വൈക്കം: കൈയും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 12 വയസ്സുകാരൻ. കോതമംഗലം മാതിരപ്പള്ളി വെള്ളക്കാമറ്റം ബാബുവിന്റെയും ഡെനിലയുടെയും മകനും തൊടുപുഴ ഇൻറർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അസ്ഫർ അമിനാണ് ഈ ബാലപ്രതിഭ. ഒരു മണിക്കൂർ പതിനേഴ് മിനിറ്റുകൊണ്ട് കൈകാലുകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് ബുക്ക് ഓഫ് റെക്കോഡിലും ഇടംനേടി. രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽനിന്നാണ് സാഹസിക യജ്ഞത്തിന് തുടക്കം കുറിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ദലീമ ജോജോ എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നീന്തി വൈക്കം ബീച്ചിനു സമീപം കായൽ തീരത്ത് എത്തിയ അസ്ഫറിനെ കോച്ച് ബിജു തങ്കപ്പനും മാതാവ് ഡെനിലയും ചേർന്ന് സ്വീകരിച്ചു. കോതമംഗലം അക്വാട്ടിക് ക്ലബിന്റെ 14ാമത്തെ നീന്തൽ റെക്കോഡാണിത്. ബീച്ചിലെ സ്വീകരണ വേദിയിൽ എത്തിയപ്പോൾ ആന്റണി ജോൺ എം.എൽ.എ അസ്ഫറിന്റെ കൈകാലുകളുടെ ബന്ധനം അഴിച്ചുമാറ്റി. അനുമോദന യോഗത്തിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർപേഴ്സൻ സിന്ധു ഗണേശ്, വാർഡ് കൗൺസിലർ പ്രവീണ, മുൻനീന്തൽതാരം ജി.പി. സേനകുമാർ, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് സക്കറിയാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.