സുപ്രഭാതത്തിലെ സന്ദീപ് വാര്യർക്കെതിരായ പരസ്യം: സമസ്തക്കുള്ളിൽ കടുത്ത അമർഷം

മലപ്പുറം: പാലക്കാട്ട് ഇടതുസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറത്തിറങ്ങിയ പത്രപരസ്യത്തിന്റെ പേരിൽ സമസ്‍തക്കുള്ളിൽ അമർഷം പുകയുന്നു. സമസ്ത മുഖപത്രത്തിൽ ജനങ്ങളെ വിഭാഗീയമായി തട്ടിലാക്കുന്ന പരസ്യം നൽകിയതാണ് അണികളെ പ്രകോപിപ്പിച്ചത്.

എ.പി വിഭാഗം മുഖപത്രത്തിലും പരസ്യം ഉണ്ട്. വലിയ വിമർശനവും വിവാദവുമാണ് വോട്ടെടുപ്പ് തലേന്ന് ഇറങ്ങിയ പരസ്യം ഉണ്ടാക്കിയത്. മുഖപത്രം അതിന്റെ ഭാഗമായതോടെ സമസ്തയും വെട്ടിലായി. നിലപാടില്ലാത്ത സംഘടനയായി മാറിയാൽ സമൂഹത്തിൽ വിലയില്ലാതാവുമെന്ന് നേതാക്കൾ പ്രതികരിച്ചു. അതിനിടെ സമസ്തക്ക് പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യത്തിലെ ഉള്ളടക്കവുമായി ബന്ധമില്ലെന്ന് പ്രസിഡന്റ് ജിഫ്രി തങ്ങളുടെ പ്രസ്താവന പുറത്തുവന്നു. ഈ പ്രസ്താവനക്കും കടുത്ത വിമർശനമാണ് സമസ്തക്കുള്ളിൽ ഉയരുന്നത്.

‘‘ഔദ്യോഗിക പ്രസിദ്ധീകരണവും നേതാക്കളും ചെയ്യുന്ന എല്ലാ തോന്നിവാസങ്ങൾക്കും ‘ബന്ധമില്ല’ എന്ന വിശദീകരണം കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു സംഘടനയായി സമസ്തയെന്ന്’’ സംഘടനക്കുള്ളിലെ സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നു. സംഘടനക്കുള്ളിൽ ചേരിതിരിഞ്ഞ് സാമൂഹിക മാധ്യമഗ്രൂപുകളുണ്ട്. അവയിൽ വലിയ പൊട്ടിത്തെറികളാണ് ഉയരുന്നത്.

ലോക്സഭാതെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഇടതുസ്ഥാനാർഥിയെ ജയിപ്പിക്കാൻ സമസ്ത മുഖപത്രത്തിൽ മാത്രം പരസ്യം വന്നത് ഏറെ വിവാദമായിരുന്നു. എന്നാലും അതിന്റെ ഉള്ളടക്കം ഇ​ത്രയേറെ വിമർശിക്കപ്പെട്ടിരുന്നില്ല. ഫാഷിസ്റ്റ് കൂടാരം വിട്ട് ജനാധിപത്യചേരിയിലേക്ക് വന്ന സന്ദീപ് വാര്യരുടെ മുൻകാല വിദ്വേഷപ്രസംഗങ്ങളെ പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് പരസ്യത്തിൽ. മുസ്‍ലിം ന്യൂനപക്ഷങ്ങളിറക്കുന്ന പ​ത്രത്തിലാണ് പരസ്യം നൽകിയത്. മുസ്‍ലിം വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പരസ്യമാണിതെന്ന വിമർശനം ഉയർന്നു.

ഇടതുമുന്നണി നൽകിയ പരസ്യം കൊണ്ട് ആത്യന്തികമായി നേട്ടം ബി.ജെ.പിക്കാണ് ലഭിക്കുക എന്ന വിലയിരുത്തലും വന്നു. വടകരയിലെ കാഫിർ സ്​ക്രീൻഷോട്ടിന് സമാനമായ പ്രചാരണമാണിതെന്ന വിമർശനമാണ് ഉയർന്നത്. ഇതിന് എന്തിന് കുട്ടു നിന്നു എന്ന വിമർശനം കടുത്തതോടെ സമസ്ത നേതാക്കൾക്ക് പ്രതികരിക്കേണ്ടി വന്നു.

അറിഞ്ഞുകൊണ്ട് വിഭാഗീയതക്ക് കൂട്ടുനിൽക്കുന്നത് ഇരട്ടി ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ വിമർശനം. അറിയാതെ പറ്റിയതല്ല. അറിഞ്ഞുകൊണ്ടുളള തെറ്റാണിത്. പാലക്കാട്ട് നടക്കുന്നത് വോട്ടുകളെ വിഭിന്ന തട്ടുകളിലാക്കാനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്യങ്ങളിലൂടെയാണെങ്കിലും പ്രസംഗങ്ങളിലൂടെയാണെങ്കിലും ഭിന്നിപ്പുണ്ടാക്കുന്നതിനെ കരുതിയിരിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു. അറിഞ്ഞുകൊണ്ടുള്ള ഇത്തരം ചെയ്തികളെ വിമർശിക്കാതിരിക്കാനാവില്ല. മലപ്പുറത്ത് ദാറുൽ ഹുദ സംടിപ്പിപ്പിച്ച പരിപാടിയിലായിരുന്നു പാണക്കാട് തങ്ങളുടെ പ്രസംഗം.

സമസ്തക്കുള്ളിൽ വിഭാഗീയത രൂക്ഷമാകാൻ കാരണാമാവുന്ന സംഭവമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യം. ആ അർഥത്തിൽ ഇടതുമുന്നണിക്ക് ഇത് നേട്ടമായി എന്ന വിലയിരുത്തലുമുണ്ട്. ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തിനിടയിൽ അടുത്തകാലത്ത് വലിയ വിള്ളൽ വീഴ്ത്താൻ ശ്രമം നടക്കുന്നുണ്ട്. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങളെ അവഹേളിച്ച് നടത്തിയ പ്രസംഗം വലിയ രോഷമാണ് ലീഗിലുണ്ടാക്കിയത്. സമസ്ത വിഷയം ഗൗരവത്തിലെടുക്കാത്തതിനെ ലീഗ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഒടുവിൽ നേതാക്കൾക്കിടയിൽ അനുരജ്ഞനശ്രമങ്ങൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് പരസ്യവിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഇതിനെ ചൊല്ലി വരുംദിവസങ്ങളിൽ വിവാദം ക​ടുക്കുമെന്നാണ് സൂചന. സമസ്ത മുഖപത്രത്തിന്റെ എഡിറ്റർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയാണ്. അദ്ദേഹം ഇതിന് മുമ്പത്തെ വിവാദങ്ങളിൽ പത്രത്തിന്റെ നിലപാടിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു. മറ്റു പത്രങ്ങളെ പോലെയാവാൻ സമസ്തയുടെ പത്രത്തിനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.


Tags:    
News Summary - suprabhaatham palakkad by election cpm ads against Sandeep Varier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.