മഞ്ചേരി: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 48കാരന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 120 വര്‍ഷം കഠിന തടവും എട്ടു ലക്ഷം രൂപ പിഴയും വിധിച്ചു. വാഴക്കാട് ചെറുവായൂര്‍ പൊന്നാട് പാലച്ചോല രാജനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മൂന്നു വകുപ്പുകളിലും പോക്സോ ആക്ടിലെ ഒരു വകുപ്പിലുമായാണ് ശിക്ഷ. നാലു വകുപ്പുകളിലും 30 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.
പിഴയടക്കാത്തപക്ഷം ഓരോ വകുപ്പിലും മൂന്നു വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോംപെന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്കി.
2014 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ പ്രതി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ശാരിരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
കൊണ്ടോട്ടി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന കെ. ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന സണ്ണി ചാക്കോ, ബി. സന്തോഷ്, പി.കെ. സന്തോഷ്, എം.സി. പ്രമോദ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.
26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.