മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസിനെതിരെ കൂടുതൽ ജില്ലാ കമ്മിറ്റികൾ. 11 ജില്ലാ കമ്മിറ്റികളാണ് നവാസിനെതിരെ രംഗത്തെത്തിയത്. തൃശൂർ, ഇടുക്കി, കാസർകോട് ജില്ല കമ്മിറ്റികൾ മാത്രമാണ് നവാസിനെ പിന്തുണച്ചത്. മറ്റ് ജില്ലാ കമ്മിറ്റികൾ ചേർന്ന് നവാസിനെതിരെ സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി.
പി.കെ.നവാസിനെ മാറ്റിനിർത്തണമെന്നാണ് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെടുന്നത്. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ഇവർ കത്തിൽ പറയുന്നു. അതേസമയം, വിവാദങ്ങളിൽ ഹരിത നേതാക്കളുടെ പ്രതികരണം ഇന്നുണ്ടാവുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന വാർത്തസമ്മേളനത്തിൽ അവർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയേക്കും.
എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ വനിത കമീഷനിൽ 'ഹരിത' ഭാരവാഹികൾ നൽകിയ പരാതിയുടെ തുടർച്ചയായാണ് നടപടി. സംഘടനയോഗങ്ങൾ അടക്കമുള്ളവയിൽ മോശം പരാമർശങ്ങൾ നടത്തിയ പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവരോട് വിശദീകരണം തേടിയിട്ടുമുണ്ട്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. പിന്നീട് തുടർനടപടികൾ തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.