തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ഭരണാനുകൂലികളെ മാത്രം ഉൾപ്പെടുത്തി നോമിനേറ്റഡ് സിൻഡിക്കേറ്റ് രൂപവത്കരിക്കാനുള്ള ബില്ല് തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഗവർണറുടെ അനുമതിയില്ലാതെയാണ് ബില്ല് അവതരിപ്പിക്കുന്നത്. എക്സ് ഒഫിഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നോമിനേറ്റഡ് സിൻഡിക്കേറ്റിൽ ഉൾപ്പെടുത്താനാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സർവകലാശാല അധ്യാപകൻ, അഫിലിയേറ്റ് ചെയ്ത സർക്കാർ കോളജ് അധ്യാപകൻ, അഫിലിയേറ്റ് ചെയ്ത സർക്കാർ കോളജ് പ്രിൻസിപ്പൽ, എയ്ഡഡ് കോളജ് പ്രിൻസിപ്പൽ, എയ്ഡഡ് കോളജുകളിൽനിന്നുള്ള രണ്ട് അധ്യാപക പ്രതിനിധികൾ, സർക്കാർ/എയ്ഡഡ് കോളജിൽനിന്നുള്ള വിദ്യാർഥി പ്രതിനിധി, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ആറ് പ്രമുഖ വ്യക്തികൾ എന്നിങ്ങനെയാണ് നോമിനേഷനുള്ള മാനദണ്ഡം ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ ആറുപേരിലൊരാൾ വനിതയും ഒരാൾ പട്ടിക ജാതി/വർഗ വിഭാഗത്തിൽനിന്നുള്ള ആളുമായിരിക്കണം. തെരഞ്ഞെടുത്ത സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷാനുകൂലികളെ മാത്രം കുത്തിനിറച്ച് നോമിനേറ്റഡ് സിൻഡിക്കേറ്റ് കൊണ്ടുവരുന്നത്.
സർക്കാറിന്റെ സഞ്ചിതനിധിയിൽനിന്ന് അധിക തുക ചെലവാക്കേണ്ടതുണ്ടെന്ന് ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയതിനാൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുമതിവേണം. കത്ത് കഴിഞ്ഞയാഴ്ച സർക്കാർ കൈമാറിയെങ്കിലും ഗവർണർ അനുമതി നൽകിയിട്ടില്ല. അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരത്തിൽനിന്ന് ഗവർണറെ ഒഴിവാക്കുന്ന രീതിയിലാണ് ബില്ല്. അതിനാൽ ബില്ലിൽ ഗവർണർ ഒപ്പുവെക്കാനിടയില്ല.
നോമിനേറ്റഡ് സിൻഡിക്കേറ്റിനുള്ള ശ്രമത്തിനെതിരെ സർവകലാശാല സെനറ്റംഗം ഡോ. ഷിബി എം. തോമസ് ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കാനിരിക്കെയാണ് ഭേദഗതി നിയമം സഭയിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.