തിരുവനന്തപുരം: സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയ രാഘവനെ സി.പി.എമ്മിൻറെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. ആർ.എസ്.എസിനെ സന്തോഷിപ്പിക്കാൻ വർഗീയ വിഷം തുപ്പുകയാണ് വിജയരാഘവൻ ചെയ്തത്.
സി.പി.എം ആർ.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നു. അന്ധമായ മുസ് ലിം വിരുദ്ധതയുടേയും വെറുപ്പിൻറെയും ബഹിർസ്ഫുരണമാണ് വിജയ രാഘവനിലൂടെ പുറത്തുവന്നത്. സംഘപരിവാർ അണികളെ സന്തോഷിപ്പിക്കുന്നതിനുള്ള മത്സരമാണ് സി പി എം നേതാക്കർ നടത്തുന്നത്.
കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തി സമൂഹത്തിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങൾ സി.പി.എം അവസാനിപ്പിക്കണം. വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവൻ നടത്തിയത്. കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണം.
ഇടുക്കിയിൽ സഹകരണ സ്ഥാപനത്തിൽ നിന്ന് സ്വന്തം നിക്ഷേപം തിരിച്ചു കിട്ടാത്ത തിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കണം. സി.പി.എം നേതാക്കളാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
ഇരയോടൊപ്പം നിലക്കുന്നതായി ഭാവിക്കുകയും വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ട നിലപാടാണ് സി.പി.എം പതിവ് പോലെ ഈ കേസിലും സ്വീകരിച്ചിരിക്കുന്നത്. ഈ കള്ളത്തരം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കർഷകനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.