പി.എം.എ സലാം പറഞ്ഞത് ലീഗ് നിലപാടല്ല; സാദിഖലി തങ്ങൾക്കും അഭിപ്രായമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ജിഫ്രി മുത്തുകോയ തങ്ങൾക്കും സമസ്തക്കുമെതിരെ ഒളിയമ്പെയ്ത പി.എം.എ. സലാമിനെ തള്ളി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പി.എം.എ സലാം പറഞ്ഞത് ലീഗിന്‍റെ നിലപാടല്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഉമർ ഫൈസി മുക്കം പ്രസ്താവന നടത്തിയപ്പോഴും ലീഗ് എതിർത്തിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പി.എം.എ സലാം തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. വിഷയത്തെ കുറിച്ച് പാർട്ടി ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലക്കാട്ടെ സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ എന്നിവരെ കുറിച്ച് പറയുന്നതിനിടെയാണ് പി.എം.എ സലാം ജിഫ്രി തങ്ങൾക്ക് എതിരെ പരോക്ഷ പരാമർശം നടത്തിയത്. രാഹുൽ മങ്കൂട്ടത്തെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പോകുമ്പോൾ അദ്ദേഹത്തെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നു. ആരുടെ കൂടെയാണ് കേരളീയ മുസ്‍ലിം സമൂഹം എന്ന് വ്യക്തമായി അംഗീകരിക്കപ്പെട്ട ഒരു സാഹചര്യമാണ് ഇത് എന്നായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.

സരിൻ തെരെഞ്ഞെടുപ്പിന് മുൻപ് ജിഫ്രി തങ്ങളെ കണ്ടതും അനുഗ്രഹം നേടിയതിനും എതിരായ ഒളിയമ്പായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മുസ്‍ലിം സമുദായത്തെ പ്രധിനിധീകരിക്കുന്ന പത്രങ്ങൾ ഏതാണ് എന്നും ഈ തെരഞ്ഞെടുപ്പോടെ വ്യകതമായിരിക്കുകയാണ് എന്നും സുപ്രഭാതത്തിലും സിറാജിലും വന്ന പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു സലാം വ്യക്തമാക്കി. ഏതുപത്രം പറയുന്നതാണ് കേരളത്തിലെ മുസ്‍ലിം സമൂഹം അംഗീകരിക്കുന്നതെന്ന് കൂടി തെളിയിക്കപ്പെട്ട സാഹചര്യമാണ് എന്നും പി.എം.എ. സലാം പറഞ്ഞു.

അതേസമയം, പി.എം.എ സലാമിനും കെ.എം ഷാജിക്കുമെതിരെ വിമർശനവുമായി എസ്​​.വൈ.എസ്​ നേതാവ്​ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. സമസ്തയെയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് ഇവരുടെ മുഖ്യ തൊഴിലാണെന്ന് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു.

സമസ്ത അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നു. ലീഗ് നേതൃത്വത്തിൽ നുഴഞ്ഞു കയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം. ആര് ചതി പ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇവർക്കിതെന്ത് പറ്റി?

പി എം എസലാം, കെ.എം ഷാജി, ശാഫി ചാലിയം..... മുസ്ലിം ലീഗിന് ഇങ്ങിനെ ചില നേതാക്കളുണ്ട്. മറ്റു ചില വലിയ നേതാക്കളും ഉണ്ട്. ബഹു: സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ ഒന്ന് കൊട്ടുക. ഇതാണിവരുടെ മുഖ്യ തൊഴിൽ ' ആദരണീയനായ സമസ്തയുടെ അധ്യക്ഷനെ നിരന്തരം വേട്ടയാടുന്ന ഇവർ സമസ്തയിൽ നേതൃനിരയിലുള്ള മുഴുവൻ നേതാക്കളെയും ഉന്നംവെക്കുന്നു. പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആരും ഇവരുടെ ആക്രമന്നത്തിൽ നിന്ന് ഒഴിവല്ല. സമസ്തയുടെ ആദർശത്തോടാണ് ഇവർക്ക് അരിശം . ഇസ്ലാമിൻ്റെ ഒറിജിനൽ മാർഗമായ പരിശുദ്ധ സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കണം ഇതാണ് ഇവരുടെ ഹിഡൻ അജണ്ട.

സലഫികൾക്ക് സമസ്തയെ ആദർശപരമായി നേരിടാനാകില്ല' ഇക്കാര്യം അവർക്ക് നന്നായി അറിയാം. 98 വർഷം സലഫികൾ സമസ്തയെ തകർക്കാൻ ശ്രമിച്ചു. പക്ഷെ, സമസ്തക്കൊന്നും സംഭവിച്ചില്ല. എന്നാൽ സലഫികൾ സ്വയം തകർന്നു. സുന്നി ആദർശ പോരാളികളുടെ മിസൈലേറ്റ് അവർ ചിന്നഭിന്നമായി. അവരിപ്പോൾ ചേരിതിരിഞ്ഞ് പൊരിഞ്ഞതല്ലാണ്.

പുതിയ പരീക്ഷണത്തിലാണവർ. മുസ്ലിംലീഗ് നേതൃത്വത്തിൽ നുഴഞ്ഞ് കയറി പാർട്ടിസ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുക. പാർട്ടിയിൽ വലിയ എതിർപ്പില്ലെന്ന് കണ്ടപ്പോൾ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണ് അവർ.

ബഹു:ജിഫ്രി തങ്ങൾ തന്നെ സന്ദർശിക്കുന്ന എല്ലാരാഷ്ട്രീയ നേതാക്കളെയും സ്വീകരിക്കാരുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബഹു: തങ്ങളെ സന്ദർശിച്ച ഒരു സ്ഥാനാർത്ഥി പരാജയപ്പെട്ടതാണ് ഇപ്പോൾ തങ്ങളെ അവഹേളിക്കാൻ കാരണം.പല സ്ഥാനാർത്ഥികളും പല സയ്യിദുമാരെയും നേതാക്കളെയും ഇതിന് മുന്പും ഇപ്പോഴും സന്ദർശിച്ചിട്ടുണ്ട്. അവരെല്ലാം വിജയിക്കാറുണ്ടോ? ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാർത്ഥികൾ തങ്ങളെ സന്ദർശിച്ചാൽ ഒരാളല്ലേ വിജയിക്കു.

എന്താണിവർ പറയുന്നത്?! മുസ്ലിം സമൂഹത്തിൻ്റെ ആധികാരികരാഷ്ട്രീയ സംഘടനയെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്ന ഇവരിൽ പലരും മുമ്പ് മുസ്ലിം ലീഗിൻ്റെ എതിർ പക്ഷത്തായിരുന്നു. ചിലരാകട്ടെ, പാണക്കാട് തങ്ങൾ ആത്മീയ നേതാവല്ലെന്ന് പരസ്യ പ്രസ്താവന ഇറക്കിയവരും.

മുസ്ലിം ലീഗിൻ്റെയും സമസ്തയുടെയും പ്രവർത്തകർ ഇതെല്ലാം നോക്കികാണുന്നുണ്ട്. ഒരു കാര്യം ഓർക്കുക സമസ്ത ഔലിയാക്കൾ സ്ഥാപിച്ചതാണ്. ആര് ചതിപ്രയോഗം നടത്തിയാലും ശരി. അതിനൊന്നും സംഭവിക്കില്ല ഇ. അല്ലാഹ്.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

Tags:    
News Summary - PMA Salam's statement was not the League's position - PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.