തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി പ്രകാരം 200 കോടിയോളം രൂപ ഖജനാവിലെത്തിയതായി റവന്യൂ വകുപ്പ്. വിവിധ റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ ലഭിച്ച 2,12,169 അപേക്ഷകളിൽ 96.41 ശതമാനവും തീർപ്പാക്കിയതുവഴിയാണ് ഈ തുക ലഭിച്ചത്. 7619 അപേക്ഷകൾ മാത്രമാണ് ഇനി ഓഫ് ലൈനായി തീർപ്പാക്കാനുള്ളത്. ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ 1.92 ലക്ഷം എണ്ണത്തിൽ തീർപ്പാക്കാനുണ്ട്. ഓരോ ദിവസവും ശരാശരി 500 അപേക്ഷകൾ പുതുതായി സമർപ്പിക്കപ്പെടുന്നുമുണ്ട്. ആറുമാസം കൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണമായും തീർപ്പാക്കുകയാണ് ലക്ഷ്യം.
ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ പ്രത്യേക കർമ പദ്ധതി തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിലേക്ക് ഉടൻതന്നെ സബ് കലക്ടര്‍മാരുടെയും ആർ.ഡി.ഒമാരുടെയും യോഗം വിളിക്കും.നേരത്തെ പട്ടയ വിതരണം വേഗത്തിലാക്കാനുള്ള പദ്ധതി തയാറാക്കാനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി കെ. രാജൻ വിളിച്ചിരുന്നു.
ഈ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടയവിതരണം ഊര്‍ജിതമാക്കിയത്. അതേ മാതൃകയാണ് ഭൂമി തരംമാറ്റ അപേക്ഷകളിലും കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നത്. നേരിട്ട് ലഭിച്ച അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക പദ്ധതി പ്രകാരം താൽക്കാലിക അടിസ്ഥാനത്തില്‍ 990 ക്ലർക്കുമാരെ നിയോഗിച്ചിരുന്നു.
നിലവില്‍ ഇവരുടെ സേവനം ആറുമാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളടക്കം കൂടുതല്‍ സംവിധാനങ്ങളൊരുക്കുന്നതും പരിഗണനയിലുണ്ട്. ആർ.ഡി.ഒമാരാണ് നിലവില്‍ ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പാക്കുന്നത്.ഇവരുടെ കൂടി അഭിപ്രായങ്ങളില്‍ സ്വീകരിക്കാവുന്നത് ക്രോഡീകരിച്ചാകും അന്തിമ തീരുമാനമെടുക്കുക.
മുമ്പ് നേരിട്ടുള്ള അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ കെട്ടിക്കിടന്ന ഫോര്‍ട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലാണ് ഓണ്‍ലൈന്‍ അപേക്ഷകളും ഏറ്റവുമധികം കെട്ടിക്കിടക്കുന്നത്. ഇവിടെ 23,468 അപേക്ഷകളാണ് ബാക്കിയുള്ളത്. അപേക്ഷകൾ മുൻഗണനക്രമം നിശ്ചയിച്ചാണ് തീർപ്പാക്കുന്നത്. നിയമപരമായി തടസ്സമില്ലാത്ത അപേക്ഷകളെല്ലാം കാലതാമസം കൂടാതെ തീർപ്പാക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.