കൗമാര മഹോത്സവത്തിന് തിരിതെളിയുമ്പോൾ...

കൗമാരകലകളുടെ മഹോത്സവത്തിന് ഇക്കുറി കോഴിക്കോട് തുടക്കമായിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം എന്നു വിശേഷിപ്പിക്കുന്ന കേരള സ്കൂൾ കലോത്സവത്തിൻ്റെ അറുപത്തി ഒന്നാം പതിപ്പാണ് ജനുവരി 3 മുതൽ 7 വരെ നടക്കുന്നത്. കലോത്സവത്തിന്‍റെ ചരിത്രവഴികളിലൂടെ, നാഴികകല്ലുകളിലൂടെ കടന്നുപോവുകയാണിവിടെ....

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാന്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂള്‍ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങള്‍ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നു കൊടുത്ത് സ്‌കൂള്‍ കലോത്സവങ്ങള്‍ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളായി മാറുന്ന കാഴ്ച.

ബാലകലാമേള എന്നൊരു ചെറിയ ആശയം വളര്‍ന്ന്, ഇന്ന് നാം കാണുന്ന മഹോത്സവത്തിലെത്തി നിൽമ്പോള്‍, അതിനു പുറകില്‍ ഒരുപാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കലോപാസനയുടെയും ആത്മസമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റെയും കഥ കാണാവുന്നതാണ്. വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപക സംഘടനകള്‍, പരിശീലകര്‍, പക്കമേളക്കാര്‍, ചമയക്കാര്‍, ഊട്ടുപുരക്കാര്‍, വളണ്ടിയർമാർ, എന്നിങ്ങനെ ഓരോ കലോത്സവങ്ങളുടെയും വിജയത്തിനായി രാപകലില്ലാതെ ഓടിനടന്നവര്‍ക്കുള്ള സ്ഥാനം, അരങ്ങിലെ താരങ്ങള്‍ക്കൊപ്പം തന്നെയാണ്. അതുപോലെ കലോത്സവങ്ങളെ ഇത്ര ജനകീയമാക്കുന്നതില്‍, പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയും വിസ്മരിക്കാനാവില്ല.

സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായി നടക്കുന്ന കലോത്സവങ്ങളില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും തങ്ങളുടെ കഴിവിന്റെ മാറ്റുരച്ച് നോക്കുന്നത്. ഇവരില്‍ പലരും പിന്നീട് മലയാള സിനിമാരംഗത്തും മറ്റ് കലാരംഗങ്ങളിലും ജനപ്രിയ താരങ്ങളായി വളരുകയും ചെയ്യുന്നു.

അനാരോഗ്യകരമായ മത്സരങ്ങളും രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തില്‍ കവിഞ്ഞുള്ള ആവേശവും, അപ്പീലുകളും, കോടതിയിടപെടലുകളുമെല്ലാം വികൃതചിത്രങ്ങളാവുന്നുണ്ടെങ്കിലും, കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്. ഇത്ര വിപുലവും ജനകീയവുമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ഒരു ഉത്സവം ലോകത്ത് മറ്റെവിടെയും ഉണ്ടാവുമോ എന്നതും സംശയമാണ്.

ഐക്യ കേരളത്തിനോളംതന്നെ പ്രായമുണ്ട് സ്‌കൂള്‍ കലോത്സവത്തിന്. രാജവാഴ്ച അവസാനിച്ച് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായത് 1956 നവമ്പർ ഒന്നിനാണെന്ന് പറയേണ്ടതില്ലല്ലോ. നവമ്പർ 22 ന് ഡോക്ടർ ബി രാമകൃഷണ റാവു സംസ്ഥാന ഗവർണറായി ചുമതലയേറ്റു. ആ കാലത്ത് കോളത്തിൽ രാഷ്ട്രപതി ഭരണമായിരുന്നു നിലവിലിരുന്നത്. മൗലാനാ അബ്ദുൽ കലാം ആസാദ് സർവ്വകലാശാലാ വിദ്യാർത്ഥികൾക്കു വേണ്ടി ഡൽഹിയിൽ ഏർപ്പെടുത്തിയ ഒരു യുവജനോത്സവത്തിൽ പങ്കെടുക്കാൻ അന്നത്തെ വിദ്യഭ്യാസ ഡയരക്ടറായിരുന്ന ഡോ.ഡി എസ് വെങ്കിടേശ്വരന് ക്ഷണം ലഭിച്ചു.പ്രഗത്ഭ ശാസത്ര ജ്ഞനും കലാസ്വാദകനുമായിരുന്നുവെങ്കിടേശ്വരൻ്റെ മനസ്സിൽ മുള പൊട്ടിയതാണ് ഇന്നത്തെ രീതിയിലുള്ള കേരള സ്കൂൾ കലോത്സവത്തിന് നാന്ദി കുറിച്ചത്.

മലയാളനാട്ടിലും ഏകദേശം അതേ മാതൃകയില്‍ ഒരു കലാമേള സംഘടിപ്പിക്കുക എന്ന ചെറിയ ഒരാശയം. 1956 നവംബര്‍ ഒടുവില്‍ ഏതാനും ഡി.ഇ.ഒ മാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും ഒരു യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി. കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി കലാമേളകള്‍ സംഘടിപ്പിക്കുക എന്ന ആശയം ആ യോഗത്തില്‍ അവതരിപ്പിക്കുകയും വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു.

പ്രത്യേകിച്ച് ഒരു രൂപരേഖയൊന്നുമില്ലാതെയാണ് ആദ്യ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടന്നത്. കുട്ടികളിലെ കലാപരമായ സിദ്ധികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കലാമേളകള്‍ സംഘടിപ്പിക്കുന്നു എന്നും കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ മേളയിലേക്ക് കൊണ്ടുവരാന്‍ പ്രധാനാധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും ജില്ലാ ഓഫീസുകള്‍ മുഖേന എല്ലാ സ്‌കൂളുകളേയും വിവരമറിയിച്ചു. 1956 ഡിസംബര്‍ മാസത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ 12 ജില്ലകളിലും യുവജന കലോത്സവങ്ങള്‍ നടത്തപ്പെട്ടു.

വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വെങ്കിടേശ്വര റാവുവും ഡെപ്യൂട്ടി ഡയരക്ടറായിരുന്ന രാമവർമ്മ അപ്പൻ തമ്പുരാനും ഹെഡ്മാസ്റ്ററായിരുന്ന ഗണേഷ അയ്യരും ചേർന്നായിരുന്നു സ്വാഗത സംഘം രൂപീകരിച്ചത്.1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ ആദ്യകലോത്സവത്തിന് തിരിതെളിഞ്ഞു. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍വെച്ച് നടത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ചില പ്രതികൂല സാഹചര്യങ്ങള്‍ കാരണം അവസാന നിമിഷം മേള എറണാകുളത്തേക്ക് മാറ്റുകയാണുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും, പിന്നീട് ഡയറക്ടറുമായിരുന്ന ശ്രീ. രാമവര്‍മ അപ്പന്‍ തമ്പുരാനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല. ഗേള്‍സ് സ്‌കൂളിലെ ഏതാനും ഹാളുകളിലും മുറികളിലും വച്ചാണ് മത്സരങ്ങള്‍ നടന്നത്. സമീപത്തുള്ള എസ്.ആര്‍.വി. സ്‌കൂളിലായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും കലോത്സവത്തിനായി ക്യാമ്പ് ചെയ്തത്.

60 പെണ്‍കുട്ടികളുള്‍പ്പെടെ നാന്നൂറോളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആദ്യ കലോത്സവത്തില്‍, ആകെ 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍ ഉണ്ടായിരുന്നതായാണ് രേഖകളില്‍ കാണാനാവുന്നത്. പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം, ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലെ എന്നിവയായിരുന്നു ഇനങ്ങള്‍. ഇവയില്‍ പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തിയത്.

സംഗീതത്തിനും നൃത്തത്തിനുമെല്ലാം ഉപവിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രീയസംഗീതവും ലളിതസംഗീതവുമെല്ലാം ആലപിച്ചവരില്‍നിന്നും ഒരു വിജയിയെ നിശ്ചയിച്ചു. അതുപോലെ നൃത്തവിഭാഗത്തില്‍ ക്ലാസിക്കല്‍ കേരള സ്റ്റൈല്‍, ഭരതനാട്യം, നാടോടിനൃത്തം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചവരില്‍നിന്നും ഒരാള്‍ വിജയിയായി.

ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം എന്നിവ ഒരു പ്രദര്‍ശനമായാണ് നടത്തിയത്. പ്രധാനധ്യാപകരുടെ സാക്ഷ്യപത്രങ്ങളോടെ കൊണ്ടുവന്ന പ്രദര്‍ശനവസ്തുക്കള്‍ ഒരു മുറിയില്‍ പ്രദര്‍ശിപ്പിക്കുകയും വിധി കര്‍ത്താക്കള്‍ അവ പരിശോധിച്ച് സമ്മാനങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു.ശാസ്ത്രമേളയും പ്രവർത്തിപരിചയ മേളയും ഇതിൽ നിന്ന് രൂപാന്തരം പ്രാപിച്ചതാണ് എന്നുതന്നെ പറയാം.

സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലേ എന്നീ ഗ്രൂപ്പിനങ്ങളില്‍, ഒരു ഗ്രൂപ്പില്‍ പതിനൊന്ന് അംഗങ്ങള്‍ വരെ അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. നാടകത്തിന് 30 മിനിറ്റായിരുന്നു സമയപരിധി.

ഉത്സവത്തിന് എത്തിയവര്‍ക്കായി ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള ഉണ്ടായിരുന്നില്ല. മത്സരത്തിനു വന്ന കുട്ടികളെയും അവരെ നയിച്ച അധ്യാപകരെയും ഗേള്‍സ് ഹൈസ്‌കൂളിനു എതിര്‍വശത്തുള്ള ഹോട്ടലിലേക്ക് ഫുഡ് ടോക്കണും നല്‍കി വിടുകയാണുണ്ടായത്. എടുത്തു പറയേണ്ട വസ്തുത യുവജനോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാപ്പടി കിട്ടിയിരുന്നു എന്നുള്ളതാണ്.ബസ്സ് ചാര്‍ജ്ജോ, മൂന്നാംക്ലാസ് ട്രെയിന്‍ ചാര്‍ജ്ജോ ആയിരുന്നു സൗജന്യത്തിന് വിധേയമായി അനുവദിച്ചത്. 12 മണിക്കൂറിലധികമുള്ള യാത്ര ചെയ്യേണ്ടി വന്നവര്‍ക്ക് യാത്രാവേളയിലെ ഭക്ഷണത്തിനായി ആളൊന്നിന് ഒരു രൂപ വീതം അധികം നല്‍കിയിരുന്നു.

ജനുവരി 27ന് വൈകീട്ട് കൊച്ചിന്‍ ഫോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീ. എം. എസ്. വെങ്കിട്ടരാമന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ച് ആദ്യ കലോത്സവത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വെങ്കിടേശ്വരന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളായിരുന്നു വിജയികള്‍ക്ക് നല്‍കിയത്. സമ്മാനദാനത്തിനു മുന്‍പായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

കേരളത്തിലെ ആദ്യമന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കുശേഷമായിരുന്നു രണ്ടാമത് സംസ്ഥാന യുവജനോത്സവം നടന്നത്. 1958 ജനുവരിയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളില്‍ വെച്ച് മൂന്നു ദിവസമായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.

ഗ്രൂപ്പിനങ്ങളില്‍ ആറുപേരില്‍ കൂടുതല്‍ പാടില്ല എന്നും ഭരതനാട്യം പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളൂവെന്നുമുള്ള നിബന്ധനകള്‍ 1958-ല്‍ നിലവില്‍വന്നു. വായ്പാട്ടിന് പള്ളുരുത്തിയിലെ യേശുദാസനും, മൃദംഗത്തിനു ജയചന്ദ്രന്‍ കുട്ടനും ഒന്നാം സമ്മാനം നേടിയത് ഈ മേളയിലാണ്. അവിടെനിന്നാണ് ഇവര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കെ.ജെ.യേശുദാസായും പി. ജയചന്ദ്രനായും വളര്‍ന്നത്.

എറണാകുളത്തിനും തിരുവനന്തപുരത്തിനും ശേഷം മൂന്നാമത്തെ കലോത്സവം മലബാറിലെ ഏതെങ്കിലുമൊരു സ്ഥലത്ത് നടത്താമെന്ന ധാരണയിലെത്തിയിരുന്നു. പിന്നീട് വേദി പാലക്കാടായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായി. എന്നാല്‍ പാലക്കാട് നഗരത്തില്‍ അക്കാലത്ത് വസൂരിരോഗം പടര്‍ന്നു പിടിച്ചതിനാല്‍, അവസാനം മേള ചിറ്റൂരിലേക്ക് മാറ്റുകയാണുണ്ടായത്.

നാലാം കലോത്സവം കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ നടന്നു. മാതൃഭൂമി പത്രാധിപര്‍ ശ്രീ. കെ. പി. കേശവമേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ച ഈ മേളയില്‍ 800ഓളം കുട്ടികള്‍ പങ്കെടുത്തു. കോഴിക്കോട്ടെ കലോത്സവം കാണാന്‍ വന്‍ ജനത്തിരക്കായിരുന്നു. എന്‍.സി.സി,സ്‌കൗട്ട്, ഗൈഡ്സ് എന്നിവയുടെ സേവനം ജനത്തിരക്കു നിയന്ത്രിക്കുന്നതിനും അച്ചടക്കത്തോടുകൂടി മേള നടത്തുന്നതിനും പ്രയോജനപ്പെട്ടു. ശാസ്ത്രീയ സംഗീതത്തില്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ഒന്നാം സ്ഥാനവും പാലാ സി.കെ. രാമചന്ദ്രന്‍ രണ്ടാം സ്ഥാനവും നേടിയത്, ഈ മേളയിലാണ്.

അഞ്ചാം സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ വീണ്ടും തിരുവനന്തപുരത്തിന് അവസരം ലഭിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ച് ഗവര്‍ണര്‍ ശ്രീ. വി. വി. ഗിരിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഗവര്‍ണര്‍ അന്ന് എന്‍.സി.സിയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.

ചങ്ങനാശ്ശേരിയിലെ പെരുന്ന എന്‍. എസ്. എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ ആറാം കലോത്സവത്തില്‍ വിഭവസമൃദ്ധമായ സദ്യ മൂന്നു ദിവസവും ഏര്‍പ്പെടുത്തിയിരുന്നു. ഓരോ വിഭാഗത്തില്‍നിന്ന് ഓരോരുത്തരെ മാത്രം സംസ്ഥാനതലത്തിലേക്ക് പരിഗണിച്ചാല്‍ മതി എന്ന നിയമം ഉത്സവകമ്മിറ്റിയുടെ നിവേദനത്തെ തുടര്‍ന്ന് പരിഷ്‌കരിച്ചതും 1962ലായിരുന്നു. ജില്ലയില്‍ ഒന്നാം സമ്മാനം കിട്ടിയ എല്ലാവരെയും ഒറ്റക്കുള്ള ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിച്ചു.

ഒരു വിദ്യാഭ്യാസ വര്‍ഷത്തില്‍ ഏറ്റവും നേരത്തെ സംസ്ഥാനതല കലോത്സവം പൂര്‍ത്തിയാക്കിയത് 1962-63ലായിരുന്നു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ഏഴാമത് സംസ്ഥാന കലോത്സവം നടന്നത് 1962 നവംബര്‍ 29, 30, ഡിസംബര്‍ 1 എന്നീ തിയതികളിലായിരുന്നു. അങ്ങനെ 1962 കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് കലോത്സവങ്ങള്‍ നടക്കുകയും 1963ല്‍ നടക്കാതെ വരികയും ചെയ്തു.

ഒരു വിദ്യാഭ്യാസ ജില്ലയില്‍നിന്നും പരമാവധി 26 പേര്‍ക്ക് (19 ആണ്‍കുട്ടികള്‍, 7 പെണ്‍കുട്ടികള്‍) മാത്രമേ പങ്കെടുക്കാവൂ എന്നും നിജപ്പെടുത്തിയതും തൃശൂരിലെ ആദ്യ കലോത്സവത്തിലായിരുന്നു. പുല്ലാങ്കുഴല്‍ വായിച്ച് കെ. എസ്. ഗോപാലകൃഷ്ണന്‍ ഒന്നാം സമ്മാനം നേടിയതും ഇവിടെവെച്ചുതന്നെ.

എട്ടാമത് കലോത്സവ മത്സരങ്ങള്‍ക്കായി തിരുവല്ല എസ്. സി. എസ്. ഗ്രൗണ്ടില്‍ പ്രത്യേക സ്റ്റേജും പന്തലും ഒരുക്കിയിരുന്നു. ഗ്രൂപ്പിനങ്ങളില്‍ ഒരു ജില്ലയില്‍നിന്നും ഒരു ഗ്രൂപ്പ് മാത്രം എന്നു തീരുമാനമായി. ഭരതനാട്യവും നാടോടിനൃത്തവുമൊഴിച്ചുള്ള മറ്റെല്ലാ ഇനങ്ങള്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. പ്രസംഗമത്സരത്തില്‍ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും നല്‍കിയിരുന്നു.

ഷൊര്‍ണൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ കമനീയമായ പന്തലില്‍ വച്ചായിരുന്നു ഒമ്പതാമത് കലോത്സവം. 10,250 രൂപയുടെ ബഡ്ജറ്റുണ്ടായിരുന്ന ഈ കലോത്സവം പങ്കാളിത്തംകൊണ്ടും ക്രമീകരണങ്ങള്‍കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി. എങ്കിലും ചില മത്സരങ്ങളുടെ നിലവാരം മോശമായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്.

സ്‌കൂള്‍ അടിസ്ഥാനത്തിലുള്ള കലോത്സവങ്ങള്‍ പൂജവെയ്പിനുള്ള അവധിക്കും ജില്ലാ അടിസ്ഥാനത്തിലുള്ളവ ക്രിസ്തുമസ് അവധിക്കാലത്തുമായിരുന്നു നടത്തിപ്പോന്നിരുന്നത്. ഓരോ ജില്ലയില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ഒന്നോ രണ്ടോ അദ്ധ്യാപകരാണ് സംസ്ഥാന തലത്തേക്ക് കൊണ്ടുപോയിരുന്നത്. രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം പോകുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല.

ആദ്യ കലോത്സവങ്ങളിലെ ഗ്ലാമര്‍ ഇനം നാടകമായിരുന്നു എന്ന് പഴയ സംഘാടകരുടെയും അദ്ധ്യാപകരുടെയും അനുഭവക്കുറിപ്പുകളില്‍ കാണുന്നത്. നാടകങ്ങള്‍ കാണാന്‍ രാത്രി വൈകുവോളം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടുന്നത് കലോത്സവങ്ങളിലെ പതിവു കാഴ്ചയായിരുന്നു.അത് ഇന്നും നിലനിന്നു പോരുന്നു എന്ന് നമുക്ക് കാണാം. എന്നാല്‍ അക്കാലത്ത് നൃത്ത ഇനങ്ങള്‍ക്ക് പൊതുജനങ്ങളെ കാര്യമായി ആകര്‍ഷിക്കാനായില്ല.എന്നാൽ ഇന്ന് ജനപങ്കാളിത്തം കൊണ്ട് മേള ജനകീയ കലോത്സവമായി മാറിയിരിക്കുന്നു.

കലോത്സവ ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തില്‍ സുപ്രധാനമായ സംഭാവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയായിരുന്നു ശ്രീ ഗണേശയ്യര്‍. കലാതല്‍പരനായിരുന്ന അദ്ദേഹം ചേര്‍ത്തല ഗവ. മോഡല്‍ ഹൈസ്‌കൂളിലെ പ്രധാനദ്ധ്യാപകനായിരുന്നു.പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറായാണ് റിട്ടയര്‍ ചെയ്തത്. കലോത്സവത്തിലെ മത്സര ഇനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും ഓരോന്നിനുമുള്ള സമയപരിധി നിശ്ചയിക്കുന്നതിലും മൂല്യനിര്‍ണ്ണയോപാധികള്‍ നിജപ്പെടുത്തുന്നതിലുമെല്ലാം വളരെ ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുള്ള കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.

1966, 67, 72, 73 വര്‍ഷങ്ങളില്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ കാരണം കലോത്സവങ്ങള്‍ നടന്നില്ല. ആദ്യം കാശ്മീരിനെചൊല്ലിയും രണ്ടാം തവണ ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലുണ്ടായ ഇന്ത്യാ-പാക് യുദ്ധങ്ങളുമാണ് കലോത്സവ ചരിത്രത്തില്‍ വിടവുകള്‍ സൃഷ്ടിച്ചതെങ്കിൽ 2020,2021 വർഷങ്ങളിൽ കോവിഡ് രോഗവ്യാപനത്തെത്തുടർന്നാണ് കേരള സ്കൂൾ കലോത്സവം നടത്താൻ പറ്റാതെ വന്നത്.

1960കളുടെ അവസാനത്തോടെ വിദ്യാഭ്യാസമന്ത്രിമാര്‍ കലോത്സവത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങി തുടങ്ങി. 1968ല്‍ തൃശൂരില്‍ നടന്ന പത്താമത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ്‌കോയ ആയിരുന്നു. സമാപന ദിവസം മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്. പിന്നീടിങ്ങോട്ട് നടന്ന കലോത്സവങ്ങളിലെല്ലാം മുഖ്യമന്ത്രിയും മറ്റു പ്രമുഖ മന്ത്രിമാരും മേളകളില്‍ സ്ഥിരമായി സംബന്ധിച്ചുപോന്നു. കലോത്സവങ്ങള്‍ക്ക് കൂടുതല്‍ മാധ്യമശ്രദ്ധയും പൊതുജനപങ്കാളിത്തവും ഉണ്ടാവാന്‍ അത് കാരണമായി.1969ൽ കോട്ടയത്തായിരുന്നു മേള.

1970 ആയപ്പോഴേക്കും ഇരിങ്ങാലക്കുട കലോത്സവത്തില്‍ വലിയ പന്തലുകളും ഉയര്‍ന്ന സ്റ്റേജും ഒക്കെ സജ്ജീകരിക്കാന്‍ തുടങ്ങി. 1971ല്‍ ആലപ്പുഴയില്‍ നടന്ന മേളയില്‍ പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ച യുവജനോത്സവഗാനം എല്ലാവരെയും ആകര്‍ഷിച്ചു. എല്ലാ ജില്ലകളുടെയും പതാകകള്‍ ഉയര്‍ത്തുന്ന ചടങ്ങ് ഏര്‍പ്പെടുത്തി. സമ്മാനാര്‍ഹമായ ഇനങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി.

പണ്ഡിതനും കലാതല്‍പരനുമായ ആര്‍. രാമചന്ദ്രന്‍നായര്‍ വിദ്യാഭ്യാസ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടുകൂടി കലോത്സവത്തിന്റെ ഒരു പരിവര്‍ത്തനഘട്ടത്തിന് തുടക്കമായി. ജനസ്വാധീനമുള്ള കൂടുതല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി, മത്സരഇനങ്ങളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായി.74 ൽ മാവേലിക്കരയിലും 75 ൽ പാലായിലുമായിരുന്നു വേദി.പ്രസ്തുത വർഷത്തിലാണ് കഥകളിസംഗീതം,മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയവ മത്സര ഇനങ്ങളായത്.കലോത്സവത്തിനു മുമ്പുള്ള ഘോഷയാത്ര ഏർപ്പെടുത്താൽ തീരുമാനിക്കുകയും അടുത്ത വർഷം മുതൽ നടപ്പിലാവുകയും ചെയ്തു.

1976ല്‍ കോഴിക്കോട്ടെത്തിയപ്പോഴേക്കും കലോത്സവം വളരെ വിപുലവും പ്രൊഫഷണലും ആയി സംഘടിപ്പിക്കപ്പെട്ടുതുടങ്ങി. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആര്‍. രാമചന്ദ്രന്‍നായരുടെ കാലഘട്ടം കലോത്സവത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. കാവ്യകേളി, അക്ഷരശ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങള്‍ കാലഹരണപ്പെട്ടു പോകാതിരിക്കാന്‍ എടുത്ത നടപടി സാംസ്‌കാരിക കേരളം എന്നും ഓര്‍ത്തുവെക്കും.

കലോത്സവ വേദികളിലെ വാര്‍ത്തകളും വിശേഷങ്ങളും മറ്റു കലാസൃഷ്ടികളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്മരണിക പുറത്തിറക്കുന്ന സമ്പ്രദായത്തിന് 1968-ല്‍ തൃശൂരില്‍ തുടക്കമായിരുന്നു. വിജയികളുടെയും സംഘാടകരുടെയും വിധികര്‍ത്താക്കളുടെയുമെല്ലാം പേരുവിവരങ്ങളുമായി ഇറങ്ങിയ സ്മരണികകള്‍ ഓരോ കലോത്സവങ്ങളുടെയും ചരിത്രശേഷിപ്പുകളായി.

വൈലോപ്പിള്ളി, പാറപ്പുറത്ത്, സുകുമാര്‍ അഴീക്കോട്, പവനന്‍, വത്സല ടീച്ചര്‍, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവര്‍ പത്രാധിപരായി മാറിയപ്പോള്‍ സ്മരണികകള്‍ മലയാളഭാഷക്കുള്ള കലോപഹാരങ്ങളായി. എം ടി, ഒ എൻ വി, അക്കിത്തം,യു എ ഖാദർ,ജി ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, തകഴി, ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, മാലി, കാരൂര്‍, ഉറൂബ്,എം. വി. ദേവന്‍, കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കെ എസ് ചിത്ര, കാവ്യാ മാധവൻ, മഞ്ജു വാര്യർ, നവ്യാ നായർ, വിനീത്, സുധീഷ്, എം പി. അപ്പന്‍, എം ജി എസ്, കെ കെ എൻ കുറുപ്പ്, സക്കറിയ, പി വത്സല, കെ പി രാമനുണ്ണി, കെ ഇ എൻ, കൽപ്പറ്റ നാരായണൻ, ആക്ബർ കക്കട്ടിൽ, പി കെ പാറക്കടവ്, പി കെ ഗോപി, കെ പി സുധീര, പി പി ശ്രീധരനുണ്ണി, തുടങ്ങി അനേകം സാഹിത്യ- കലാ കുലപതിമാര്‍ സ്മരണികകളില്‍ സദ്യവട്ടം ഒരുക്കി.

കലോത്സവത്തിനു മുന്നോടിയായി വര്‍ണ്ണശബളമായ ഘോഷയാത്ര ഒരുക്കുന്ന പതിവ് 1976ല്‍ കോഴിക്കോടാണ്, തുടങ്ങിയത്. മാനാഞ്ചിറ മൈതാനത്തുനിന്നും തുടക്കം കുറിച്ച് സാമൂതിരി ഹൈസ്‌കൂൾ നഗരിയിലേക്ക് ഘോഷയാത്ര നീങ്ങിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ. കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയെ വിദ്യാര്‍ത്ഥി സംഘങ്ങളും ബാന്റുവാദ്യക്കാരും, കോല്‍ക്കളി സംഘങ്ങളും, അലങ്കരിച്ച വാഹനങ്ങളില്‍ ഒരുക്കിയ നിശ്ചലദൃശ്യങ്ങളുമെല്ലാം അന്ന് കാണികളെ ആവേശഭരിതരാക്കി. 77 ൽ എറണാകുളവും 78ൽ തൃശൂരും 79 ൽ കോട്ടയവും 80 ൽ തിരുവനന്തപുരവും 81 ൽ പാലക്കാടും മേളക്ക് ആതിഥ്യമരുളി.

1982 ല്‍ ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായി ചാര്‍ജ്ജെടുത്തത് കലോത്സവ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടായി. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും ഏതാണ്ട് ഇരട്ടിയായി. പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനും, എല്ലാ കേരളീയ കലാരൂപങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാനും, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുമുള്ള സജീവമായ നടപടികള്‍ അക്കാലത്ത് ഉണ്ടായി. 82ൽ കണ്ണൂരിലും 83ൽ എറണാകുളത്തും 84 ൽ കോട്ടയത്തുമായിരുന്നു യുവജനോത്സവം നടന്നത്.

1985ല്‍ എറണാകുളത്ത് കലോത്സവത്തിന്റെ രജത ജൂബിലി കൊണ്ടാടിയപ്പോഴേക്കും അതൊരു നിറപ്പകിട്ടാര്‍ന്ന മേളയായി മാറിക്കഴിഞ്ഞിരുന്നു.

1985ല്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രജതജൂബിലി കലോത്സവം നടക്കുമ്പോൾ, അന്നു പദ്യപാരായണത്തിലും കവിതാ രചനയ്ക്കും അക്ഷരശ്ലോകത്തിനും ജഡ്ജിയായി വന്നത് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ആയിരുന്നു. തൊട്ടടുത്തെ മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്രു സ്വര്‍ണ്ണക്കപ്പിനായുള്ള അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നുണ്ടായിരുന്നു.പന്തുകളിക്കുന്നവര്‍ക്ക് സ്വര്‍ണ്ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കും അതു കിട്ടേണ്ടേ എന്ന് വൈലോപ്പിള്ളിക്കു തോന്നി. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനു മുന്നില്‍ തന്റെ നിര്‍ദ്ദേശം വച്ചു.കഴിയുമെങ്കില്‍ 101 പവനുള്ള ഒരു സ്വര്‍ണ്ണക്കപ്പ് കലോത്സവത്തിനും ഏര്‍പ്പെടുത്തണമെന്ന വൈലോപ്പിള്ളിയുടെ ആശയം, അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ടി.എം. ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത വര്‍ഷത്തെ കലോത്സവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍ ഉള്ള തൃശ്ശൂര്‍ നഗരത്തില്‍ വച്ചായിരുന്നു നടന്നത്.മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂരില്‍ ഉള്ള സ്വര്‍ണ്ണക്കടക്കാരെ ഒരു ചായ സല്‍ക്കാരത്തിന് വിളിക്കുകയും, 101 പവന്റെ സ്വര്‍ണ്ണക്കപ്പിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ നാലിലൊന്നുപോലും വാഗ്ദാനം ലഭിച്ചില്ല. വാക്ക് പാലിക്കാന്‍ കഴിയാതെ നിരാശനായ മന്ത്രി ആ വര്‍ഷം ജേതാക്കള്‍ക്ക് നടരാജവിഗ്രഹം പ്രതിഷ്ഠിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണ്ണം പൂശി നല്‍കുകയായിരുന്നു.വരുന്ന വര്‍ഷമെങ്കിലും സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയേ തീരു എന്ന ഉറച്ച തീരുമാനമെടുത്ത മന്ത്രി ടി.എം. ജേക്കബ് വളരെ നേരത്തെത്തന്നെ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അങ്ങനെ സ്വര്‍ണ്ണക്കപ്പിനുള്ള പണം പിരിച്ചെടുത്തു .പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ 'വിദ്യാരംഗ'ത്തിന്റെ ആര്‍ട്ട് എഡിറ്ററായിരുന്ന ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പ് രൂപകല്‍പ്പന ചെയ്തത്. ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുന്‍പ് ഗുരുവായൂരില്‍ വച്ച് വൈലോപ്പിള്ളിയെ കണ്ടിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദ്ദേശിക്കുകയും ചെയ്തു. തൃശ്ശൂരിലെ ബെന്നി ടൂറിസ്റ്റ്‌ഹോമിലിരുന്ന് കേവലം ഒറ്റ ദിവസം കൊണ്ടാണ് ശ്രീകണ്ഠന്‍നായര്‍ രൂപകല്‍പ്പന തയ്യാറാക്കിയത്.പത്തനംത്തിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടി.വി.ആര്‍ നാഗാസ് വര്‍ക്‌സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. വര്‍ക്‌സ് ഉടമകളായ ടി. ദേവരാജനും ചിറ്റപ്പന്‍ വി. ദണ്ഡപാണിയുമായിരുന്നു പണിതീര്‍ത്ത കപ്പ് 1987ല്‍ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

വീട്ടിയില്‍ തീര്‍ത്ത പീഠത്തിലായിരുന്നു 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈയ്യില്‍ വലംപിരിശംഖ് പിടിച്ചതുപോലെ സ്വര്‍ണ്ണക്കപ്പ്. തിരുവിതാംകൂര്‍ രാജ്യചിഹ്നത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപമായിരുന്നു കപ്പിന്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിനു മുകളില്‍ ഗ്രന്ഥവും, അതിന്റെ മുകളില്‍ കൈ, അതിനും മേലെ ശംഖ്. ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരണമേ എന്നാണ് സാരം.

1987ല്‍ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു. കപ്പിന് താഴെ വെള്ളിത്തകിടില്‍ Education Minister Golden Trophy എന്നും, അതിനു കീഴെയായി Instituted by T.M. Jacob, Minister for Education during 1986-87 എന്നും ആലേഖനം ചെയ്തുവച്ചിരുന്നത് വിവാദമായി. വരി മായ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു. 1987ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരികയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രിയുടെ പേര് കപ്പില്‍ നിന്നും മായ്ക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1988ല്‍ കൊല്ലത്തുനടന്ന കലോത്സവത്തില്‍ പേരു മായ്ച്ച സ്വര്‍ണ്ണക്കപ്പാണ് ജേതാക്കളേറ്റുവാങ്ങിയത്.

ഗ്രേഡിംഗ് സംവിധാനം വരികയും, പ്രതിഭാ-തിലകം പട്ടങ്ങള്‍ എടുത്തുകളയുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കപ്പ് ഇന്നും നിലനില്‍ക്കുന്നു. കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെ. ജേതാക്കള്‍ക്ക് ഒരു നിമിഷം മാത്രമേ സ്വര്‍ണ്ണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പൊലീസ് അകമ്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയില്‍ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു.

1987ല്‍ കോഴിക്കോട്ട് അവതരിപ്പിച്ച സ്വര്‍ണ്ണക്കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടാനായതും കോഴിക്കോടിനുതന്നെ - 18 തവണ. കപ്പില്‍ ആദ്യത്തെ മൂന്നു തവണയും മുത്തമിട്ട തിരുവനന്തപുരത്തിന് പിന്നീടിങ്ങോട്ട് അത് കിട്ടാക്കനിയായി. എറണാകുളം നാലു തവണയും തൃശ്ശൂരും കണ്ണൂരും മൂന്നു തവണ വീതവും പാലക്കാട് അഞ്ച് തവണയും സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി. അതില്‍ രണ്ടായിരത്തില്‍ നടന്ന കലോത്സവത്തില്‍ എറണാകുളവും കണ്ണൂരും കപ്പ് പങ്കിടുകയാണ് ചെയ്തത്.

2009ല്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി മേളകള്‍ ഒന്നാക്കിയതോടൊപ്പം കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതിലും പരിഷ്‌കാരമായി. രണ്ടു വിഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഇപ്പോള്‍ കപ്പു നല്‍കുന്നത്.

തൃശൂരില്‍ 1986ല്‍ നടന്ന മേളയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തി. കവി ചെമ്മനംചാക്കോ ആയിരുന്നു പട്ടങ്ങളുടെ പേര് നിര്‍ദ്ദേശിച്ചത്.

കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയും പ്രഥമ പട്ടങ്ങള്‍ സ്വന്തമാക്കി. വിനീതും പൊന്നമ്പിളിയും പിന്നീട് അഭ്രപാളികളിലെ താരങ്ങളായി. വിനീത് കുമാര്‍, ദിവ്യാ ഉണ്ണി, വിന്ദുജമേനോന്‍, മഞ്ജുവാര്യര്‍, കാവ്യാ മാധവൻ (ജില്ലാ കലാതിലകം), അമ്പിളീദേവി, ശിവജിത്ത് പത്ഭനാഭൻ തുടങ്ങിയ പ്രതിഭ-തിലകം പട്ടങ്ങള്‍ നേടിയ പലരും പിന്നീട് സിനിമാരംഗത്ത് ശ്രദ്ധേയരായി. കലാപ്രതിഭാ - തിലകം പട്ടങ്ങൾ നേടിയില്ലെങ്കിലും കെ എസ് ചിത്രയും വിനീത് ശ്രീനിവാസനും നവ്യാ നായരും യുവജനോത്സവ ഉൽപ്പന്നം തന്നെയാണ്.

88 ൽ കൊല്ലവും 89 ൽ എറണാകുളവും 90 ൽ ആലപ്പുഴയും 91 ൽ കാസർക്കോടും യുവജനോത്സവങ്ങൾക്ക് വേദിയായപ്പോൾ 92 ൽ തിരൂരും 93 ൽ ആലപ്പുഴയും 94 ൽ തൃശൂരും 95 ൽ കണ്ണൂരും 96ൽ കോട്ടയയവും മേളക്ക് നേതൃത്വപരമായ പങ്കുവഹിച്ചു.

നൃത്ത-നൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്കുമാത്രം കലാപ്രതിഭ-കലാതിലകം പട്ടങ്ങള്‍ നല്‍കിയാല്‍ മതി എന്ന പരിഷ്‌കാരം 1999ല്‍ നിലവില്‍ വന്നു. ആ വര്‍ഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭ പട്ടങ്ങള്‍ക്ക് അവകാശികളില്ലാതെ വന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീട് പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. 2005ല്‍ ആതിര. ആര്‍.നാഥായിരുന്നു അവസാനമായി പട്ടം നേടിയത്.ആ വർഷം പ്രതിഭാ പട്ടം ഉണ്ടായിരുന്നില്ല.

ഏറ്റവും കൂടുതല്‍ കലാതിലകങ്ങളുണ്ടായത് പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് - 5 എണ്ണം. കലാപ്രതിഭകളില്‍ അഞ്ച് പട്ടങ്ങളുമായി കോട്ടയമാണ് മുന്നില്‍.

കലാതിലകം പട്ടത്തിന് അര്‍ഹയാണെന്ന കോടതി വിധി നേടി തൊട്ടടുത്ത വര്‍ഷത്തെ ഉദ്ഘാടന സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ അനുഭവമുള്ളത് തൃശ്ശൂരില്‍ നിന്നുള്ള അപര്‍ണ്ണ കെ. ശര്‍മ്മയ്ക്കാണ്. 2000-ല്‍ പാലക്കാട് വച്ച് നടന്ന കലോത്സവത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ കലാതിലകപട്ടം നിഷേധിക്കപ്പെട്ട അപര്‍ണ്ണ, പിന്നീട് കോടതി കയറി അനുകൂല വിധി നേടുകയും 2001-ല്‍ തൊടുപുഴയില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ പി.ജെ. ജോസഫിന്റെ കയ്യില്‍നിന്നും കിരീടം സ്വീകരിക്കുകയും ചെയ്തു.

97,98,99, വർഷങ്ങളിൽ എറണാകുളം, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളായിരുന്നു മേളക്ക് ആതിഥ്യമരുളിയത്.2000 ൽ പാലക്കാട്ടും 2001 ൽ തൊടുപുഴയിലും നടന്ന കലോത്സവം 2002 ൽ വീണ്ടും കോഴിക്കോട്ടെത്തി.

61 കലോത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ആതിഥ്യമരുളാന്‍ സാധിച്ചത് കോഴിക്കോട് ജില്ലക്ക് തന്നെ 8 തവണ.7 തവണവീതം എറണാകുളവും തൃശൂരും ആതിഥേയരായി.6 തവണ തലസ്ഥാന നഗരിയിലുമെത്തി കലോത്സവം. ഇതുവരെയും സംസ്ഥാന കലോത്സവത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏക ജില്ല വയനാടാണ്.

കലോത്സവമെന്നാല്‍ ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ കുത്തകയായിരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ഒരു തവണ പോലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ അവർക്ക് സാധിച്ചില്ല,

ഇന്നത്തെ കണ്ണൂരും കാസര്‍കോടും അടങ്ങിയ വടക്കേ മലബാര്‍ ജില്ലയായിരുന്നു ആദ്യ കലോത്സവത്തിലെ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി, കോഴിക്കോട് ജില്ലയാണ് കലോത്സവത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. 1990ന് ശേഷം 5 ഹാട്രിക് അടക്കം 19 തവണ കോഴിക്കോട് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് വർഷക്കാലം റണ്ണേഴ്സപ്പായ പാലക്കാടാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ചാമ്പ്യൻമാർ. കൈവിട്ടു പോയ സുവർണ കിരീടം തിരിച്ചെടുക്കുക എന്നതു തന്നെയാണ് കോഴിക്കോട് ജില്ലയുടെ ലക്ഷ്യം.

നാലു തവണ കലോത്സവ കിരീടം പങ്കു വെക്കേണ്ടി വന്നിട്ടുണ്ട് 1975ല്‍ കോട്ടയവും ഇരിങ്ങാലക്കുടയും, 1980ല്‍ തിരുവനന്തപുരവും ആലുവയും (മുൻപ് വിദ്യാഭ്യാസ ജില്ലാ തലത്തിലായിരുന്നു മത്സരം) മില്ലേനിയം കലോത്സവമായ 2000ല്‍ കണ്ണൂരും എറണാകുളവും 2015ൽ കോഴിക്കോടും പാലക്കാടും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്. ഈ വര്‍ഷങ്ങളില്‍ ആറുമാസം വീതം ഓരോ ജില്ലയും ഓവറോള്‍ ട്രോഫി കൈവശം വയ്ക്കുകയാണ് ഉണ്ടായത്.

ഏറ്റവും നേരിയ മാര്‍ജിനില്‍ ചാമ്പ്യന്മാരായതിന്റെ റെക്കോര്‍ഡ് കോഴിക്കോടിനാണ്. 2007ല്‍ പാലക്കാടിനെ കേവലം ഒരു പോയിന്റ് മറികടന്നാണ് കോഴിക്കോട് അന്ന് കപ്പില്‍ മുത്തമിട്ടത്. അപ്പീലുകള്‍ അപ്പീലുകള്‍ ആവശ്യത്തിലേറെ അനുവദിച്ചുകൊണ്ട് കോഴിക്കോടിനെ സംഘാടകര്‍ സഹായിക്കുകയായിരുന്നു എന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരായ പാലക്കാട് അന്ന് പ്രതിഷേധ സൂചകമായി റണ്ണേഴ്‌സ് അപ്പ് ട്രോഫി ഏറ്റുവാങ്ങിയില്ല.

നൂറുകണക്കിന് ഇനങ്ങളും ആയിരക്കണക്കിന് മത്സരാര്‍ത്ഥികളുമായി അരങ്ങേറുന്ന കലോത്സവത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഒരുപാട് അദ്ധ്യാപകര്‍ ആഴ്ചകളോളം ഇരുന്നായിരുന്നു ഇതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരുന്നത്. റജിസ്‌ട്രേഷന്‍ നടപടികളും ഫലപ്രഖ്യാപനവുമെല്ലാം വേഗത്തിലും എളുപ്പത്തിലുമാക്കാനായി 2001-ല്‍ നൂറു ശതമാനം കമ്പ്യൂട്ടര്‍വല്‍ക്കരണം കൊണ്ടുവന്നു.

അന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ വി.പി. ജോയ് ആയിരുന്നു അതിന് മുന്‍കൈ എടുത്തത്. ഐ.എസ്.ആര്‍.ഒ.യില്‍നിന്നും രാജിവെച്ച് തൃശ്ശൂരിലെ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഐ.ടി. അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ശ്രീ ഗ്രിഗറി ആണ് കലോത്സവത്തിലെ റജിസ്‌ട്രേഷന്‍ നടപടികള്‍ അത്യന്തം ലഘൂകരിച്ചുകൊണ്ടുള്ള സോഫ്ട്‌വെയര്‍ രൂപകല്‍പ്പന ചെയ്തത്.

സബ്ജില്ലാതലത്തില്‍നിന്നുതന്നെ സോഫ്ട്‌വെയര്‍ അനായാസം ഉപയോഗിച്ചുതുടങ്ങി. ഒരുതലത്തില്‍ നിന്നും അടുത്തതലത്തിലേക്കുള്ള വിവരങ്ങളുടെ ചിട്ടയായ ഒഴുക്ക് കലോത്സവനടത്തിപ്പില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഞൊടിയിടയില്‍ ഫലപ്രഖ്യാപനവും സ്‌ക്രീന്‍ ഡിസ്‌പ്ലെയുമെല്ലാം സാധ്യമായി. 2003-ല്‍ ആലപ്പുഴയില്‍ നടന്ന കലോത്സവത്തോടുകൂടി സര്‍ട്ടിഫിക്കറ്റുകളും സോഫ്ട്‌വെയര്‍ ഉപയോഗിച്ച് തല്‍ക്ഷണം തയ്യാറാക്കാന്‍ തുടങ്ങി.

തുടര്‍ച്ചയായി ഏഴു വര്‍ഷങ്ങളില്‍ ശ്രീ. ഗ്രിഗറി സോഫ്ട്‌വെയര്‍ നിയന്ത്രിക്കുകയുണ്ടായി. യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സോഫ്ട്‌വെയര്‍ കലോത്സവ നടത്തിപ്പിന്നായി അദ്ദേഹം നല്‍കുകയായിരുന്നു.

1992ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കലോത്സവ മാന്വല്‍ പുറത്തിറക്കിയിരുന്നു. മത്സരങ്ങള്‍ക്കും നടത്തിപ്പിനും ഏകതാനമായ ഒരു രൂപം കൈവരുത്താനായിരുന്നു അത്. പ്രൈമറി തലത്തില്‍ മാത്രമായിരുന്ന ബാലകലോത്സവം യു. പി. തലംവരെ ആക്കിയതും അതിന് റവന്യൂജില്ലാതലം വരെ പരിധി നിശ്ചയിച്ചതും 1992ലായിരുന്നു. സംസ്ഥാനതല മത്സരങ്ങള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമാക്കുകയും ചെയ്തു.

യുവജനോത്സവവും സംസ്‌കൃതോത്സവവും സമന്വയിപ്പിച്ച് ഒരു മേളയാക്കിയതും 1992ല്‍ തന്നെ. പിന്നീട് 1995ല്‍ കണ്ണൂരില്‍വെച്ച് ടി.ടി.ഐ. കലോത്സവവും പി.പി.ടി.ടി.ഐ കലോത്സവവും ഈ മഹാമേളയുടെ ഭാഗമായി. ഒടുവില്‍ 2009ല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയെല്ലാം ചേര്‍ത്ത് ഒരു മഹാമേളയായി നടത്താന്‍ തീരുമാനമായി. അന്നു മുതലാണ് യുവജനോത്സവം എന്ന ടൈറ്റിൽ കേരള സ്കൂൾ കലോത്സവം എന്നായത്. ടി.ടി.ഐ. കലോത്സവങ്ങള്‍ വേര്‍പെടുത്തുകയും ചെയ്തു.2012 ൽ ആണ് ആൺകുട്ടികളുടെ കേരള നടനവും 2013 ൽപുതിയ 14 ഇനങ്ങളും ഉൾപ്പെടുത്തി മാന്വൽ പരിഷ്കരിച്ചു.2014 മുതൽ ഐ ടി @ സ്കൂൾ കലോത്സവ മേഖലയിലേക്കും കടന്നു വന്നു. ഇൻഫർമേഷൻ ടെക്നോളജി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക വഴി തത്സമയ പോയൻ്റ് അപ്ഡേഷൻ ലഭ്യമായി. ഇന്ന് മത്സരങ്ങൾ നടന്ന വേദിയിൽ നിന്നു തന്നെ റിസൾട്ട് അപ്ഡേറ്റ് ചെയ്തു തുടങ്ങി.

കലോത്സവവുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിൽ പക്കമേളത്തിനും പിൻപാട്ടിനും പകരം റെക്കോഡ് ചെയ്തും ഉപയോഗിക്കാമെന്ന പരിഷ്കരണമുണ്ടായത് 1985 കലോത്സവം മുതലാണ്.2005 മുതൽ പ്രച്ഛന്നവേഷ മത്സരം ഒഴിവാക്കിയതും നൃത്ത ഇനങ്ങൾക്ക് സി ഡി മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശവും വന്നു.

അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006ല്‍ ഗ്രേഡിംഗ് സംവിധാനവും കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. മത്സരമല്ല ഉത്സവമാണ് നമുക്ക് വേണ്ടത് എന്ന കുഞ്ഞുണ്ണിമാഷിന്റെ ഉപദേശത്തെ അനുസരിച്ചുകൊണ്ടുള്ള നിയമാവലികള്‍ക്കും നടത്തിപ്പിനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പും സംഘാടകരും ഇന്ന് പ്രാധാന്യം നല്‍കുന്നത്.

1957ല്‍ കേവലം 400ഓളം വിദ്യാര്‍ത്ഥികള്‍ക്ക് 20ല്‍ ചുവടെയുള്ള മത്സരങ്ങളില്‍ക്കായി ഒരു വേദിയില്‍വെച്ച് സംഘടിപ്പിക്കപ്പെട്ട സ്‌കൂള്‍ കലോത്സവം, ഇന്ന് 200ല്‍ പരം മത്സരങ്ങളില്‍ 12,000 ത്തോളം വിദ്യാര്‍ത്ഥികള്‍ 24 വേദികളിലായി മാറ്റുരയ്ക്കുന്ന മഹോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക മഹിമയ്ക്ക് തിലകക്കുറിയായ ഈ മേളയുടെ പെരുമ ലോകം മുഴുവന്‍ വാഴ്ത്തപ്പെട്ടിരിക്കുന്നു.

ഏത് വർഷങ്ങളിലൊക്കെ കലോത്സവം കോഴിക്കോട്ടെത്തിയിട്ടുണ്ടോ ആവർഷങ്ങളിലെല്ലാം മേളക്ക് വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. 60 ൽ ആദ്യമായി കോഴിക്കോട്ട് മേള നടന്നപ്പോഴാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.76 ലെ കോഴിക്കോട്ടെ മേളയിലാണ് ആദ്യമായി ഘോഷയാത്ര ആരംഭിച്ചത്. കോഴിക്കോട്ട് നടന്ന 87ലെ യുവജനോത്സവത്തിൽ ആദ്യമായി സ്വർണകപ്പിൽ തിരുപനന്തപുരം മുത്തമിട്ടു.94 ലാണ് ബാലകലോത്സവവും യുവജനോത്സവവും ഒന്നിച്ചു ചേർന്നത്.2002 ൽ കോഴിക്കോട് നടന്നപ്പോൾ സ്വർണക്കപ്പ് ഇങ്ങെടുത്തു,അത് ഒരു തുടക്കം മാത്രമായിരുന്നു.2010 മേളയിൽ നിന്നാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) നിലവിൽ വന്നത്. 2015ലെ കലാത്സവം ഐ ടി @ സ്കൂളിൻ്റെ തൽസമയ പോയൻ്റ് അപ്ഡേഷനോടെ പൂർണമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി.

അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവം ജനുവരി 3ന് കേരളത്തിൻ്റെ ബഹു.മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ കോഴിക്കോട്ട് തിരി തെളിയിക്കുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും ഉറ്റുനോക്കുന്നത്. കേരളത്തിൻ്റെ എല്ലാ മനസ്സുകളും സമ്പൂർണമായി കണ്ണും കാതും അർപ്പിക്കുന്ന മേളയായിരിക്കും എന്നത് തീർച്ചയാണ്. കോഴിക്കോടിൻ്റെ സാംസ്കാരിക പാരമ്പര്യം വിശ്വപ്രസിദ്ധമാണ്. കച്ചവടവും സംസ്കാരവും കലയുമെല്ലാം ഒരു ജുഗൽബന്ദി പോലെ ലോകത്തിന് സമ്മാനിക്കുന്ന നാടാണ് കോഴിക്കോട്. ആ പാരമ്പര്യവും പൈതൃകവും നിലനിർത്തുക തന്നെ ചെയ്യും.

ഒട്ടേറെ സവിശേഷതകളുമായാണ് നാം കലോത്സവത്തെ വരവേൽക്കുന്നത്. ഇത് ഒരു റിവഞ്ച് കലോത്സവമാണ്, കോവിഡെടുത്ത രണ്ടു വർഷങ്ങൾ തിരിച്ചുപിടിക്കാൻ കൂടിയുള്ള കലോത്സവം. ചരിത്രത്തിൽ ആദ്യമായി പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ എട്ട് ഏക്കർ വിസ്തൃതിയുള്ള വിക്രം മൈതാനത്തിൽ 60000 ചതുരശ്ര അടി വിസ്തീർണത്തിൽ വേദിയൊരുങ്ങുന്നു, 15000 പേർക്ക് ഇരുന്ന് പരിപാടി ആസ്വദിക്കാനാകും. പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പു വരുത്തുന്നു. കലോത്സവത്തോടനുബന്ധിച്ച് നടത്തിപ്പോരാറുള്ള ഘോഷയാത്ര ഒഴിവാക്കുകയും ദൃശ്യാവിഷ്കാരം എന്ന കൺസപ്റ്റ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മത്സരത്തിനുള്ള കാലതാമസം ഒഴിവാക്കാൻ ഔപചാരിക ഉദ്ഘാടന കർമ്മം രാവിലെ നടക്കുന്നു. മാത്രമല്ല മത്സരങ്ങൾ 5 ദിവസങ്ങളിലായി 24 വേദികളിൽ ക്രമീകരിച്ചിരിക്കുന്നു. മത്സരാർത്ഥികൾക്ക് വേദി കണ്ടെത്താൻ പ്രോഗ്രാം നോട്ടീസിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്നു. കോഴിക്കോട്ടെ പ്രശസ്ത സാഹിത്യകാരൻമാരുടെ പുസ്തകങ്ങൾ ഉദ്ഘാടന-സമാപന പരിപാടിയിൽ വിശിഷ്ടാതിഥികൾക്ക് ഉപഹാരമായി നൽകുന്നു. വേദി 2 സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ കലോത്സവത്തിൻ്റെ ഭാഗമായി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ സജ്ജീകരിക്കുന്നു. കല, സാഹിത്യം, ചിത്രകല, കൃഷി, പരിസ്ഥിതി എന്നീ മേഖലയിൽ നിന്നും സ്റ്റാളുകൾ തിരഞ്ഞെടുക്കുന്നു. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകത്തിൻ്റെ സ്വാദ് മൂന്നാം തവണയും കോഴിക്കോടൻ പെരുമയാവുന്നു.ഓരോ സമയവും പതിനയ്യായിരത്തിലേറെ പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര ഒരുങ്ങുന്നു. എ ഗ്രേഡ് ലഭിക്കുന്ന മുഴുവൻ ജേതാക്കൾക്കും ട്രോഫിയും പ്രൈസ് മണിയും നൽകുന്നു. മാത്രമല്ല മറ്റു ഗ്രേഡുകൾ വാങ്ങുന്നവർക്കും പ്രോത്സാഹന സമ്മാനം ലഭിക്കുന്നു.158 പേജിൽ തീർത്ത കലോത്സവ സോവനീറിൻ്റെ 12000 കോപ്പികൾ സമാപന ദിവസം പ്രകാശനം നടത്താൻ തക്ക രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നു. കലോത്സവത്തിന് മാറ്റേ കാൻ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നു.പാലക്കാട് ജില്ലയുടെ കൈവശമുള്ള സ്വർണക്കപ്പിന് വരവേൽപ്പ് നൽകുന്നതിനോടു കൂടി കലോത്സവം ലോഞ്ച് ചെയ്യുന്നു. അറുപത്തി ഒന്ന് ചിത്രകാരന്മാർ അണിനിരക്കുന്ന സമൂഹ ചിത്രരചനയോടെ അനൗപചാരികമായി കർട്ടൻ ഉയരുന്നു.

കലാകേരളത്തിൻ്റെ ഏറ്റവും വലിയ പ്രദർശന മാമാങ്കം കേരള സ്കൂൾ കലോത്സവം തന്നെയാണ്. നിരവധി കലാകാരന്മാരേയും കലാകാരികളേയും അത് കണ്ടെത്തുക തന്നെ ചെയ്തിരിക്കുന്നു. നമ്മുടെ പൈതൃകത്തിൻ്റെ ദീപശിഖാ വാഹകരായി ഈ കലാകാരന്മാൻ മറ്റൊരു തലമുറയെ വളർത്തിയെടുക്കുമെന്ന് നമുക്ക് ആശിക്കാം. എങ്കിലും വിമർശനാത്മകമായി നമുക്ക് കാണാവുന്ന ചിലതുണ്ട്. ആർട്ട് മ്യൂസിക്ക് ടീച്ചേഴ്സ് ഉൾപ്പെടെ അധ്യാപക കൂട്ടായ്മയുടെ കരുത്ത് പാവപ്പെട്ട കുട്ടികളുടെ സർഗാത്മക വഴികളിൽ തണലായി നിന്ന പഴയ കാലത്തു നിന്ന് പ്രൊഫഷണലുകളുടെ യാന്ത്രികമായ സാന്നിധ്യം കലോത്സവത്തെയും മങ്ങലേൽപ്പിക്കുന്നതു കാണാം.അവരാണ് കലയുടെ ഗതിയും വിധിയും നിർണയിക്കുന്നത് എന്നും കാണുന്നു. ഇന്നത്തെ കലോത്സവങ്ങളിൽ ബ്യൂറോക്രാറ്റുകളുടെ അമിതമായ ഇടപെടൽ പ്രകടമാണ്. കലോത്സവത്തിൻ്റെ പേരിലുള്ള ആർഭാടങ്ങൾ കലാകാരന്മാരെയല്ല കരാറുകാരെയാണ് സന്തോഷിപ്പിക്കുന്നത്.മാന്വൽ പരിഷ്കരണവും ഗ്രേഡിങ്ങ് സമ്പ്രദായവും മറ്റ് അനുബന്ധ മാറ്റങ്ങളും നിലവിൽ വന്നെങ്കിലും പലപ്പോഴും സ്കൂളുകൾ തമ്മിലും രക്ഷിതാക്കൾ തമ്മിലുമുള്ള അനാരോഗ്യമായ മത്സരങ്ങളിലേക്ക് സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് കലോത്സവം ഇപ്പോഴും നേരിടുന്ന പ്രശ്നം.ഇത്തരം അനാരോഗ്യ പ്രവണതകൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പും കലാരംഗത്തെ പ്രതിഭകളും ഉൾക്കൊള്ളുന്ന ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. കേരള സ്കൂൾ കലോത്സവം കുട്ടികളുടേതാണ്, അത് കുട്ടികൾക്ക് വിട്ടുകൊടുക്കുക തന്നെ വേണം. കണ്ടും കേട്ടും കളിച്ചും ചിരിച്ചും ആടിയും പാടിയും അവർ തിമർക്കട്ടെ... 

Tags:    
News Summary - kerala school kalolsavam article by nelliyott basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.