തിരുവനന്തപുരം: കേള്‍വി ശക്തി തിരികെ ലഭിച്ചതിന്റെ സന്തോഷം മന്ത്രി കെ രാധാകൃഷ്ണനുമായി പങ്കുവെക്കാൻ ഇടമലക്കുടി സ്വദേശിയായ അഭിരാമി സെക്രട്ടേറിയറ്റിലെത്തി. ഇടമലക്കുടിയിലെ ശിവന്‍, മുത്തുമാരി എന്നിവരുടെ മകളായ അഭിരാമി ജന്മ ബധിരയായിരുന്നു. നല്ല ചികിത്സ ലഭിച്ചാല്‍ കേള്‍വി ശക്തി തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചിരുന്നു.
എന്നാൽ, ആദിവാസി കുടുംബത്തിന് പണം വിലങ്ങുതടിയായി. മന്ത്രി കെ. രാധാകൃഷ്ണന്‍ കഴിഞ്ഞ മെയ് 29ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിര്‍മാണോദ്ഘാടനത്തിന് സൊസൈറ്റിക്കുടിയിലെത്തി. അന്ന് ശിവനൊപ്പം പത്തു വയസുകാരിയായ അഭിരാമിയെ അദ്ദേഹം കണ്ടു. തുടർന്ന് അഭിരാമിയുടെ കാര്യത്തിൽ മന്ത്രി ഇടപെട്ടു.
ഭിന്നശേഷിക്കാരായ പട്ടിക വര്‍ഗക്കാരുടെ പരിമിതികള്‍ തരണം ചെയ്യാന്‍ സഹായിക്കുന്ന കാറ്റാടി പദ്ധതിയില്‍ അഭിരാമിയെ ഉള്‍പ്പെടുത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും ചികിത്സക്ക് കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കി മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക നല്‍കുകയായിരുന്നു. കേള്‍വി ഉപകരണത്തിനുള്ള തുകക്ക് പുറമെ അഭിരാമിക്കും മാതാപിതാക്കള്‍ക്കും തിരുവനന്തപുരത്ത് ചികിത്സക്കായി വന്നു പോകുന്നതിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കി. ഇതിന് നന്ദി പറയാന്‍ കൂടിയാണ് അഭിരാമി രാധാകൃഷ്ണനെ കാണാനെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, നാഷണല്‍ സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ധനിഷ്പ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധന നടത്തി. നിഷിലെ ചികിത്സക്ക് ഒടുവില്‍ കേള്‍വി ഉപകരണം ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വസ്ത്രങ്ങളും ചോക്ലേറ്റും നല്‍കി മന്ത്രി അഭിരാമിയെ സ്വീകരിച്ചു. ഇടമലക്കുടി സൊസൈറ്റിക്കുടിയിലെ സ്‌കൂളില്‍ അഭിരാമിയെ ഉടന്‍ ചേര്‍ക്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.