കോഴിക്കോട്: സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽനിന്ന് 10 കിലോ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര സിങ് (27), ഗുജറാത്ത് സ്വദേശി പങ്കജ് സിങ് രജപുത് (23) എന്നിവരാണ് അറസ്റ്റിലായത്. വ്യാപാരിയുടെ ഫ്ലാറ്റിലെ ജീവനക്കാരനാണ് ജിതേന്ദ്ര സിങ്. മറ്റൊരു പ്രതി പർവീൺ സിങ്ങിനെ പിടികിട്ടിയിട്ടില്ല. എട്ടുകിലോ സ്വർണം കണ്ടെടുത്തു.
ഏപ്രിൽ മൂന്നിന് രാത്രിയാണ് കല്ലായിയിലെ സ്വർണ വ്യാപാരിയുടെ 11ാം നിലയിലെ ഫ്ലാറ്റിൽ വൻ കവർച്ച നടന്നത്. ഫ്ലാറ്റിൽ കയറിയയാൾ ജിതേന്ദ്ര സിങ്ങിനെ കുത്തിപ്പരിക്കേൽപിച്ച് 10 കിലോ സ്വർണാഭരണങ്ങൾ കവർന്നുവെന്നായിരുന്നു കസബ പൊലീസിന് ലഭിച്ച പരാതി.
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജിതേന്ദ്ര സിങ്ങിനെ സംശയിച്ച പൊലീസ് ഇദ്ദേഹത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്തതോെട കവർച്ച ആസൂത്രണത്തിലെ പങ്ക് വ്യക്തമായി. ഫ്ലാറ്റിലെയും സമീപ ഭാഗങ്ങളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങളും സംഭവസമയത്തെ ഫോൺ കാളുകളും പരിശോധിച്ചതോെട പ്രതികളെക്കുറിച്ചുള്ള സൂചനയും ലഭിച്ചു. സ്വർണ വ്യാപാരമുള്ള മറ്റു പലരെയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.
പങ്കജ് സിങ് രജപുത്, പർവീൺ സിങ് എന്നിവർ ഫ്ലാറ്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് ജിതേന്ദ്ര സിങ്ങിെൻറ സഹായത്തോടെ കവർച്ചക്കനുകൂലമായ സാഹചര്യം ഒരുക്കിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവദിവസം രാത്രി ജിതേന്ദ്ര സിങ് ഒപ്പം ഫ്ലാറ്റിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു. ഈ സമയം പർവീൺ സിങ് ഫ്ലാറ്റിനു മുന്നിൽ നിരീക്ഷണത്തിന് നിൽക്കുകയും പങ്കജ് സിങ് ഫ്ലാറ്റിലെത്തി സി.സി.ടി.വി കാമറ ഓഫാക്കിയശേഷം രഹസ്യ അറകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ എടുക്കുകയുമായിരുന്നു.
ആഭരണവുമായി പങ്കജ് പോയശേഷം ജിതേന്ദ്ര സിങ് ശരീരത്തിൽ സ്വയം കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കുകയും മൽപിടിത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച് ബോധരഹിതനായി അഭിനയിച്ച് തറയിൽ കിടക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജിതേന്ദ്ര സിങ്ങിെൻറ സുഹൃത്തുക്കളായ പങ്കജ് സിങ് രജപുതും പർവീൺ സിങും ആണ് കവർച്ചക്കു പിന്നിലെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം വിവിധ സംസ്ഥാനങ്ങളിലെ പരിശോധനക്കൊടുവിൽ ഗോവയിൽനിന്ന് പങ്കജ് സിങ് രജപുതിനെ പിടികൂടുകയും മുംബൈയിലുള്ള ഇദ്ദേഹത്തിെൻറ ഭാര്യവീടിനടുത്തെ സുഹൃത്തുക്കളുടെ വീട്ടിൽ ഒളിപ്പിച്ച എട്ടുകിലോ സ്വർണം കണ്ടെത്തുകയുമായിരുന്നു.
ബാക്കി സ്വർണം അറസ്റ്റിലാവാനുള്ള പർവീൺ സിങ്ങിെൻറ പക്കലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.