തലമുകളിലൂടെ കൈമാറിക്കിട്ടിയതാണീ കുടുംബത്തിന് ഓട്ടൻ തുള്ളൽ. കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ വി.എച്ച്.എസ്.എസിലെ ശബരീനാഥ് ഓട്ടൻതുള്ളൽ അവതരിപ്പിക്കുമ്പോൾ അരങ്ങിലെത്തിയത് ഈ കുടുംബത്തിലെ നാലാം തലമുറക്കാരനാണ്. ശബരിനാഥിനെ തുള്ളൽ പഠിപ്പിച്ചത് പിതാവും പ്രശസ്ത ഓട്ടൻ തുള്ളൽ പരിശീലകനുമായ കുറിച്ചിത്താനം ജയകുമാറാണ്.
രണ്ടര പതിറ്റാണ്ടിലേറെയായി തുള്ളൽ രംഗത്തുള്ള ഇദ്ദേഹത്തിന്റെ ഗുരു പിതാവ് കലാമണ്ഡലം ജനാർദ്ദനനും. ഇപ്പോൾ ശാരീരിക അവശതകളാൽ വീട്ടിൽ വിശ്രമത്തിലുള്ള ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ രണ്ടാം ബാച്ചുകാരനായിരുന്നു. അഞ്ചുപതിറ്റാണ്ടോളമാണ് ഇദ്ദേഹം കലാരംഗത്ത് തുടർന്നത്.
ജനാർദ്ദനനെ തുള്ളൽ പഠിപ്പിച്ചതാകട്ടെ അദ്ദേഹത്തിന്റെ അമ്മാവനായ കോഴിപ്പള്ളി കുട്ടപ്പൻ ആശാനും. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ തുള്ളൽ രംഗത്ത് നിറഞ്ഞുനിന്നയാളാണ് കുട്ടപ്പൻ ആശാൻ. ശബരിനാഥിന്റെ സഹോദരൻ സ്വാമിനാഥ് കോട്ടയം ജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ ഓട്ടം തുള്ളലിൽ എ ഗ്രേഡ് നേടിയിരുന്നു. കുറിച്ചിത്താനം ജയകുമാർ തുടർച്ചയായി 25 മണിക്കൂർ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
വിവിധ ജില്ലകളിൽ നിന്നായി മറ്റുഏഴുപേരും ഈ ഗുരുവിന്റെ കീഴിൽ ഓട്ടൻ തുള്ളലഭ്യസിച്ച് ഇത്തവണ കലോത്സവ അരങ്ങിലെത്തിയിട്ടുണ്ട്. ജയകുമാറിന്റെ സഹോദരീ ഭർത്താവ് കോട്ടയം കൃഷ്ണകുമാറാണ് എ ഗ്രേഡ് ലഭിച്ച ശബരിനാഥിനായി മൃദംഗത്തിന്റെ പിന്നണിയിൽ നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.