യതീന്ദ്ര തീർഥ സ്വാമി

73 വയസ്സിനിടെ 53 കലോത്സവങ്ങൾ കണ്ട് യതീന്ദ്ര തീർഥ സ്വാമി

കോഴിക്കോട്: 73 വയസ്സ്. അതിനിടെ 53 കലോത്സവങ്ങൾ... യതീന്ദ്ര തീർഥ സ്വാമി താണ്ടിയ കലോത്സവദൂരങ്ങളാണ്. കലോത്സവവേദികളിൽ സ്ഥിരസാന്നിധ്യമായ സ്വാമി ഇക്കുറിയും കാവിപുതച്ച് തുണിസഞ്ചിയുമായി കോഴിക്കോടിന്റെ ഉത്സവത്തിരക്കിലേക്കും എത്തി. 2020ൽ കാഞ്ഞങ്ങാട്ടെ കലോത്സവത്തിനുശേഷം കോവിഡ് കാരണം രണ്ടു വർഷം കലോത്സവത്തിന് ഇടവേള വന്നത് ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് യതീന്ദ്ര പറയുന്നു.

1962ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ കലോത്സവം നടന്നപ്പോൾ തുടങ്ങിയതാണ് ഈ കലാതീർഥാടനം. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലായിരുന്നു ആദ്യ വേദിയനുഭവം. അന്ന് വെറും 10,000 രൂപ മാത്രം ചെലവഴിച്ച് പത്തോ പന്ത്രണ്ടോ ഇനങ്ങളിലായി നടത്തിയ ആ കലോത്സവത്തിൽ 600ഓളം പേരാണ് ആകെ പങ്കെടുത്തത്.

ആർ. രാമചന്ദ്രനായിരുന്നു അന്ന് വിദ്യാഭ്യാസ ഡയറക്ടർ. ഇന്ന് കോടികൾ ചെലവുവരുന്ന, കൂടുതൽ മത്സരാർഥികളുള്ള മഹാമേളയായി സ്കൂൾ കലോത്സവം മാറി. പതിനായിരത്തിലേറെ പേർ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള -യതീന്ദ്ര തീർഥ ഓർമകളിലൂടെ കയറിയിറങ്ങി.

ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം സ്വദേശിയായ ഹരിദാസനാണ് പയ്യന്നൂരിലെത്തി ആനന്ദതീർഥ സ്വാമിയുടെ ശിഷ്യനായി യതീന്ദ്ര തീർഥയായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ബി.എ ഹിസ്റ്ററി വരെ പഠിച്ച സ്വാമി മൊബൈൽ ഫോൺ പോലും ഉപയോഗിക്കില്ല. കലോത്സവവേദികളിലെ സ്ഥിരം സന്ദർശകനായ സ്വാമിയുടെ പരിചയക്കാർ നിരവധി പേരുണ്ട്.

നടൻ വിനീതും ഗായിക വൈക്കം വിജയലക്ഷ്മിയുമായുള്ള സൗഹൃദം അങ്ങനെ കിട്ടിയതാണ്. മത്സരാർഥികൾക്ക് ഗ്രേഡ് മാത്രമാക്കിയെങ്കിലും കലാതിലകവും കലാപ്രതിഭയും തിരിച്ചുവരണമെന്നാണ് സ്വാമിയുടെ അഭ്യർഥന.

Tags:    
News Summary - Yatindra Theertha Swami in state school klolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.