സംസ്ഥാന സ്കൂൾ കലോത്സവs സ്വർണ കപ്പ് മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, മേയർ ബീന ഫിലിപ്, എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.എം. സച്ചിൻ ദേവ് എന്നിവരുടെ നേതൃത്വത്തിൽ പ്രദർശനത്തിനുവെക്കാനായി കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് എത്തിച്ചപ്പോൾ
പി. അഭിജിത്ത്
കോഴിക്കോട്: കലയുടെ കാറ്റ് വീശിത്തുടങ്ങി... സാമൂതിരിയുടെ മണ്ണിൽ കലാമാമാങ്കത്തിനായി എത്തിയ പോരാളികൾ 24 തട്ടുകളിൽ ഇന്നു മുതൽ കലയങ്കംവെട്ടും. അഞ്ചുനാൾ ഇനി കൗമാരകലാ കേരളം കോഴിക്കോടിനെ കാൽച്ചിലമ്പൊലികളാൽ മുഖരിതമാക്കും.
കോവിഡ് മഹാമാരി കെട്ടിപ്പൂട്ടിയ രണ്ടു വർഷത്തിന്റെ ഇടവേളക്കു ശേഷം അരങ്ങുണരുന്ന 61ാമത് കലോത്സവത്തെ വരവേൽക്കാൻ മുമ്പെങ്ങുമില്ലാത്ത ഒരുക്കമാണ് കോഴിക്കോട് സജ്ജീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും അധ്യാപകരും നാട്ടുകാരും സന്നദ്ധസംഘടനകളും വിദ്യാർഥികളുമെല്ലാം ചേർന്ന കൂട്ടായ്മയിൽ വൻ ആഘോഷമാക്കാനാണ് കോഴിക്കോട് ഒരുങ്ങിയിരിക്കുന്നത്. ഉടയാടകളണിഞ്ഞ് നഗരം സുന്ദരിയായി. ഏഴു വർഷത്തിനു ശേഷമാണ് കോഴിക്കോട് കലോത്സവത്തിന് വേദിയാകുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മത്സരാർഥികളെ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കോഴിക്കോടൻ ഹൽവ നൽകി സ്വീകരിച്ചു. കാഞ്ഞങ്ങാട് നടന്ന കലോത്സവത്തിൽ ചാമ്പ്യന്മാരായ പാലക്കാട് മൂന്നു വർഷമായി കൈവശം വെക്കുന്ന സ്വർണക്കപ്പ് കോഴിക്കോടൻ അതിർത്തി കടന്ന് മാനാഞ്ചിറയിലെ ബി.ഇ.എം ഹൈസ്കൂളിൽ എത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 8.30ന് പ്രധാന വേദിയായ വിക്രം മൈതാനിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.