മരട്: മാന്‍ഹോളിലെ 13 ഗ്രില്ലുകൾ അഴിച്ചെടുത്ത് റെയില്‍പാളത്തില്‍ വെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അരൂര്‍-കുമ്പളം പാളത്തിനു സമീപമുള്ള നടപ്പാതയില്‍ സ്ഥാപിച്ച മാന്‍ഹോളുകളുടെ മൂടികളാണ് പാളത്തിനു മുകളില്‍ വെച്ചത്.
ചൊവ്വാഴ്ച രാത്രി 11 മണിക്കു ശേഷമാണ് സംഭവം നടന്നതെന്നാണ് വിലയിരുത്തല്‍. പുലര്‍ച്ചെ 1.30 ഓടെ ഇതുവഴിയെത്തിയ ട്രെയിന്‍ എന്‍ജിന്‍ ഒരു ഗ്രില്ലില്‍ കയറി ഇറങ്ങി. ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് എന്‍ജിന്‍ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ചില ഗ്രില്ലുകള്‍ക്കു മുകളിലൂടെ എന്‍ജിന്‍ കയറിയിറങ്ങിയെങ്കിലും ഫൈബറിൽ നിർമിതമായ ഇവ മുറിഞ്ഞുപോയതിനാല്‍ വന്‍ അപകടം ഒഴിവായി.
യാത്രക്കാരുമായുള്ള ട്രെയിന്‍ കടന്നുപോയിരുന്നുവെങ്കില്‍ വന്‍ അപകടത്തിനു സാധ്യതയുണ്ടായിരുന്നു. 13 ഫൈബര്‍ മൂടികളാണ് അഴിച്ചെടുത്ത് റെയില്‍വേ പാളത്തിനു മുകളില്‍ വെച്ചത്. അതുകൊണ്ടു തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
പനങ്ങാട് പൊലീസിന്‍റെ നേതൃത്വത്തില്‍ പൊലീസ് നായയെ കൊണ്ടുവന്നു പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പനങ്ങാട് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.