കലകളുടെ കൗമാരസംഗമത്തിന്റെ 61ാം അധ്യായത്തിന് ചരിത്രനഗരിയായ കോഴിക്കോട് വേദിയാവുകയാണ്. കലാകേരളത്തിന്‍റെ പുതുനാമ്പുകളെ വരവേൽക്കാന്‍ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണ്.1957ല്‍ ഇരുനൂറോളം പേര്‍ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയില്‍ തുടങ്ങിയ സ്കൂള്‍ കലോത്സവത്തിൽ ഇക്കുറി ഒത്തുചേരുന്നത് പതിനാലായിരത്തിലേറെ മത്സരാർഥികൾ.
ഒരു ദിവസത്തെ മത്സരപരിപാടി എന്ന നിലയില്‍നിന്ന് ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നില്‍ ഒട്ടേറെ ആലോചനകളും ചര്‍ച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വര്‍ധിച്ചപ്പോള്‍ കൃത്യമായ നിയമാവലികള്‍ രൂപപ്പെടേണ്ട സാഹചര്യം വന്നു. ഇത് യുവജനോത്സവ മാന്വലിന്‍റെ ആവിര്‍ഭാവത്തിലേക്കു നയിച്ചു. കലാതിലകം-കലാപ്രതിഭ പട്ടങ്ങള്‍, ഗ്രേസ് മാര്‍ക്ക് തുടങ്ങിയവ മേളയുടെ ആകര്‍ഷണമായി മാറി.
സിനിമാരംഗത്തേക്കുള്ള പ്രവേശനകവാടമായി കലാമേളയിലെ പ്രകടനം പലര്‍ക്കും പ്രയോജനപ്പെട്ടു. ഇത്തരം സാധ്യതകള്‍ തുറന്നു വന്നത് മേളയെ കടുത്ത മത്സരവേദിയാക്കി. കടുത്ത മത്സരങ്ങള്‍ അനാരോഗ്യ പ്രവണതകള്‍ക്ക് വഴിതെളിച്ചത് പലപ്പോഴും മേളയുടെ നിറംകെടുത്തി. കലാതിലകം, കലാപ്രതിഭ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചതും പകരം ഗ്രേഡ് മാത്രം പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചതും ഈ പശ്ചാത്തലത്തിലാണ്.
കേരളത്തിന്‍റെ സാംസ്കാരിക തനിമ അനാവരണംചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികള്‍ക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടികൂടിയാണ് സ്കൂൾ കലോത്സവങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ ചിലരെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാന്‍ ശ്രമിക്കുന്നുവെന്നതും ഒരു ദുഃഖസത്യമാണ്.
ഇതിനെതിരെ സ്വയം ജാഗ്രത്താവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികള്‍ക്ക് നിര്‍ഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉള്‍ക്കൊള്ളേണ്ട, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയില്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളാണ്.
ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂള്‍ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്കാരവേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് ഈ സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയട്ടെ എന്ന് ഒരിക്കല്‍കൂടി ആശംസിക്കുന്നു. കുഞ്ഞുണ്ണി മാഷ് ഒരിക്കൽ പറഞ്ഞു, ‘മത്സരം വേണ്ട, ഉത്സവം മതി’ എന്ന്. ആ അഭിപ്രായത്തിന്‍റെ സത്ത ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.