കണ്ണൂർ: കോവിഡ് പ്രതിസന്ധി തീർത്ത നീണ്ട ഇടവേളക്കു ശേഷം കാമ്പസുകൾ തുറന്നു. ജില്ലയിൽ ദിവസങ്ങൾക്കകം രണ്ട് കോളജുകളിലായി നടന്ന ഞെട്ടിക്കുന്ന റാഗിങ് സംഭവങ്ങളാണ് പുറത്തായത്. കാഞ്ഞിരോട് നെഹർ കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ് എന്നീ കാമ്പസുകളിൽ നടന്ന റാഗിങ് സംഭവത്തിൽ ആകെ 11 വിദ്യാർഥികളാണ് അറസ്റ്റിലായത്.
സർ സയ്യിദിൽ നടന്ന സംഭവത്തിൽ പെൺകുട്ടികളടക്കം 12 പേർക്കെതിരെയാണ് കേസ്. സീനിയർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥി സംഘമാണ് റാഗിങ് നടത്തിയതെന്ന് സംഭവത്തിെൻറ തീവ്രത വർധിപ്പിക്കുന്നു. നെഹർ കോളജിൽ റാഗിങ്ങിനിരയായ വിദ്യാർഥി മർദനമേറ്റ് മണിക്കൂറുകളോളമാണ് ശുചിമുറിയിൽ ബോധരഹിതനായി കിടന്നത്. പണം ആവശ്യപ്പെട്ടാണ് ജൂനിയർ വിദ്യാർഥികളെ മുതിർന്ന കുട്ടികൾ മർദിക്കുന്നത്.
ആദ്യം ഭയന്ന് കുട്ടികൾ പണം നൽകുന്നു. സംഭവം ആവർത്തിക്കുന്നതോടെ പണം നൽകാൻ മടിക്കുന്നതോടെയാണ് ജൂനിയർ വിദ്യാർഥികൾക്ക് മർദനമേൽക്കുന്നത്. റാഗിങ്ങിനിരയായ ഇരു വിദ്യാർഥികൾക്കും ക്രൂര മർദനമാണ് ഏൽക്കേണ്ടിവന്നത്. സർ സയ്യിദിൽ നടന്ന സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇരുസംഭവത്തിലും പ്രതികളായ മുഴുവൻ വിദ്യാർഥികളെയും കോളജ് അധികൃതർ പുറത്താക്കി.
റാഗിങ് വിരുദ്ധ ബോധവത്കരണ ക്ലാസും മുന്നറിയിപ്പും പ്രവേശന ദിവസം തന്നെ കോളജ് അധികൃതരും വിദ്യാർഥി സംഘടനകളും നൽകുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇരുസംഭവങ്ങളും വ്യക്തമാകുന്നത്.
കൂടാതെ മുതിർന്ന വിദ്യാർഥികളെ ഭയന്ന് മിക്ക വിദ്യാർഥികളും റാഗിങ് വിവരങ്ങൾ പുറത്തു പറയുന്നില്ല എന്നതാണ് യാഥാർഥ്യം. ഓരോ കാമ്പസിലും സ്ഥാപന മേധാവി നേതൃത്വം നൽകുന്ന ആൻറി റാഗിങ് കമ്മിറ്റി രൂപവത്കരിക്കണമെന്ന നിയമവും പലയിടത്തും പാലിക്കാത്ത അവസ്ഥയാണ്. നിയമ പ്രകാരം രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ് റാഗിങ്.
പല വിദ്യാർഥികളും തങ്ങൾ ചെയ്യുന്ന കുറ്റത്തിെൻറ വ്യാപ്തിയോ നിയമ പ്രത്യാഘാതമോ അറിയാതെയാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്.
എം.എസ്.എഫ് -കെ.എസ്.യു സംഘടനകൾക്ക് ശക്തിയുള്ള കലാലയങ്ങൾ റാഗിങ് കേന്ദ്രങ്ങളായി മാറുകയാണ്. നിരന്തര കാമ്പയിനുകളും കുറ്റക്കാർക്ക് നേരെയുള്ള കർശന നടപടിയുമാണ് ഇത് അവസാനിപ്പിക്കാനുള്ള മാർഗം. എസ്.എഫ്.ഐക്ക് യൂനിറ്റുള്ളതും സ്വാധീനമുള്ളതുമായ കോളജുകളിൽ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൻറിറാഗിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വിഷയങ്ങൾ ഉയർത്തി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിവിധ കാമ്പയിനുകളും പ്രചാരണങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
റാഗിങ്ങിെൻറ പേരിൽ ജൂനിയർ വിദ്യാർഥികൾ കൊടിയ അക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും കാമ്പസുകളിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ചുകൂട. ഇരു സംഭവങ്ങളിലും കർശന നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ വരും നാളുകളിൽ കെ.എസ്.യു പ്രതിഷേധ സംഗമങ്ങൾക്ക് നേതൃത്വം നൽകും.
സംഘടനയുടെ നേതൃത്വത്തിൽ കാമ്പസുകളിൽ ആൻറി റാഗിങ് സ്ക്വാഡുകൾ രൂപവത്കരിക്കും. നിലവിൽ റാഗിങ്ങിന് ഇരയായ വിദ്യാർഥികൾക്ക് കൃത്യമായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കുറ്റവാളികൾക്കെതിരെ ശക്തമായ കേസെടുത്ത് എല്ലാ കാമ്പസുകളിലേ വിദ്യാർഥികൾക്കും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.