സന്ദീപ് വാര്യർ

‘ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം അഭിനയം’; സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്നുവെന്നും സന്ദീപ് വാര്യർ

പാലക്കാട്: ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും യഥാർഥ ബി.ജെ.പി എന്താണെന്ന് നല്ലേപ്പള്ളിയിലെ സംഭവം കാണിച്ചുതരുന്നുവെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിയുടേത്. സാമുദായിക സൗഹാർദം തകർത്ത് വോട്ടു നേടാനുള്ള ശ്രമം ഏറെക്കാലമായി ബി.ജെ.പി നടത്തിവരുന്നുണ്ട്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഉത്തമ ദൃഷ്ടാന്തമാണ് നല്ലേപ്പള്ളിയിലേതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

“ഒരു വശത്ത് ബി.ജെ.പിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി പോകുമ്പോൾ, മറുവശത്ത് ക്രൈസ്തവരെ ആക്രമിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിക്കുന്നത്. ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിയുടേത്. ഒരു സ്കൂളിൽ കുട്ടികൾ സംഘടിപ്പിച്ച കരോളിനെ പോലും ആക്രമിക്കാനുള്ള ശ്രമം, കേരളത്തിലെ സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിടുന്നതാണ്.

സംസ്ഥാന അധ്യക്ഷൻ പോലും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. നേരത്തെ തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയ ബി.ജെ.പി പ്രവർത്തകരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം ബി.ജെ.പി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളുകളാണ് ഇപ്പോൾ അറസ്റ്റിലായത്. സാമുദായിക സൗഹാർദം തകർത്ത് വോട്ടു നേടാനുള്ള ശ്രമം ഏറെക്കാലമായി ബി.ജെ.പി നടത്തിവരുന്നുണ്ട്.

ഇതിനായി ബോധപൂർവം നുണ പ്രചാരണം നടത്തുന്നു. ഹിന്ദുഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രത്തിനു പകരം മകര നക്ഷത്രം നടത്തണമെന്ന പ്രചാരണത്തിനു പിന്നിൽ പാർട്ടി അധ്യക്ഷനുമായി അടുപ്പമുള്ള ഒരു വനിതയാണ്. വാസ്തവത്തിൽ എന്തോണോ ബി.ജെ.പി, അതാണ് പാലക്കാട് കണ്ടത്. ഞാൻ നേരത്തെ പറഞ്ഞ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഉത്തമ ദൃഷ്ടാന്തമാണ് നല്ലേപ്പള്ളിയിലേത്. യഥാർഥ ബി.ജെ.പി എന്താണെന്ന് നല്ലേപ്പള്ളി കാണിച്ചുതരുന്നു” -സന്ദീപ് വാര്യർ പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വി.എച്ച്.പി തടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ക്രിസ്മസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ എത്തിയത്. ഇവര്‍ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവരിൽ കെ. അനില്‍കുമാര്‍, വി. സുശാസനന്‍ എന്നിവർക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു.

Tags:    
News Summary - Sandeep Varier accuses BJP on disturbing communal harmony in light of Nalleppalli incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.