തിരുവനന്തപുരം: മൂന്നാമത് ലോക കേരള സഭ സമ്മേളനം 11 പ്രമേയങ്ങൾ അംഗീകരിച്ചു. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കൽ, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നൽകേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
വിദേശരാജ്യങ്ങളിലുള്ള പ്രവാസികളുടെയും ആശ്രിതരുടെയും വിദ്യാർഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണമെന്ന് പ്രമേയത്തിൽ ആവശ്യമുയർന്നു. തൊഴിലാളികൾക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്രസഭ രൂപവത്കരിച്ച കൗൺസിലിൽ ഇന്ത്യ അംഗമാകണം.
തൊഴിലാളി തർക്കങ്ങളിൽ ഇടപെടുന്നതിൽ ഉദ്യോഗസ്ഥരുടെ അഭാവം പലപ്പോഴും പ്രശ്നങ്ങളെ കൃത്യമായി നേരിടുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വഴിയൊരുക്കണം. എംബസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പ്രവാസികൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിലവിലെ നിയമങ്ങൾ പരിഷ്കരിക്കണം. തൊഴിൽ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണം. വിദേശ രാജ്യങ്ങളിലെ അധിക പഠനച്ചെലവ് കണക്കിലെടുത്ത് പ്രവാസികളുടെ മക്കൾക്ക് കേരളത്തിൽ പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയും വേണം. അതിനായി നോൺ റെസിഡന്റ് കേരള യൂനിവേഴ്സിറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.