കോട്ടയം: കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി സർക്കാറിന് ഏറ്റെടുക്കാൻ പറ്റാതെ കിടക്കുന്നത് 35,960 ഏക്കർ ഭൂമി. 13 കേസിലാണ് ഇത്രയും ഭൂമി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഭൂരിഭാഗവും വമ്പൻ കുത്തകകളുടെ കൈവശമാണ്. ശബരിമല വിമാനത്താവളം ഉൾപ്പെടെ വികസന പദ്ധതികൾക്കും ഭൂമി കേസുകൾ തിരിച്ചടിയാണ്.
കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ഭൂമിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ. പാട്ടക്കാലാവധി കഴിയൽ, പാട്ടലംഘനം എന്നിവയുമായി ബന്ധപ്പെട്ടായതിനാൽ കേസിൽ അന്തിമവിധി വരാതെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. കോട്ടയം കാഞ്ഞിരപ്പള്ളി, എരുമേലി, സൗത്ത് മണിമല മേഖലയിൽ ഉൾപ്പെടുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസാണ് ശബരിമല വിമാനത്താവള നിർമാണത്തിന് തടസ്സം. ചെറുവള്ളി എസ്റ്റേറ്റിൽ ഉൾപ്പെട്ട 2263.80 ഏക്കർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് പാലാ സബ്കോടതിയിലാണെങ്കിൽ തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ 1398.08 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട കേസ് നെടുമങ്ങാട് സബ് കോടതിയിലാണ്. കൊല്ലം പുനലൂരിൽ സെന്റ് തോമസ് എജുക്കേഷനൽ സൊസൈറ്റിയുടെ 62 ഏക്കർ കേസ് പുനലൂർ സബ്കോടതിയിലും നെടുമങ്ങാട് സതേൺ ഫീൽഡിന്റെ 707.18 ഏക്കർ, ഇടുക്കിയിൽ ഹാരിസൺ മലയാളത്തിന്റെ 2451 ഏക്കർ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ദേവികുളം സബ്കോടതിയിലുമാണ്.
കൊല്ലം പുനലൂരിൽ ഹാരിസണിന്റെ 7588.83 ഏക്കർ, ജില്ലയിൽതന്നെ ഹാരിസണിന്റെ മറ്റൊരു 7.65 ഏക്കർ, കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഹാരിസണിന്റെ 1461.63 ഏക്കർ, കൊല്ലം പുനലൂരിലെ പ്രിയ പ്ലന്റേഷൻസിന്റെ 492.15 ഏക്കർ, കൊല്ലം പുനലൂരിൽ ട്രാവൻകൂർ റബർ ആൻഡ് ടീ കോ ലിമിറ്റഡിന്റെ 2699.39 ഏക്കർ, ഇടുക്കി പീരുമേട്, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ട്രാവൻകൂർ റബർ ആൻഡ് ടീ കോ ലിമിറ്റഡിന്റെ 7373.67 ഏക്കർ, പത്തനംതിട്ട ഹാരിസൺ മലയാളത്തിന്റെ 9293.74 ഏക്കർ, പുനലൂരിലെ റിയ റിസോർട്സ് ആൻഡ് പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ 206.51 ഏക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.