തിരുവനന്തപുരം: പി.എസ്.സി ശിപാർശ നൽകിയിട്ടും സർക്കാർ നിയമനം നൽകാതെ 1150 അധ്യാപകർ പെരുവഴിയിൽ. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി, അസിസ്റ്റൻറ് പ്രഫസര്‍ (െലക്ചറര്‍) എന്നീ തസ്തികകളില്‍ എട്ടുമാസം മുമ്പ് നിയമനശിപാര്‍ശ ലഭിച്ചവരാണ് പെരുവഴിയിൽ തുടരുന്നത്. പി.എസ്.സി ശിപാര്‍ശ നൽകിയാല് മൂന്ന് മാസത്തിനകം നിയമന ഉത്തരവ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അധ്യാപകതസ്തികയില്‍ ജനുവരി മുതൽ ശിപാർശ ലഭിച്ചവർക്കുപോലും ഇതുവരെ നിയമനം നൽകിയിട്ടില്ല.
കോവിഡ്മൂലം സ്കൂള്‍-,കോളജുകള്‍ തുറക്കാത്തതും തസ്തികനിര്‍ണയം നടത്താത്തതുമാണ് നിയമനം വൈകാൻ കാരണം. സ്കൂളും കോളജുകളും തുറക്കാതെ നിയമനം നല്‍കില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതോടെ നാളിതുവരെ ജോലിയില്‍ പ്രവേശിക്കാനോ ശമ്പളം വാങ്ങാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേ സമയം, പി.എസ്.സി വഴി സര്‍ക്കാര്‍ ജോലി കിട്ടിയവരുടെ കണക്കില്‍ ഇവെരയും പി.എസ്.സി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ്, ടി.ടി.സി, ബി.എഡ്, എം.എഡ്, എം.ഫില്‍, നെറ്റ്, സെറ്റ്, കെ-ടെറ്റ്, സി-ടെറ്റ് തുടങ്ങി പ്രഫഷനല്‍ ബിരുദങ്ങള്‍ പലതും നേടിയവരാണ് റാങ്ക് പട്ടികയിലുള്ളത്.കഴിഞ്ഞ അധ്യയനവര്‍ഷം വരെ താൽക്കാലികക്കാരായി ജോലി ചെയ്തവരാണ് ഭൂരിഭാഗവും.
നിയമനശിപാര്‍ശ ലഭിച്ചതോടെ ജോലി ചെയ്ത അണ്-എയ്ഡഡ് സ്ഥാപനങ്ങളില്‍നിന്ന് രാജിവെച്ചു. ഇതോടെ നാലഞ്ച് മാസമായി വരുമാനമില്ല. അധ്യാപക നിയമനശിപാര്‍ശ ലഭിച്ചവരുടെ കാര്യത്തില്‍ ഒരേ നയമല്ല സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. യു.പി അധ്യാപക റാങ്ക്പട്ടികയില്‍നിന്ന് ജനുവരിയില്‍ നിയമനശിപാര്ശയുണ്ടായ തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലും എല്‍.പി അധ്യാപകരായി നിയമനശിപാര്ശയുണ്ടായ കണ്ണൂരിലും ഫെബ്രുവരിയില്‍ നിയമനം നല്കി.
എന്നാല്‍ ജനുവരിയില്‍ നിയമനശിപാര്‍ശ ലഭിച്ച മറ്റ് ജില്ലകളില്‍ ഇനിയും നിയമനം ആയില്ല. ഈ വര്‍ഷം സീറോ അക്കാദമിക് വര്‍ഷമായി പ്രഖ്യാപിച്ചാല്‍ നിയമനം നടക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികള്‍.
വിവിധ ജില്ലകളില്‍ അധ്യാപകനിയമനം കാത്തിരിക്കുന്നവർ
•എല്‍.പി.എസ്.ടി - 489
•യു.പി.എസ്.ടി - 180
•എച്ച്.എസ്.എസ്.ടി - 245
•എച്ച്.എസ്:ടി മലയാളം - 62
•എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് - 82
•എച്ച്.എസ്.ടി മാത്തമറ്റിക്സ് - 19
•എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് - ഒമ്പത്
•എച്ച്.എസ്.ടി ഹിന്ദി - 29
•എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് - 32
•എച്ച്.എസ്.ടി ഇംഗ്ലീഷ് - മൂന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.