ഹിയറിങിന് ഹാജരാകാത്ത ആറ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമീഷന്റെ സമൻസ്

തിരുവനന്തപുരം: ഹിയറിങ്ങിൽ ഹാജരാകാതിരുന്ന ആറ് ഓഫീസർമാർക്ക് സംസ്ഥാന വിവരാവകാശ കമീഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്.ച്ച്.ഒ എന്നിവർക്കുമാണ് സമൻസ്.

ഇവർ ഡിസംബർ 11 ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് ഹാജരാകണം. ഹിയറിങ്ങിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ സ്വീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ .എ.അബ്ദുൽ ഹക്കീം അറിയിച്ചു. പകരക്കാരായി എത്തിയ രണ്ടുപേരെ തിരിച്ചയച്ചു.

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതു രേഖാ നിയമ പ്രകാരം അഞ്ചു വർഷംവരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതു രേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്.

വിവരാവകാശ അപേക്ഷ ലഭിക്കുംവരേയും ഓഫീസിൽ ഉണ്ടായിരിക്കുന്ന ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമീഷൻറെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് മൊഴി നല്കിയത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നല്കണമെന്നും കമീഷൻ ഉത്തരവായി.

നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നല്കിയില്ല. ഉത്തരവാദിയായ ഓഫീസറെ കണ്ടെത്താൻപോലും കഴിയാത്തത്രയും നിരുത്തരവാദമാണ് നടക്കുന്നതെന്ന് ഹിയറിങ് വേളയിൽ കമീഷൻ അറിയിച്ചു.

Tags:    
News Summary - State RTI Commission summons six officials who did not appear for the hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.