ചട്ടം ലംഘിച്ച് 83 സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന് വിജിലൻസ്

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തുന്നതിനായി ഇന്നലെ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായടക്കം അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടർമാരും  നിബന്ധനകൾ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടര്‍ അറിയിച്ചു.

സർക്കാർ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ച മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരിൽ കോഴിക്കോട് ജില്ലയിൽ-എട്ട്, ആലപ്പുഴ-മൂന്ന്, തൃശ്ശൂർ-രണ്ട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതവും ആകെ 19 മെഡിക്കൽ കോളജ് ഡോക്ടർമാരാണ് വിജിലൻസ് പരിശോധനയിൽ കുടുങ്ങിയത്.  ആരോഗ്യ വകുപ്പിന്റെ കീഴിലെ 64 ഡോക്ടർമാർ- തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 10 വീതവും, കണ്ണൂർ-ഒമ്പത്, കാസർഗോഡ് - എട്ട്, കൊല്ലം- അഞ്ച്, പാലക്കാട്, കോഴിക്കോട്, വയനാട്-നാലു വീതവും, കോട്ടയം-മൂന്ന്, ഇടുക്കി, മലപ്പുറം-രണ്ട് വീതവും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒന്ന് വീതവും എന്നിങ്ങനെയാണ്  

വിവിധ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ കീഴിലെ ഡോക്ടർമാർ സർക്കാർ നിബന്ധനകൾക്കെതിരായി വീടുകൾ വാടകയ്ക്കെടുത്ത് സ്റ്റാഫുകളെ നിയമിച്ചും ലബോറട്ടറികൾ സജീകരിച്ച് വാണിജ്യ കെട്ടിടങ്ങളിലും വാടകക്കെടുത്തും മറ്റും സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന സ്ഥലങ്ങളിലുമാണ് മിന്നൽ പരിശോധന നടത്തിയത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ച് ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നാലിലൊന്ന് (25 ശതമാനം) അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ അധിക തുക കൈപ്പറ്റി കൊണ്ടുതന്നെ ഒരു വിഭാഗം മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി രഹസ്യ വിവരം വിജിലൻസിന് ലഭിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളുവെന്നും, സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്സിന്റെയോ, ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ലായെന്നും, സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ലായെന്നും മറ്റുമുള്ള നിബന്ധനകൾക്ക് വിധേയമായി സർക്കാർ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിരുന്നത്.

എന്നാൽ ഈ നിബന്ധനകൾ പാലിക്കാതെ ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഡോക്ടർമാർ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവ കണ്ടുപിടിക്കുന്നതിന് വിജിലൻസ് ഇന്നലെ വൈകീട്ട് നാലു മുതൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളിൽ “ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” എന്ന പേരിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനമൊട്ടാകെ വിജിലൻസ് 70 ടീമുകളായി തിരിഞ്ഞാണ് മിന്നൽ പരിശോധന നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.