സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തകർക്കപ്പെടാനാകാത്ത വിശ്വാസമാണ് കലാഭവൻ നൗഷാദ്. ഓരോ മേളയിലും നിരവധി ശിഷ്യരുമായി എത്തുന്ന നൗഷാദിന്റെ കീഴിൽ ഇത്തവണ വിജയക്കൊടി പാറിക്കാൻ എത്തിയിരിക്കുന്നത് 14 ജില്ലകളിൽനിന്നുള്ള 28 കുട്ടികളാണ്.
ഇതിൽ മോണോആക്ടിൽ 11ഉം മിമിക്രിയിൽ ഒരാളും സ്കിറ്റിൽ രണ്ടു സംഘങ്ങളിൽനിന്നുള്ള 16 പേരുമുണ്ട്. 1996 മുതൽ തുടർച്ചയായി സ്കൂൾ കലോത്സവവേദികളിൽ മോണോആക്ടിൽ ഒന്നാമതെത്തുന്നത് നൗഷാദിന്റെ ശിഷ്യന്മാരാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. പെൺകുട്ടികളുടെ ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ മത്സരിച്ച അഞ്ചുപേരും ബുധനാഴ്ച നടന്ന ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്ടിൽ മത്സരിച്ച മൂന്നുപേരും എ ഗ്രേഡ് നേടി.
ഏറ്റവുമധികം വിദ്യാർഥികളെ സംസ്ഥാന കലോത്സവ വേദികളിലെത്തിച്ച നേട്ടവും നൗഷാദിന്റെ പേരിലാണ്. 2015ൽ 31 പേരെയാണ് മോണോആക്ടിനു മാത്രമായി നൗഷാദ് വേദിയിലെത്തിച്ചത്. 30 വർഷമായി മോണോആക്ട് രംഗത്തുള്ള തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ നൗഷാദ് രചന നാരായണൻകുട്ടി, മുക്ത, അപർണ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളടക്കം 5000ത്തിലധികം പേരെയാണ് കലോത്സവ വേദികളിലൂടെ കേരളക്കരക്ക് പരിചയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.