തിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെ രണ്ടാമത് 100 ദിന പരിപാടിയില്‍ റവന്യൂ, സർവേ, ദുരന്തനിവാരണ, ഭവന നിർമാണ വകുപ്പുകളില്‍ 200 പദ്ധതികൾക്ക് തുടക്കം. 'എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന റവന്യൂ വകുപ്പിന്റെ പ്രഖ്യാപിത നയത്തിലൂന്നിയാണ് പ്രവർത്തനം. അതില്‍ ഏറ്റവും പ്രധാനം ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതാണെന്നും റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
75 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആധുനിക കെട്ടിട നിര്‍മാണ സാങ്കേതികവിദ്യയും കെട്ടിട നിർമാണ സാമഗ്രികളും ഒരു കുടക്കീഴില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസഹായം കൂടി ലഭ്യമാക്കി തിരുവനന്തപുരത്ത് നാഷനല്‍ ഹൗസ് പാര്‍ക്ക് സ്ഥാപിക്കും. ഐ.എൽ.ഡി.എമ്മിനെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ആക്കുന്നതിന്റെ ഭാഗമായി ദുരന്തനിവാരണം ഉള്‍പ്പെടെ വിഷയങ്ങളില്‍ വിവിധ എം.ബി.എ കോഴ്സുകള്‍ ആരംഭിക്കും. റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും റവന്യൂ വകുപ്പിന്റെ യുട്യൂബ് ചാനലും റവന്യൂ ജേണലും ഈ കാലയളവില്‍ ആരംഭിക്കും.
നൂറുദിന കര്‍മപരിപാടി അവസാനിക്കുമ്പോള്‍, കേരളത്തില്‍ രണ്ടാം എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 50,000 ഭൂരഹിതര്‍ ഭൂമിയുടെ അവകാശികളായി മാറും. എല്ലാ താലൂക്ക് തലങ്ങളിലും പട്ടയമേളകള്‍ സംഘടിപ്പിക്കും. കേരളത്തെ ഡിജിറ്റലായി അളക്കുന്നതിനുള്ള ഡിജിറ്റല്‍ റീസർവേക്ക് ഏപ്രില്‍ മാസത്തില്‍ തുടക്കമാകും. നാല് വര്‍ഷം കൊണ്ട് റീസർവേ നടപടികള്‍ പൂര്‍ത്തിയാക്കും. റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ ജനകീയ സമിതികള്‍ ഈ കാലയളവില്‍ നിലവില്‍ വരും.
എം.എന്‍ ലക്ഷം വീട് പദ്ധതിയില്‍ അനുവദിക്കപ്പെട്ട വീടുകളില്‍ നിലവില്‍ 3520 വീടുകള്‍ ഇരട്ട വീടുകളാണ്. ഇവയെ 7040 ഒറ്റ വീടുകളായി പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. അതിന്റെ സംസ്ഥാനതല ഉദ്ഘാടനം പദ്ധതിയുടെ 50-ാം വാര്‍ഷിക ദിനത്തില്‍ മേയ് 14 ന് തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ദുരന്ത വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ മള്‍ട്ടി ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടുന്ന സംസ്ഥാനമാണ് കേരളം. അടിക്കടിയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെയും മനുഷ്യനിര്‍മിത ദുരന്തങ്ങളെയും അഭിമുഖീകരിക്കേണ്ടതിന് കേരളത്തെ സജ്ജമാക്കുന്നതിനായി ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.