്നത്. ഹൃദയാഘാതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.