ന്യൂഡൽഹി: നടൻ സിദ്ദീഖിന്റെ ജാമ്യ ഹരജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. സിനിമയുടെ പ്രിവ്യൂ കാണാനെന്നുപറഞ്ഞ് പ്രശസ്തയല്ലാത്ത ഒരു നടിയെ സിദ്ദീഖ് വിളിച്ചതെന്തിനാണെന്ന് കേരള സർക്കാറിന് വേണ്ടി ഹാജരായ രഞ്ജിത് കുമാർ ചോദിച്ചപ്പോൾ, അവർ മാതാപിതാക്കൾക്കൊപ്പം വന്നതിൽനിന്നുതന്നെ നടനുമായി മുൻപരിചയമുണ്ടെന്ന് മനസ്സിലാക്കാമെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി മറുപടി നൽകി. കേസെടുക്കാൻ കേരള പൊലീസ് വൈകിയതിനെ ന്യായീകരിച്ച രഞ്ജിത് കുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ലൈംഗിക ചൂഷണ വെളിപ്പെടുത്തലുകളുണ്ടായതെന്ന് വാദിച്ചു.
എന്നിട്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യമുണ്ടായെന്ന് ജസ്റ്റിസ് ത്രിവേദി ഇതിനോട് പ്രതികരിച്ചു. അവരിപ്പോഴും സിനിമ മേഖലയിലുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ വളരെ കുറഞ്ഞ അവസരങ്ങളേയുള്ളൂവെന്ന് അവർക്കുവേണ്ടി ഹാജരായ വൃന്ദ ഗ്രോവർ മറുപടി നൽകി. നടി ഹേമ കമ്മിറ്റി മുമ്പാകെ ഹാജരായിരുന്നോ എന്ന് അഭിഭാഷകരോട് ചോദിക്കാൻ മുകുൾ രോഹ്തഗി ആവശ്യപ്പെട്ടപ്പോൾ അവർ ഹാജരായിട്ടില്ലെന്ന് വൃന്ദ ഗ്രോവർ മറുപടി നൽകി. സിദ്ദീഖ് സഹകരിക്കുന്നില്ലെന്നും വരുമ്പോഴെല്ലാം എഴുതി തയാറാക്കിയ പ്രസ്താവനയുമായാണ് വരുന്നതെന്നും രഞ്ജിത് കുമാർ വാദിച്ചു. മറ്റെന്ത് ചോദിച്ചാലും ഓർക്കുന്നില്ലെന്നാണ് സിദ്ദീഖിന്റെ മറുപടിയെന്നും സർക്കാർ അഭിഭാഷകൻ കുറ്റപ്പെടുത്തി.
വിശദമായ വാദം കേട്ട ശേഷം ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നൽകി. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. എട്ടു വർഷത്തിനു ശേഷമാണ് പരാതി നൽകിയതെന്ന വാദം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. നേരത്തെ, സെപ്റ്റംബർ 30ന് സിദ്ദിഖിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.
കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ, എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും ഒരു ദശാബ്ദക്കാലത്തോളം മൗനം തുടർന്നതിന് തൃപ്തികരമായ മറുപടി നൽകാനാകുമോ എന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗോവറിനോട് കോടതി ചോദിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും വിശാലാർഥത്തിൽ കാണണമെന്നും അവർ കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് 19 വയസ്സുള്ളപ്പോഴാണ് മോശം അനുഭവമുണ്ടായത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ സംഘടനയുടെ സെക്രട്ടറിയായിരുന്നു സിദ്ദീഖ് എന്നും അഭിഭാഷക വാദിച്ചു. എന്നാൽ, പരാതിക്കാരിയുടെ പ്രായം സംബന്ധിച്ച് പോലും അവ്യക്തതയുണ്ടെന്ന് സിദ്ദീഖിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2016 ജനുവരി 28ന് നടൻ സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ആരോപണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.