പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചു വില്ലേജുകളിലായി കേന്ദ്ര സർക്കാർ ഗ്രാമവികസന വകുപ്പ് വഴി അനുവദിച്ച 13.5 കോടിയുടെ നീർത്തട വികസന പദ്ധതിയിൽ ആറ് കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. പദ്ധതി നിർവഹണത്തിന് ഒരു വർഷം കൂടിയാണ് ഇനി അനുവദിച്ചു കിട്ടുക. അതിനുശേഷം ഒരു വർഷം പദ്ധതി മോണിറ്ററിങിനായി കണക്കാക്കും. മണ്ണ്, ജല സംരക്ഷണത്തിലും കാർഷിക പുരോഗതിയിലൂന്നിയുമാണ് തയാറാക്കി സമർപ്പിച്ച പദ്ധതികൾ. ഇതിനകം പൂർത്തിയാക്കിയ പദ്ധതികൾ അതത് സ്ഥലത്തെ ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തിലാണ്. ടെൻഡർ ചെയ്ത് നൽകരുതെന്നാണ് നിബന്ധനകളിലൊന്ന്.
ജലാശയ സംരക്ഷണത്തിനായി അധികവും തോടുകളുടെ തീരം കരിങ്കല്ലുപയോഗിച്ച് കെട്ടുന്ന പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. കുളം പുതിയത് നിർമിക്കൽ, നിലവിലുള്ളത് പുനരുദ്ധരിക്കൽ, വി.സി.ബി നിർമാണം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ തൈകളും വിത്തുകളും നൽകൽ, ഫലവൃക്ഷ തൈ വിതരണം തുടങ്ങിയവയാണ് ചെലവിട്ട ആറു കോടി രൂപയുടെ പദ്ധതിയിൽ ഇതിനകം ഉൾപ്പെട്ടത്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ട് മൂന്നു വർഷം പിന്നിട്ടു. വില്ലേജ് തല സമിതികളും അതത് പദ്ധതി പ്രദേശത്ത് യൂസർ ഗ്രൂപ്പ് എന്ന പേരിൽ ഗുണഭോക്തൃ സമിതികളും നിലവിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഈ സമിതികളുടെ മേൽനോട്ടത്തിലാണ് നടക്കേണ്ടതെന്ന് പദ്ധതിയുടെ മാർഗരേഖയിലുണ്ട്. പെരിന്തൽമണ്ണ ബ്ലോക്കിൽ രണ്ടു വില്ലേജും മങ്കട ബ്ലോക്കിൽ മൂന്നു വില്ലേജുമാണ് നീർത്തട വൃഷ്ടി പ്രദേശമായി ഉൾപ്പെടുന്നത്.
അങ്ങാടിപ്പുറം: തിരൂർക്കാട്, പരിയാപുരം, വലമ്പൂർ, മുള്ള്യാകുർശി എന്നീ പ്രദേശങ്ങളിൽ കേന്ദ്ര നീർത്തട പദ്ധതിയിൽ (പി.എം.കെ.എസ്.വൈ) പൂർത്തീകരിച്ച വിവിധ പ്രവൃത്തികളിൽ ആറെണ്ണം ഉദ്ഘാടനം നടത്തി. 1.3 കോടി ചെലവിട്ട് പൂർത്തിയാക്കിയ 26 പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക. ആറു പ്രവൃത്തികൾ വ്യാഴാഴ്ചയാണ് ഉദ്ഘാടനം നടത്തിയത്. നീർത്തട സംരക്ഷണ യാത്ര എന്ന പേരിൽ പ്രവൃത്തി പൂർത്തിയായ പ്രദേശങ്ങളിലെത്തി വിശദാംശങ്ങൾ ജനങ്ങളിലെത്തിച്ചാണ് ഉദ്ഘാടനം നടത്തിയത്. വെള്ളി, ശനി ദിവസങ്ങളിൽ ശേഷിക്കുന്ന 20 പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
കീഴാറ്റൂർ പഞ്ചായത്തിലെ കരുവാൻപാറ തോട് വി.സി.ബി, കീഴാറ്റൂരിലെ ആര്യമ്പാക്ക് കുളം നിർമാണം, അങ്ങാടിപ്പുറം വലമ്പൂരിലെ നെച്ചിത്തോട് ചിറ, വലമ്പൂർ പള്ളിത്തോട് പുളിയന്തോട് പ്രവൃത്തി, വലമ്പൂർ പാച്ചിരിക്കുളം പദ്ധതി എന്നിവ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. നീർത്തട സംരക്ഷണ യാത്രയെന്ന പേരിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും നിർവഹണ ഉദ്യോഗസ്ഥരും ഗുണഭോക്തൃ സമിതി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.