കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാർ 2011 ജൂൺ ആറിന് പരിഷ്കരിച്ച മൂലമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തിട്ട് ഇന്ന് 10 വർഷം തികയുന്നു. പദ്ധതിക്കുവേണ്ടി ഏഴ് വില്ലേജിൽനിന്ന് പുനരധിവാസം ഇല്ലാതെ 2008ൽ അച്യുതാനന്ദൻ സർക്കാർ വഴിയാധാരമാക്കിയ 316 കുടുംബങ്ങളിൽ 42 പേർക്കുമാത്രമാണ് അനുവദിക്കപ്പെട്ട പുനരധിവാസ പ്ലോട്ടുകളിൽ വീടുകൾ നിർമിക്കാനായത്.
ശേഷിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും താൽക്കാലിക സംവിധാനങ്ങളിൽ നരകതുല്യജീവിതം തള്ളിനീക്കുകയാണ്. 32 പേർ ആനുകൂല്യം ലഭിക്കാതെ മരണമടഞ്ഞു. നിരവധിപേർ രോഗപീഡകളാൽ പ്രയാസത്തിലാണ്. ചിലർ മനോരോഗികളായി. കുടുംബങ്ങൾ ശിഥിലമാക്കപ്പെട്ടു. പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ ഏഴ് സൈറ്റിൽ അഞ്ചും ചതുപ്പുനികത്തിയ സ്ഥലങ്ങളാണ്. ഇവ വാസയോഗ്യമായ ഭൂമികൾ അല്ലെന്ന് പൊതുമരാമത്ത് വകുപ്പ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കുടിവെള്ളം, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, രണ്ടുനില കെട്ടിടം പണിയാവുന്ന എ ക്ലാസ് ഭൂമി നൽകുന്നതുവരെ കുടുംബങ്ങൾക്ക് വാടകയിനത്തിൽ പ്രതിമാസം 5000രൂപ നൽകണമെന്ന ഹൈകോടതിയുടെ 2008ലെ വിധിയും സർക്കാർ നടപ്പാക്കിയിട്ടില്ല. പുനരധിവാസ ഉത്തരവുപ്രകാരം ലഭിക്കേണ്ട ജോലിയും നൽകിയിട്ടില്ല.
വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ബലിയാട് ആക്കപ്പെടുന്ന കുടുംബങ്ങൾക്ക് കോവിഡുകാലത്തെങ്കിലും ബജറ്റിൽ ആനുകൂല്യം പ്രതീക്ഷിച്ചിരുന്നു. അതുമുണ്ടായില്ല. പ്രക്ഷോഭത്തിന് മുതിരുന്ന കുടുംബങ്ങളെ കോവിഡ് നിബന്ധനകൾ കാണിച്ച് അധികാരികൾ ഭീഷണിപ്പെടുത്തുകയാണ്.
വികസനപ്രവർത്തനങ്ങൾക്ക് കിടപ്പാടം വിട്ടുകൊടുക്കുന്ന കുടുംബങ്ങളെ ഇങ്ങനെ വേട്ടയാടുന്നത് അനുകരണീയമല്ലെന്ന് കോഓഡിനേഷൻ കമ്മിറ്റിക്കുവേണ്ടി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ, വി.പി. വിൽസൺ, പ്രഫ. കെ. അരവിന്ദാക്ഷൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഫാ. പ്രശാന്ത് പാലപ്പള്ളി, സി.ആർ. നീലകണ്ഠൻ, ഹാഷിം, റെജി കുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, മൈക്കിൾ കോതാട്, ജസ്റ്റിൻ വടുതല, മേരി മൂലമ്പിള്ളി, സാബു എളമക്കര, വി.കെ. അബ്ദുൽ ഖാദർ, സുരേഷ് ചേരാനല്ലൂർ, ജോർജ് അമ്പാട്ട് തുടങ്ങിയവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.